VIDEO: 'ക്വാറന്റൈന്‍ കാലത്തെ 'കാക്കത്വം'



തൃശൂര്‍> കാക്കകള്‍ മറ്റു പക്ഷികളില്‍ നിന്ന് വ്യത്യസ്തം. അവ അപകടം വരുമ്പോള്‍ കൂട്ടുകാരെ വിളിച്ചുവരുത്തും. ഭക്ഷണ സ്ഥലത്തും ഒത്തുകൂടും.  കോവിഡ് പിടിമുറുക്കുന്ന കാലത്ത് സംഘബോധത്തിന്റെ പ്രസക്തി വിളിച്ചോതുകയാണ് 'ക്വാറന്റൈന്‍ കാലത്തെ കാക്കത്വം' എന്ന ലഘുചിത്രം. കോവിഡ് കാലത്ത്  നിരീക്ഷണത്തില്‍ കഴിയവെ മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റും ചിത്രകാരനുമായ പി എസ് വിനയന്‍ രൂപപ്പെടുത്തിയതാണീ ലഘുചിത്രം. മൂന്നു മിനിറ്റും 15 സെക്കന്‍ഡുമുള്ള ചിത്രം മന്ത്രി എ സി മൊയ്തീന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ റീലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരങ്ങള്‍ പങ്കിട്ടു.    മുറിക്കുള്ളില്‍ കറങ്ങുന്ന ഫാനില്‍നിന്നുമാണ് തുടക്കം. ഇത് ആരോഗ്യ പ്രവര്‍ത്തകരുടെ മഹാ സേവനത്തിന്റെ സൂചകമാണ്. അടച്ചിട്ട വാതിലും മാസ്‌കും സാനിറ്റൈസറും പ്രതിരോധമാണ്. പുസ്തകക്കൂട്ടുകള്‍ ശാസ്ത്രീയതയുടെ മുന്നോട്ടുപോക്കും. മഹാമാരിക്കൊപ്പം വര്‍ഗീയതയും ഫാസിസവും ഉണങ്ങിയ മരക്കമ്പുകളായി പാഞ്ഞെത്തുന്നു. ഹിറ്റ്ലറുടെ മുഖങ്ങളില്‍ അരിക്കുന്ന ഉറുമ്പിന്‍കൂട്ടം ലോകമഹായുദ്ധങ്ങളെപ്പോലെ ശവങ്ങളുടെ പ്രതീകമാവുന്നു. പ്രതീക്ഷയുടെ ചിഹ്നമായി മാര്‍ക്‌സിന്റെ ചിത്രം തെളിയുന്നതിന് തൊട്ടുപിന്നാലെ ജനലിനപ്പുറം കറുത്തവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും ശബ്ദമായി കാക്കകളുടെ സംഘംചേരല്‍. കിട്ടിയ ഭക്ഷണം അവശനായ കാക്കയ്ക്കും പങ്കുവയ്ക്കുന്നു. കോവിഡിനൊപ്പം രാഷ്ട്രീയ- വര്‍ഗീയ വൈറസുകളുടെ വിനാശത്തിനായി കാക്കത്വംപോലെ സംഘബോധം ഉയരണമെന്ന ആശയമാണ് ചിത്രം പങ്കുവയ്ക്കുന്നത്.    തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജില്‍നിന്ന് ബിരുദം നേടിയിട്ടുള്ള വിനയന്‍ സ്വന്തം മൊബൈല്‍ ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ വിഷ്വല്‍ മീഡിയ വിദ്യാര്‍ഥിയായ മകന്‍ ജീവന്‍ഘോഷാണ് എഡിറ്റിങ്ങും ശബ്ദമിശ്രണവും നിര്‍വഹിച്ചത്.     Read on deshabhimani.com

Related News