ഇറ്റ്ഫോക് 2020ൽ 19 നാടകം



തൃശൂർ കേരള സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവം (ഇറ്റ്ഫോക് 2020) തിങ്കളാഴ്ച തുടങ്ങും. 29 വരെ നടക്കുന്ന നാടകോത്സവത്തിൽ വിദേശത്തുനിന്നുള്ള  നാടകങ്ങളുൾപ്പെടെ 19 നാടകങ്ങൾ അരങ്ങേറുമെന്ന് അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്താരാഷ്ട്ര വിഭാഗത്തിൽ ഓസ്ട്രേലിയ, യുകെ, ഇറാൻ, ബ്രസീൽ, നോർവേ, പോളണ്ട് എന്നീ രാജ്യങ്ങളിൽനിന്നായി ഏഴു നാടകങ്ങളും ദേശീയവിഭാഗത്തിൽ ബംഗളൂരു, ഹൈദരാബാദ്, ഭോപാൽ, ഗോവ, ജയ്പുർ, പുണെ എന്നിവിടങ്ങളിൽനിന്നായി ആറു നാടകങ്ങളുമുണ്ട്. ആറു  മലയാള നാടകങ്ങളും അരങ്ങേറും. ബ്രസീലിലെ കംപാനിയ മുൻഗുസ തിയറ്ററിന്റെ സിൽവർ എപിഡെമിക് ആണ് ഉദ്ഘാടന നാടകം. മുരളി ഓപ്പൺ എയർ തിയറ്ററിൽ തിങ്കളാഴ്ച രാത്രി ഏഴിനാണ് അവതരണം. വൈകിട്ട് അഞ്ചിന് അക്കാദമി അങ്കണത്തിൽ മന്ത്രി എ കെ ബാലൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. നാടകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അമ്മന്നൂർ പുരസ്കാരം മുതിർന്ന നാടകനിരൂപക ശാന്ത ഗോഖലേക്കു മന്ത്രി  സമ്മാനിക്കും. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.  അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിത അധ്യക്ഷയാകും. മന്ത്രി വി എസ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.  മന്ത്രിമാരായ എ സി മൊയ്തീൻ ഫെസ്റ്റിവൽ ബുള്ളറ്റിന്റെയും സി രവീന്ദ്രനാഥ് ഫെസ്റ്റിവൽ പുസ്തകത്തിന്റെയും പ്രകാശനം നിർവഹിക്കും. ഫെസ്റ്റിവൽ ഡയറക്ടർ അമിതേഷ് ഗ്രോവർ ആമുഖപ്രഭാഷണം  നടത്തും.   വൈകിട്ട് നാലിന് അക്കാദമിമുറ്റത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണനും സംഘവും   സപ്തമദ്ദള കച്ചേരി അവതരിപ്പിക്കും. ഓൺലൈൻ ടിക്കറ്റ്  http\theatrefestival.comഎന്ന വെബ്സൈറ്റിൽ ലഭിക്കും. ഓരോ നാടകം ആരംഭിക്കുന്നതിന് അരമണിക്കൂർ മുമ്പ് ബോക്സ് ഓഫീസിലൂടെയും ടിക്കറ്റുകൾ ലഭിക്കും. ദിവസവും സെമിനാറുകൾ, പെർഫോമൻസ് പോയട്രി,  സിനിമാ പ്രദർശനം എന്നിവയുമുണ്ടാകും. 29ന് വൈകിട്ട് അഞ്ചിന് സമാപന പ്രഭാഷണം ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് നിർവഹിക്കും. അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, ഫെസ്റ്റിവൽ കോ–ഓർഡിനേറ്റർ ജലീൽ ടി കുന്നത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News