മാനസിക സംഘർഷങ്ങളുടെ നേര്‍ക്കാഴ്‌ചയുമായി കെ ആർ രമേശിന്റെ ‘ഫോളെൻ ഫ്ലവർ’



കെ ആർ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഏകാംഗനാടകം ‘ഫോളെൻ ഫ്ലവർ’ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സോളോ ഫെസ്റ്റിവലിൽ അരങ്ങേറി. സിനിമ–സീരിയൽ താരം കിരൺ അരവിന്ദാക്ഷനായിരുന്നു കഥാപാത്രത്തെ അവതരിപ്പിച്ചത്. മുളന്തുരുത്തി ആല ബദൽ കൾച്ചറല്‍ സെന്ററായിരുന്നു വേദി. എത്ര വലിയവൻ ആയിരുന്നാലും എത്രയേറെ ചിന്താശേഷി ഉണ്ടെങ്കിലും പുരോഗമനവാദിയെങ്കിലും ചില നിമിഷങ്ങളിൽ നിങ്ങൾ അന്ധവിശ്വാസങ്ങളിൽ പെട്ടുപോകും. അതു നിങ്ങളുടെ മനസിന്റെ സമനിലക്ക് തകരാറുണ്ടാക്കും. സ്വബോധത്തിനായി നിങ്ങളുടെ ബോധ മനസ്സ് വളരെയേറെ പണിപ്പെടും. അതോടെ നിങ്ങളിൽ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നല്ലവനായ നടൻ പ്രതികരിച്ചു തുടങ്ങും. എന്നാൽ അതു വകവയ്ക്കാതെ നിങ്ങൾ ആ വിശ്വാസത്തിൽ തുടരും. ഈ സാഹചര്യത്തിൽ നിങ്ങൾ വ്യക്തിത്വം നഷ്ടപ്പെട്ട്, മറ്റാരാലോ ചലിപ്പിക്കപ്പെട്ട് അപകടത്തിലാവുകയും ചെയ്യാം. അപ്പോഴും തന്റെ ഭാഗ്യത്തിന്റെ അടയാളമായ വലതു കൈവെള്ളയിലെ ചൊറിച്ചിൽ അയാൾ ജീവിതാന്ത്യം വരെ തുടർന്നു കൊണ്ടേയിരിക്കും. ഈയൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തിയുടെ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് ഈ ഏകപത്ര നാടകത്തിൽ ആവിഷ്കരിക്കുന്നത്. കാഴ്ചക്കാരുടെ ഹൃദയത്തിലേക്ക് തീവ്രമായി ഇറങ്ങിച്ചെല്ലുന്ന വിധത്തിലാണ് കെ.ആർ രമേശ് നടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആത്മസംഘർഷങ്ങളിൽ വലയുന്ന കഥാപാത്രത്തെ മികവുറ്റതാക്കാൻ കിരണിനായി. കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും നാടകത്തിൽ ബിരുദാനന്തര ബിരുദം നേടിയ കിരൺ ഇപ്പോൾ സിനിമ–സീരിയൽ രംഗത്ത് സജീവമാണ്. ഗിന്നസ് റെക്കോർഡ് നേടിയ വയലിന്‍ കലാകാരൻ എം.എസ് വിശ്വനാഥ് ഒരുക്കിയ തത്സമയ പശ്ചാത്തല സംഗീതം നാടകത്തിന്റെ ഭാവങ്ങളെ തീവ്രത ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് സഹായകരമായി. അനൂപ് പൂനെ ആണ് ലൈറ്റ് ഡിസൈനും എക്സിക്യൂഷനും. നാടകം നിരൂപക പ്രശംസ നേടുന്നതിന്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ.   Read on deshabhimani.com

Related News