'നൊണ' പറയാന്‍ അവരെത്തുന്നു



ആവര്‍ത്തിച്ചുറപ്പിക്കുന്ന കെട്ടുകഥകള്‍ കോര്‍ത്തുകെട്ടി 'നൊണ' അരങ്ങിലേക്ക്. കുട്ടിക്കാലം മുതല്‍ കേട്ടുതുടങ്ങുന്ന നുണക്കഥകള്‍ കാലാന്തരത്തില്‍ വളര്‍ന്നുവലുതാകുന്നതും നാട്ടിന്‍പുറത്തിന്റെ നന്മകളുള്ള നൊണകള്‍ നാഗരികതയുടെ കാപട്യമുള്ള നൊണകളിലേക്ക് വഴിമാറുന്നതുമായ പുതിയ കാലഘട്ടത്തിന്റെ കഥയാണ് നാടകരൂപത്തില്‍ വേദിയിലെത്തുന്നത്. കൊടുവള്ളി കേന്ദ്രീകരിച്ച് പുതിയതായി രൂപംകൊണ്ട ബ്ളാക്ക് തിയറ്ററിന്റെ പ്രഥമ നാടകമാണ് നൊണ. നാടകം 30ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ അരങ്ങേറും. ഭരണകൂടവും ഫാസിസ്റ്റുകളും പലരൂപത്തില്‍ ജനങ്ങളിലാകെ പിടിമുറുക്കുന്നതിന്റെ കാഴ്ചകളാണ് 'നൊണ' അരങ്ങിലെത്തിക്കുന്നത്. നിലവിലെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തെ ഒരു സാധാരണ കുടുംബത്തിന്റെ വീട്ടുമുറ്റത്ത് നടക്കുന്ന സംഭവ വികാസങ്ങളിലൂടെ അവതരിപ്പിക്കുകയാണ് നാടകം ചെയ്യുന്നത്. തികച്ചും കേരളീയ ഗ്രാമാന്തരീക്ഷത്തില്‍ നിന്നുകൊണ്ട് കഥ പറയുന്ന നാടകം, പല രൂപത്തില്‍ വീട്ടുമുറ്റത്തേക്ക് കടന്നുവരുന്ന ഫാസിസ്റ്റ് ശക്തികളെയും അതിനെ പ്രതിരോധിക്കുന്ന സാധാരണക്കാരന്റെയും ജീവിത യാഥാര്‍ഥ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് ജിനോ ജോസഫ് ആണ് നൊണയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രാജ്യത്താകെ ശ്രദ്ധപിടിച്ചുപറ്റിയ നാടകങ്ങളായ മത്തി, കാണി, ആരാച്ചര്‍, ചിരി തുടങ്ങിയ നാടകങ്ങളുടെ സംവിധായകനായ ജിനോ ജോസഫ് നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫാസിസത്തെപ്പറ്റി പറയുമ്പോഴും അതിനെ നാടന്‍ പ്രയോഗങ്ങളിലൂടെ സാധാരണക്കാരിലേക്ക് എത്തിക്കാനാണ് നാടകത്തിലൂടെ ശ്രമിക്കുന്നതെന്ന് ജിനോ ജോസഫ് പറഞ്ഞു. കലയ്ക്കും രംഗ സജ്ജീകരണത്തിനും എറ്റവും ആധുനിക സാങ്കേതിക വിദ്യകളാണ് നാടകത്തില്‍ ഉപയോഗിക്കുന്നത്. കൊടുവള്ളി ബ്ളാക്ക് തിയ്യറ്റേഴ്സിന്റെ പ്രഥമ നാടകത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ജിനോ പറഞ്ഞു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തിന്റെ സഹസംവിധാനം സുധി പാനൂരും കലാസംവിധാനം ഹരിപ്രസാദുമാണ് നിര്‍വഹിക്കുന്നത്. മിഥുന്‍ മുസാഫര്‍, എ കെ ഷാജി, അനില്‍കുമാര്‍, ഹരിഹരന്‍ പണിക്കര്‍, കെ കെ അരുണ്‍, അനഘ് കക്കോത്ത്, നീതു, അശ്വതി ശബരീശന്‍ തുടങ്ങിയ 25 ഓളം കലാകാരന്മാരാണ് നാടകത്തില്‍ വേഷമിടുന്നത്. രണ്ടുമാസക്കാലത്തോളമായി കൊടുവള്ളി വാരിക്കുഴിത്താഴം കേന്ദ്രീകരിച്ചാണ് പരിശീലന ക്യാമ്പ്. ടാഗോര്‍ ഹാളില്‍ കളിക്കുന്ന നാടകത്തിന്റെ പ്രവേശനം പാസ് മുഖേന നിയന്ത്രണവിധേയമാണ്. ഫോണ്‍: 8281733004, 8281727404, . സ്വര്‍ണ നഗരിയില്‍ ബ്ളാക്ക് തിയറ്റര്‍ പ്രൊഫഷണല്‍ നാടകരംഗത്തേക്ക് പ്രാദേശിക കലാകാരന്മാരെ കൈപിടിച്ചുയര്‍ത്താന്‍ കൊടുവള്ളിക്ക് സ്ഥിരമായൊരു നാടകസംഘം എന്ന സ്വപ്നമാണ് ബ്ളാക്ക് തിയറ്ററിലൂടെ യാഥാര്‍ഥ്യമാകുന്നത്. കൊടുവള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും കലാ-സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക രംഗത്തുള്ളവരെയെല്ലാം പങ്കാളികളാക്കിയാണ് നാടക തിയേറ്ററിന് രൂപം നല്‍കിയിരിക്കുന്നത്. സിപിഐ എം ഏരിയാ കമ്മിറ്റിയംഗം കെ ബാബു കണ്‍വീനറും മുന്‍ ഇന്ത്യന്‍ വോളിബോള്‍ നായകന്‍ കിഷോര്‍കുമാര്‍ ചെയര്‍മാനും ഒ പുഷ്പന്‍ ട്രഷററും പി പ്രദീപ് മാനേജരുമായ 19 അംഗ കമ്മിറ്റിയാണ് തിയേറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ ആഗസ്ത് 20ന് കൊടുവള്ളിയില്‍ നടന്ന ചടങ്ങില്‍ പി ടി എ റഹീം എംഎല്‍എയാണ് നാടക തിയറ്റര്‍ ഉദ്ഘാടനംചെയ്തത്. സിനിമ - നാടക പ്രവര്‍ത്തകനായ മുഹമ്മദ് പേരാമ്പ്രയാണ് ആദ്യ നാടകത്തിന്റെ പേര് അനൌണ്‍സ് ചെയ്തത്. കെ ടി മുഹമ്മദും പി എം താജുമെല്ലാം അരങ്ങുവാണ കോഴിക്കോടിന്റെ നാടകലോകത്ത് പുതിയ കാല്‍വെപ്പിനൊരുങ്ങുകയാണ് ഒരുകൂട്ടം കലാകാരന്മാര്‍. നാടക പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനേട്ടങ്ങള്‍ കൈവരിച്ച സംവിധായകന്‍ ജിനോ ജോസഫിലൂടെ അരങ്ങില്‍ പുതിയ ഭാവുകത്വം സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബ്ളാക്ക് തിയറ്റേഴ്സ്.   Read on deshabhimani.com

Related News