ജലച്ചായത്തിന്‍റെ നുറുങ്ങുകള്‍ പകര്‍ന്ന് നല്‍കി ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പരിശീലന കളരി



കൊച്ചി>  ജലച്ചായത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചിത്രകലയെ ഗൗരവമായി കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കി നല്‍കുന്നതായിരുന്നു ബിനാലെ നാലാം ലക്കത്തിലെ ആര്‍ട്ട് റൂമില്‍ സംഘടിപ്പിച്ച പരിശീലന കളരി. കുട്ടികളിലെ കലാഭിരുചി വര്‍ധിപ്പിക്കുന്നതിനായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന ആർട്ട് ബൈ ചില്‍ഡ്രിന്‍ പദ്ധതിയുടെ ഭാഗമായാണ് ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡില്‍ ആര്‍ട്ട് റൂം തുടങ്ങിയത്. പ്രശസ്ത ചിത്രകാരനായ സുനില്‍ ലിനസ്ഡിയാണ് ജലച്ചായ ചിത്രരചനയെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസുകളെടുത്തത്. ഏതു കലാസൃഷ്ടിയായാലും അതിന്റെ പൂര്‍ണരൂപം ചിത്രം പോലെ തന്നെ മനസില്‍ ഉണ്ടാകണമെന്ന് സുനില്‍ പറഞ്ഞു. അവസാന മിനുക്കു പണിയില്‍ ചെറിയ മാറ്റങ്ങളാകാം. പക്ഷെ ആദ്യം മനസില്‍ നിര്‍ണയിച്ച പ്രമേയത്തെ തന്നെ മാറ്റുന്നതാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തോപ്പുംപടി സെ. സെബാസ്റ്റ്യന്‍സ് എച്ച‌്എസ്എസ്, കാല്‍വതി എച്ച‌്എസ്എസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഹോംസ്കൂള്‍ കുട്ടികളുമാണ്(വീട്ടിലിരുന്ന വിദ്യാഭ്യാസം നടത്തുന്ന) പരിശീലന കളരിയില്‍ പങ്കെടുക്കാനെത്തിയത്. നിറങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അവയുടെ ഗാഢത കൂട്ടുന്നതും കുറയ്ക്കുന്നതുമെല്ലാം സസൂക്ഷ്മമം ശ്രദ്ധിക്കണമെന്ന് സുനില്‍ പറഞ്ഞു. വെയിലടിക്കുമ്പോള്‍ നിറങ്ങള്‍ക്ക് മാറ്റം വരും. അതിനാല്‍ നിറം മിശ്രണം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം.  കലാഭിരുചിയുള്ള കുട്ടികള്‍ക്കും നന്നായി ചിത്രം വരയ്ക്കുന്ന മുതിര്‍ന്നവര്‍ക്കും രചനയിലെ ഇത്തരം സൂക്ഷ്മമായ കാര്യങ്ങള്‍ അറിയില്ലെന്ന് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പ്രോഗ്രാം മാനേജര്‍ ബ്ലെയിസ് ജോസഫ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ കൂടി പഠിക്കുന്നതോടെ കലാവാസന ക്രിയാത്മകമായി വളര്‍ത്താന്‍ കുട്ടികള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News