ബിനാലെ രാജ്യത്തിന്റെയും കേരളത്തിന്റെയും സമ്പത്തായി കണ്ട‌് ധനസഹായവും സൗകര്യവും നല്‍കണം: ഗവര്‍ണര്‍



കൊച്ചി> കൊച്ചി- മുസിരിസ് ബിനാലെയെ  രാജ്യത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ സമ്പത്തായി കണക്കാക്കി സാമ്പത്തികമായ പരിഗണന നല്‍കണമെന്നും മറ്റു തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും  ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. കേരളത്തിലെ ഓരോരുത്തരും പ്രത്യേകിച്ച് ചരിത്ര വിദ്യാര്‍ഥികള്‍ ബിനാലെ കണ്ടിരിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. നമ്മുടെ പൂര്‍വികരുടെ പ്രാധാന്യവും അവരുടെ വിജ്ഞാനവും എന്താണെന്ന് അറിയാന്‍ വേണ്ടിയാണിത്. ഒരു ദിനം മുഴുവനെടുത്തു മാത്രമെ ബിനാലെ കാണാന്‍ കഴിയുകയുള്ളുവെന്ന് ബിനാലെ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ കലയുടെ ആവിഷ്കാരം എന്താണെന്നത് ഒറ്റ വാചകത്തില്‍ പറയാനാവില്ല. ജനാധിപത്യ സംവിധാനത്തില്‍ കലയുടെ പ്രാധാന്യം ഒട്ടും ചെറുതുമല്ല.  കലാസമ്പത്ത്  നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും ബിനാലെ സംഘാടകരെയും ഞാന്‍ അഭിനന്ദിക്കുന്നു. സമകാലീന കലാമേളയെ ആഗോള പ്രാധാന്യമുള്ള തരത്തില്‍ സുസ്ഥിരമായി നിലനിര്‍ത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും സംഘാടകരുമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ബിനാലെയ്ക്ക് ആവശ്യമായ ധനസഹായവും മറ്റു സൗകര്യങ്ങളും നല്‍കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.  Read on deshabhimani.com

Related News