ആര്‍ട് റൈസസ് ഫോര്‍ കേരള: നവകേരള സൃഷ്ടിക്കായി കലാസൃഷ്ടികളുടെ ലേലത്തിലൂടെ 3.2 കോടിരൂപ സമാഹരിച്ചു



കൊച്ചി> സമകാലീന കലാസൃഷ്ടികളുടെ തത്സമയ ലേലത്തിലൂടെ ആര്‍ട് റൈസസ് ഫോര്‍ കേരള (എആര്‍കെ) നവകേരള  സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3.2 കോടി രൂപ സമാഹരിച്ചു. സാഫ്റോണാര്‍ട്ടും കൊച്ചി ബിനാലെ ഫൗണ്ടേഷനും സംയുക്തമായി കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാട്ടില്‍ സംഘടിപ്പിച്ച ലേലത്തില്‍ മുന്‍നിര ഇന്ത്യന്‍ കലാകാരന്‍മാരും ഗാലറിക്കാരും കലാവസ്തുക്കള്‍ ശേഖരിക്കുന്നവരും സംഭാവന ചെയ്ത 42 കലാസൃഷ്ടികളാണ്  അണിനിരത്തിയത്. മുഴുവന്‍ കലാസൃഷ്ടികളും വില്‍പ്പനയായി. അനീഷ് കപൂറിന്റെ 'അണ്‍ടൈറ്റില്‍ഡ്' (2018) എന്ന  നീല ക്യാന്‍വാസില്‍ മരപ്പശകൊണ്ടുള്ള കലാസൃഷ്ടി 1.3 കോടിരൂപയ്ക്കാണ് ലേലം കൊണ്ടത്. മാര്‍ച്ച് 29 വരെ നടക്കുന്ന കൊച്ചി മുസ്സിരിസ് ബിനാലെയുടെ നാലാം പതിപ്പിന്  പ്രധാനമായും സഹായം ലഭിക്കുന്നത് കേരള സര്‍ക്കാരില്‍ നിന്നാണെന്നും നവകേരള സൃഷ്ടിക്കായി കലാസമൂഹത്തെ ഒത്തൊരുമിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്നും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ‌് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കലാവസ്തുക്കള്‍ ശേഖരിക്കുന്ന ഇന്ത്യയിലെ പ്രമുഖര്‍ക്കൊപ്പം കേരളത്തിലെ പുത്തന്‍ തലമുറയിലുള്ളവരും ഈ ദൗത്യത്തില്‍ ഭാഗഭാക്കായി. ഇത്തരം പ്രവണത ഇവിടെയുള്ള കലാന്തരീക്ഷത്തിന് കരുത്തേകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനാണ് ഒരിക്കല്‍കൂടി കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതെന്ന് സാഫ്റോണാര്‍ട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ദിനേശ് വസിറാനി പറഞ്ഞു.  ലേലത്തിന് കലാസൃഷ്ടികള്‍ സംഭാവന ചെയ്ത കലാസമൂഹത്തോട് അദ്ദേഹം നന്ദി പറഞ്ഞു. പ്രമുഖ കലാകാരന്‍മാരുടെ കലാസൃഷ്ടികളുടെ ലേലത്തിലൂടെ  സമാഹരിച്ച തുക  നവകേരള സൃഷ്ടിക്കായി സംഭാവന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.  ലേലത്തിനായി കലാസൃഷ്ടികള്‍ സംഭാവന ചെയ്ത കലാപ്രതിഭകള്‍ക്ക് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി വി സുനില്‍ നന്ദി പ്രകാശിപ്പിച്ചു. നല്ല സഹകരണത്തിനായി സാഫ്റോണാര്‍ട്ടിനോടും ദിനേശ് വസിറാനിയോടുമുള്ള കടപ്പാടും അദ്ദേഹം പ്രകടിപ്പിച്ചു. കൊച്ചി ബിനാലെക്കായി ധനസമാഹരണത്തിന് 2015, 2017 വര്‍ഷങ്ങളില്‍  സഹകരിച്ചിട്ടുളള സാഫ്റോണാര്‍ട്ട് ഇത് മൂന്നാം തവണയാണ് കൊച്ചി ബിനാലെ ഫൗണ്‍േഷനുമായി സഹകരിക്കുന്നത്. Read on deshabhimani.com

Related News