മുയലിന്റെ സമീകൃത ഭക്ഷണം



ഇലകളും കിഴങ്ങുകളും പഴങ്ങളും മാത്രം തിന്നുവളര്‍ന്നിരുന്ന കാട്ടുമുയലുകളില്‍നിന്നു മാറി, ഇന്ന് മുയലുകളെ വളര്‍ത്തുന്നത് വിവിധ ആവശ്യങ്ങള്‍ക്കായാണ്. പ്രകൃതിയില്‍നിന്നു ലഭിക്കുന്ന ഭക്ഷണം മാത്രം നല്‍കി വളര്‍ത്തുകയാണെങ്കില്‍ ഇതിന്റെ വളര്‍ച്ചാനിരക്ക് കുറവാകും. മറിച്ച് ഖരാഹാരം മാത്രം നല്‍കി വളര്‍ത്തുന്നതും ലാഭകരമല്ല. ഇവ രണ്ടും ഉള്‍പ്പെടുത്തി ശാസ്ത്രീയമായ രീതിയില്‍ ഉണ്ടാക്കിയ സമതുലിതാഹാരമാണ് വളര്‍ത്തുമുയലുകള്‍ക്ക് നല്‍കേണ്ടത്. സമതുലിതാഹാരം ഇതില്‍ ധാന്യങ്ങളായ ചോളം, അരി, ഗോതമ്പ്, കാര്‍ഷിക ഉല്‍പ്പന്നങ്ങളായ അരിത്തവിട്, ഗോതമ്പു തവിട്, ഉണക്കമരിച്ചീനി, പുല്ല്, പ്രോട്ടീനിന്റെ ലഭ്യതയ്ക്കായി പയര്‍വര്‍ഗങ്ങള്‍, കപ്പലണ്ടിപ്പിണ്ണാക്ക്, തേങ്ങാപിണ്ണാക്ക്, പരിപ്പുകള്‍, കടല, ജന്തുജന്യ പ്രോട്ടീനായ പാല്‍പ്പൊടി, ഇറച്ചി–എല്ലുപൊടി, മീന്‍പൊടി എന്നിവ ചേര്‍ക്കാം. സ്വാദ് കൂട്ടാനും, പെല്ലറ്റ് രൂപത്തിലാക്കാനും മൊളാസസ് ചേര്‍ക്കാറുണ്ട്. കൂടാതെ ധാതുലവണങ്ങളും, വിറ്റാമിനുകളും ചേര്‍ക്കണം. ചെറുകിടകര്‍ഷകര്‍ ചോറ്, പച്ചക്കറി അവശിഷ്ടങ്ങള്‍, റൊട്ടികഷണം, വിവിധതരം ഇലകള്‍ എന്നിവയും നല്‍കാറുണ്ട്. സമതുലിത ഖരാഹാരം ഓരോ സ്ഥലങ്ങളില്‍നിന്നു കിട്ടുന്ന പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് സമതുലിത ഖരാഹാരം തയ്യാറാക്കാം. ഒരു മാതൃക കാണാം. കടല: 35 ശതമാനം ഗോതമ്പ്: 30 ശതമാനം കപ്പലണ്ടിപ്പിണ്ണാക്ക്: 23.5 ശതമാനം ധാതുലവണങ്ങള്‍: ഒരുശതമാനം ഉപ്പ്: 0.5 ശതമാനം ഖരാഹാരം തരികളായോ, പെല്ലറ്റ് ആയോ നല്‍കാം. തരികള്‍ ചേര്‍ത്ത 'മാഷ്' ആയി നല്‍കുമ്പോള്‍ കുറച്ച് വെള്ളം തളിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന്റെ അളവ് പ്രായപൂര്‍ത്തിയായ ഒരു മുയല്‍ ദിവസേന 125 ഗ്രാം ഖരാഹാരം തിന്നുന്നു. കൂടാതെ 150 മുതല്‍ 200 ഗ്രാംവരെ പച്ചിലയും 40 മുതല്‍ 60 ഗ്രാംവരെ കാരറ്റും, 20 ഗ്രാം കുതിര്‍ത്ത കടലയും തിന്നുന്നു. പ്രത്യുല്‍പ്പാദനം, പാലുല്‍പ്പാദനം എന്നിവയ്ക്ക് തീറ്റയുടെ അളവ് കൂട്ടേണ്ടിവരും. പ്രസവിച്ച് 3–5 ദിവസമായ, തള്ളമുതലുകള്‍ക്ക് നല്‍കുന്ന തീറ്റയിലും വര്‍ധന വരുത്തണം. പ്രസവശേഷം ആറാഴ്ചമുതല്‍ 12 ആഴ്ചവരെ ആഴ്ചതോറും 10 ഗ്രാംവീതം ഖരാഹാരത്തില്‍ വര്‍ധന വരുത്തണം. കുഞ്ഞുങ്ങള്‍കൂടി തള്ളയുടെ ഭക്ഷണത്തിന്റെ വീതം പറ്റുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടത്. വെള്ളം: മുയലുകള്‍ക്ക് വെള്ളം സദാസമയത്തും കിട്ടത്തക്കവണ്ണം ക്രമീകരിച്ചുവയ്ക്കണം. ഇവയുടെ പ്രായം, ശരീരസ്ഥിതി, കാലാവസ്ഥ, ഇവയുടെ ഭക്ഷണത്തിന്റെ ഘടന എന്നിവയെ ആശ്രയിച്ച് അളവു കൂട്ടിയും കുറച്ചും നല്‍കണം. പ്രായംകൂടിയ മുയലുകളും, ഗര്‍ഭിണികളും പ്രായമാകാത്ത മുയലുകളെക്കാള്‍ കൂടുതല്‍ വെള്ളം കുടിക്കും. പച്ചപ്പുല്ലും പച്ചിലയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ വെള്ളത്തിന്റെ ആവശ്യം കുറയും. വേനല്‍ക്കാലത്ത് വെള്ളം അധികം നല്‍കണം. വെള്ളത്തിന്റെ കുറവുകാരണം പാലുല്‍പ്പാദനം കുറയുകയും, കുട്ടികളുടെ വളര്‍ച്ച മുരടിക്കുകയും, പലതരത്തിലുള്ള അസുഖങ്ങള്‍ വരികയും ചെയ്യും. Read on deshabhimani.com

Related News