അന്താരാഷ്ട്ര തോട്ടവിള സിംപോസിയത്തിന് (പ്ലാക്രോസിം) കൊച്ചിയില്‍ തുടക്കമായി

അന്താരാഷ്ട്ര തോട്ടവിള സിംപോസിയം (പ്ലാക്രോസിം) കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു.


കൊച്ചി>  24-ാമത് അന്താരാഷ്ട്ര തോട്ടവിള സിംപോസിയത്തിന് (പ്ലാക്രോസിം) കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ ചൊവ്വാഴ്ച തുടക്കമായി. കോവിഡിനെത്തുടര്‍ന്ന് പ്ലാന്റേഷന്‍ മേഖല നേരിടുന്ന വെല്ലുവിളികളാണ് ത്രിദിന സിമ്പോസിയം ചര്‍ച്ച ചെയ്യുന്നത്. കോവിഡും അപ്പുറവും - തോട്ടമേഖലയിലെ ഗവേഷണങ്ങളും നൂതനത്വങ്ങളും എന്നതാണ് ഇത്തവണത്തെ സിമ്പോസിയത്തിന്റെ ഇതിവൃത്തം. മൂന്നു ദിവസമായി നടക്കുന്ന സിമ്പോസിയത്തില്‍ തോട്ടം മേഖലയില്‍ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഒഡീസയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പുതിയ തോട്ടവിളക്കൃഷികള്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് രാജ്യത്തെ തോട്ടംമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു പറഞ്ഞു. ഈ മേഖലയിലെ മൂല്യവര്‍ധന ലക്ഷ്യമിട്ടുള്ള ഗവേഷണ, വികസനങ്ങളും നിര്‍ണായകമാണ്. കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ കോവിഡ് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ തോട്ടംമേഖലയേയും ബാധിച്ചിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എ ജി തങ്കപ്പന്‍ പറഞ്ഞു. എംപിഡിഎ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് ഐഎഎസ്, സെസ് ഡെവലപ്‌മെന്റ് കമ്മീഷമണര്‍ ഡി വി സ്വാമി ഐഎഎസ്, വ്യവസായ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കര്‍ണാടക യൂണിവേഴ്‌സിറ്റി ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. എച്ച് പി മാഹേശ്വരപ്പ എന്നിവര്‍, സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍ ഡോ. എ ബി രമാ ശ്രീ, പ്ലാക്രോസിം ജനറല്‍ കണ്‍വീനര്‍ ഡോ കെ ധനപാല്‍ എ്ന്നിവരും സംസാരിച്ചു. കോവിഡിനു ശേഷമുള്ള തോട്ടം മേഖല, കാലാവസ്ഥാമാറ്റം, പരിസ്ഥിതി, കീടനാശിനി ഉപയോഗം, തൊഴിലാളിക്ഷാമം, വര്‍ധിക്കുന്ന കൃഷിച്ചെലവ് തുടങ്ങിയ വിവിധ വിഷയങ്ങള്‍ സിമ്പോസിയം ചര്‍ച്ച ചെയ്യും. ശാസ്ത്ര-ഗവേഷണ മേഖലകളും കാര്‍ഷിക, വ്യാവസായ മേഖലകളും തമ്മിലുള്ള ബന്ധം സൃദൃഡമാക്കാനും സിമ്പോസിയം ലക്ഷ്യമിടുന്നുണ്ട്. തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, നാളികേരം, അടയ്ക്ക, എണ്ണപ്പന, കശുവണ്ടി, കൊക്കോ തുടങ്ങിയ തോട്ടവിളകളെയാണ് സിമ്പോസിയം പ്രതിപാദിക്കുന്നത്. ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്ലാന്റേഷന്‍ ക്രോപ്പ്‌സ്, സ്‌പൈസസ് ബോര്‍ഡിന്റെ ഗവേഷണ വിഭാഗം, കോഫി ബോര്‍ഡ്, ഐസിഎആര്‍-സിപിസിആര്‍ഐ, കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ്, ഡയറക്ടറേറ്റ് ഓഫ് കാഷ്യൂ റിസര്‍ച്ച്, ഐസിഎആര്‍-ഐഐഎസ്ആര്‍, റബര്‍ ബോര്‍ഡ്, ടോക്ലായ്, ഉപാസി, സോപോപ്രാഡ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. സിമ്പോസിയം ഇന്ന്‌ സമാപിക്കും. 120-ലേറെ വിഷയവിദഗ്ധരും ശാസ്ത്രജ്ഞരും ഗവേഷകരുമാണ് സിമ്പോസിയത്തില്‍ പങ്കെടുക്കുന്നത്.   Read on deshabhimani.com

Related News