കന്നുകാലികളിലെ 'ബോട്ടുലിസം' രോഗം; തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം



'കോസ്ട്രീസിയം ബോട്ടുലിനം' എന്ന ബാക്ടീരിയാ അണുക്കൾ ഉൽപ്പാദിപ്പിക്കുന്ന ബോട്ടുലിനം ടോക്സിൻ ശരീരത്തിൽ പ്രവേശിച്ചുണ്ടാകുന്ന മാരക രോഗമാണ് ബോട്ടുലിസം. പകരുന്നവിധം: അണുക്കൾ സാധാരണയായി മണ്ണിലും വെള്ളത്തിലും കടൽതീരങ്ങളിലും കാണപ്പെടുന്നു. സാധാരണയായി ആരോഗ്യമുള്ള കന്നുകാലികളിലും, കുതിര, കോഴികൾ എന്നിവയുടെ കുടലുകളിൽ ഇവയെ കാണാം. ഒരു ഉപദ്രവവും ഇതുകൊണ്ട് ഉണ്ടാകുന്നില്ല. അന്തരീക്ഷത്തിൽ കാണുന്ന അണുക്കൾ വളരെ വർഷത്തോളം നശിക്കാത്ത 'സ്പോർസ്' ഉൽപ്പാദിപ്പിക്കുകയും ഇവ അന്തരീക്ഷത്തിൽ കഴിയുകയും ചെയ്യുന്നു. ഇവ അനുകൂല സാഹചര്യങ്ങളായ ജീർണിച്ച ജൈവപദാർഥങ്ങൾ, മലിനപ്പെട്ട ജഡങ്ങൾ, ഓക്സിജൻ ലഭിക്കാൻപറ്റാത്ത സാഹചര്യങ്ങൾ  എന്നിവയിലൂടെ വളരുകയും 'ടോക്സിൻ' (ഒരുതരം വിഷം) ഉൽപ്പാദിപ്പിക്കുകയും മൃഗങ്ങൾ ഇവ കലർന്ന ഭക്ഷണം, വെള്ളം എന്നിവ കഴിക്കുമ്പോൾ രോഗലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു. ലക്ഷണങ്ങൾ: ടോക്സിൻ ശരീരത്തിൽ പ്രവേശിച്ചാൽ ഇവ ഞരമ്പുകളുടെയും, പേശികളുടെയും പ്രവർത്തനത്തെ ബാധിച്ച് ശരീരം തളർവാതത്തിന് വിധേയമാകുന്നു. നടക്കുമ്പോൾ വീഴാൻപോകുക, മുട്ടുകുത്തി വീഴുക, ചാണകം പോകാതിരിക്കുക എന്നീ ലക്ഷണങ്ങൾ കാണിക്കുന്നു. തളർവാതം ആദ്യം വാലിലും, പിന്നീട് പിൻകാലുകളിലും കണ്ടുതുടങ്ങുന്നു. ഇത് തലവരെ എത്തുന്നു. മുഖത്തെ പേശികൾ, താടികൾ, നാവ് എന്നിവയെ ബാധിക്കുന്നു. ഭക്ഷണം കഴിക്കാനും, വെള്ളം കുടിക്കാനും വിഷമം, നാവ് പുറത്തേക്ക് തള്ളിവരികയും പുറകോട്ട് പിൻവലിക്കാൻപറ്റാതെ വരിക, ഉമിനീർ ഒലിക്കുക, കൺപോകളിലെ തളർവാതം കാരണം കണ്ണ് തുറന്നുനിൽക്കാൻ വിഷമം, ശ്വാസതടസ്സം, പെട്ടെന്നുള്ള മരണം എന്നിവ സംഭവിക്കുന്നു. ടോക്സിൻ ശരീരത്തിൽ കടത്താൻ രണ്ടുമുതൽ ആറുദിവസത്തിനുള്ളിൽ ലക്ഷണം കാണിക്കുന്നു. കൂടുതൽ വിഷം അകത്തു കടന്നാൽ 12 മുതൽ 24 മണിക്കറിനുള്ളിലും, വിഷം ചെറിയ അംശമാണെങ്കിൽ ഏഴുമുതൽ 20 ദിവസത്തിനകം ലക്ഷണം കാണിക്കുന്നു. പ്രതിരോധം മലിനപ്പെട്ട ഭക്ഷണം നൽകാതിരിക്കുക. ജീർണിച്ച ഭക്ഷണയോഗ്യമല്ലാത്ത സ്ഥലത്ത് കന്നുകാലികളെ മേയാൻ വിടരുത്. പഴകിയ ജൈപദാർഥങ്ങൾ, ജഡങ്ങൾക്കരികിലുള്ള പുല്ലുകൾ, വെള്ളം എന്നിവ കുടിക്കാൻ കൊടുക്കാതിരിക്കുക. ലക്ഷണം കണ്ടാലും, സാഹചര്യങ്ങൾ നോക്കിയും ഉടൻ ഡോക്ടറുടെ സേവനം തേടുക. ലബോറട്ടറി പരിശോധനയിലൂടെ രക്തത്തിൽ ടോക്സിന്റെ അളവ് നിർണയിക്കാം. സംശയാസ്പദമായ ഭക്ഷണപദാർഥം പരിശോധയ്ക്ക് വിധേയമാക്കാം. മാരകവും കർഷകർക്ക് വലിയ സാമ്പത്തികനഷ്ടവും വരുത്തുന്ന രോഗമാണ് ബോട്ടുലിസം. Read on deshabhimani.com

Related News