മൂട്ടിപ്പഴം ; കാട്ടുരുചികളിൽ കേമൻ



  പൂക്കാലമൊരുങ്ങുമ്പോൾ ചുവന്നു തുടുത്ത്‌ ആരുടെയും കണ്ണുതട്ടും വിധം ‘അണിഞ്ഞൊരുങ്ങി’ നിൽക്കുന്ന മരമാണ് മൂട്ടി. ദക്ഷിണേന്ത്യയിലെ നിത്യഹരിത വനപ്രദേശങ്ങളിലാണ് മൂട്ടിമരം ധാരാളമായി  കാണുന്നത്. കേരളത്തിൽ വനങ്ങളിലും നാട്ടിൻപുറങ്ങളിലും കാണുന്നു. ബക്കോറിയ കോർട്ടലിൻസിസ് (Baccaurea courtallensis) എന്നാണ് ശാസ്ത്രീയനാമം. മൂട്ടിപ്പുളി, മൂട്ടിക്കായ്പൻ, കുന്തപ്പഴം തുടങ്ങി പ്രാദേശിക പേരുകളുമുണ്ട്. മൂട്ടിക്കായ് പൈൻ എന്നും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലെ തനത് സ്പീഷ്യസിൽപ്പെട്ട അപൂർവ മരമാണ് മൂട്ടി. മലയണ്ണാൻ, കുരങ്ങ്, കരടി എന്നിവയുടെ ഇഷ്ട ഭോജ്യവും. ചെറു കുലകളായ കായ്കളുടെ കൂട്ടം മരത്തിന്റെ ചുവടുവരെ നിറയും. ജനുവരിമുതൽ മാർച്ചുവരെ പൂക്കും. ജൂലൈയിൽ കായിട്ടു തുടങ്ങും. ദളങ്ങളില്ലാത്ത പൂക്കൾക്ക് ചുവന്ന നിറമാണ്. ഇവയ്ക്ക് ബാഹ്യദളങ്ങളുണ്ട്. കായകൾക്ക് നെല്ലിക്കയോളം വലുപ്പം വരും. വേനൽക്കാലത്താണ് മൂപ്പെത്തുക. പാകമാകുമ്പോൾ കടുത്ത ചുവന്ന നിറമാകും. ധാരാളം ജലാംശമുള്ള കായകൾ മരത്തിന്റെ മൂട്ടിലാണ് പിടിക്കുന്നത്. അതുകൊണ്ടാണ് മൂട്ടിപ്പഴം എന്ന പേര് ലഭിച്ചത്‌. ശിഖരങ്ങളിലും കായ പിടിക്കാറുണ്ട്. പുളിപ്പു കലർന്ന മധുരരസമാണ്. റംബൂട്ടാന്റെയും മാങ്കോസ്റ്റിന്റെയും പോലെ പഴുത്തു കഴിഞ്ഞാൽ തോടിനകം ജെല്ലിപോലാകും. പാകമായി കഴിഞ്ഞാൽ അച്ചാറിടാനും ചമ്മന്തിക്കായും ഉപയോഗിക്കാറുണ്ട്. നല്ലൊരു തണൽ വൃക്ഷവുമാണ്. കേരളത്തിൽ ഇടുക്കി ജില്ലയിലും മറ്റും മൂട്ടിപ്പഴം കൃഷി ചെയ്യുന്ന കർഷകരുണ്ട്‌. ഒരു മരത്തിൽനിന്ന്‌ അമ്പതുകിലോയോളം കർഷകന്‌ ലഭിക്കും. ആൺ, പെൺ വർഗത്തിൽപ്പെട്ട മൂട്ടികളുണ്ട്‌. ചെറുതേനീച്ചകളാണ്‌ പരാഗണം നടത്തുന്നത്‌. കൃഷിരീതി പഴങ്ങൾക്കുള്ളിലെ ചെറുവിത്തുകളാണ് നടുന്നത്. മണലിൽ പാകി കിളിർപ്പിച്ചശേഷം തൈകൾ നടാം. ബഡ് ചെയ്തും ഗ്രാഫ്റ്റ് ചെയ്തും തൈകൾ വളർത്തിയെടുക്കാം. വെള്ളക്കെട്ട് അല്ലാത്ത മണ്ണാണ് അഭികാമ്യം. തണലുള്ള പ്രദേശമാണ് കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. രണ്ടടി ആഴത്തിൽ സമചതുരത്തിൽ കുഴിയെടുത്ത് ജൈവ വളത്തോടൊപ്പം മേൽമണ്ണും കൂട്ടി തൈകൾ നടാം. Read on deshabhimani.com

Related News