ശ്രീജയുടെ അഞ്ചുസെന്റിൽ നാടിന്റെ സ്വപ്‌നങ്ങളുണ്ട്‌



കൊച്ചി/ആലങ്ങാട് > കൃഷി ചെയ്യാൻ സ്ഥലമില്ലെന്നു വേവലാതിപ്പെടുന്നവർ   ആലങ്ങാട് പഞ്ചായത്തിലെ  കരിങ്ങാംതുരുത്തുവരെ ചെല്ലണം. അവിടെ  മൂലംകുഴിയിൽ ജെൻസന്റെ ഭാര്യ ശ്രീജയുടെ  കൃഷിയിടം അന്വേഷിക്കുക. ഏക്കർ കണക്കിന്‌ പരന്നുകിടക്കുന്ന തോട്ടമാണ്‌ മനസ്സിൽ കാണുന്നതെങ്കിൽ തെറ്റി. വീടിരിക്കുന്ന സ്ഥലം അടക്കം വെറും അഞ്ചു സെന്റ്‌ മാത്രമേ അവിടെയുള്ളൂ. പക്ഷേ, അത്യുൽപ്പാദനശേഷിയുള്ള വിത്തുകളും പച്ചക്കറി വിത്തുകളും അതിലുണ്ട്‌. പച്ചക്കറി വൈവിധ്യത്തിന്റെ കലവറയായ ആ കൊച്ചു പുരയിടത്തിൽ മുളപൊട്ടി നിൽക്കുന്ന, നാടിന്റെ കാർഷിക സ്വപ്‌നങ്ങളും കാണാം. നമ്മുടെ കാലാവസ്ഥയിൽ കൃഷി ചെയ്യാവുന്ന എല്ലാത്തരം വിത്തുകളുടെയും അപൂർവ ശേഖരം  ഈ വീട്ടമ്മയ്‌ക്ക്‌ സ്വന്തമാണ്‌. വിൽപ്പനയ്ക്കും സ്വന്തം ആവശ്യത്തിനുമായി കൃഷി ചെയ്യുന്നവർ അവിടെ നിത്യസന്ദർശകർ.   രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദധാരിയായ ശ്രീജ കൃഷി ശാസ്ത്രീയമായി പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. സ്വന്തമായി കൃഷി ചെയ്‌ത്‌, മറ്റു വീട്ടമ്മമാരെ അടുക്കള തോട്ടങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു എന്നതാണ്‌ മറ്റു കർഷകരിൽ ശ്രീജയെ വ്യത്യസ്‌തയാക്കുന്നത്‌.  മഹാത്മാഗാന്ധി സർവകലാശാലയിൽ ഓർഗാനിക് ഫാമിങ്‌ ഡിപ്ലോമ പഠനം തുടരുന്ന ശ്രീജ കേരളത്തിലെ  ഒട്ടുമിക്ക കർഷക കൂട്ടായ്മകളിലും ഇന്ന്‌ സജീവ സാന്നിധ്യം.  നൂറോളം പച്ചക്കറി ഇനങ്ങളുടെ വിത്തുകളാണ് ശ്രീജയുടെ ശേഖരത്തിലുള്ളത്. ഇതിനു പുറമെ കർഷകരുടെ അവശ്യാനുസരണം വിവിധ ഇനം പച്ചക്കറി തൈകളും  തയ്യാറാക്കി കൊടുക്കുന്നു. അപൂർവ പച്ചക്കറി തൈകൾ തയ്യാറാക്കുന്നതിലാണ് കൂടുതൽ താൽപ്പര്യം. വിവിധ ഇനം ചീരകൾ, പയർ വർഗങ്ങൾ, വിവിധ ഇനം തക്കാളികൾ, പത്തോളം ഇനം മുളകുകൾ, വിദേശികളായ കെയിൽ സെലറി, ബോക്‌ചോയി, ലേറ്റുസ് ഇങ്ങനെ നീളുന്നു ആ പട്ടിക. വിവിധ ഇനം ചാമ്പകൾ, ഹിമാലയൻ മൾബറി, പലതരം മുളകൾ, പലതരം വാഴകൾ, അനേക ഇനം ആമ്പൽ ചെടികൾ, താമര, കഴിക്കുന്ന എന്തിനും മധുരം നൽകുന്ന മിറക്കിൾ ഫ്രൂട്ട്‌  ഇങ്ങനെ നിരവധി സസ്യങ്ങളുടെ കാര്യംകൂടി പറഞ്ഞാലേ ചിത്രം പൂർണമാകൂ. പ്രത്യേക  വളക്കൂട്ടും സ്വന്തം ബ്രാൻഡ് ജൈവ കീടനാശിനിയും  വാങ്ങിയേ സന്ദർശകർ ഈ പുരയിടത്തിൽനിന്ന്‌ മടങ്ങൂ.  കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സഹകരണ ബാങ്കിൽ  സീനിയർ ക്ലർക്കായ ഭർത്താവ്‌ എം കെ ജെൻസന്റെ  പിന്തുണയും കരുത്താണെന്ന്‌ ശ്രീജ പറയുന്നു. Read on deshabhimani.com

Related News