മറയൂര്‍ നിരകളില്‍ മനംനിറയും മധുരം: കാന്തല്ലൂരിൽ ആപ്പിൾ വിളവെടുപ്പിനൊരുങ്ങുന്നു



മറയൂർ> മറയൂർ മലനിരകളിലെ കാന്തല്ലൂരിൽ ആപ്പിൾ വിളവെടുപ്പിനൊരുങ്ങുന്നു. ശീതകാല പച്ചക്കറിക്കൊപ്പം കേരളത്തിൽ ആപ്പിൾ വിളയുന്നത് ഈ മഴനിഴൽ പ്രദേശത്താണ‌്. കേരളത്തിൽ ഇത്രയധികം ആപ്പിൾ വിളയുന്ന മറ്റൊരു സ്ഥലമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. കാശ്മീർ, ഹിമാചൽപ്രദേശ‌് ആപ്പിളുകൾ കേരളത്തിലെ മാർക്കറ്റുകളിൽനിന്ന് മറയുകയും ഇറക്കുമതി ഉൽപന്നങ്ങൾ മാർക്കറ്റ് കീഴടക്കുകയും ചെയ്യുന്നതിനിടെയാണ‌് കാന്തല്ലൂർ ആപ്പിൾ വിളവെടുപ്പ‌്.  വർഷത്തിൽ ഒരു തവണ മാത്രം വിളയുന്ന ആപ്പിൾത്തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി സഞ്ചാരികളും ‌എത്തിത്തുടങ്ങി.  ഒന്ന‌ുമുതൽ മൂന്ന‌ുവരെ ഏക്കർ സ്ഥലങ്ങളിൽ ആപ്പിൾ കൃഷി നടത്തുന്ന കർഷകർ ഇവിടെയുണ്ട്. ചില്ലകൾ നിറയെ കുലച്ച വിവിധ ഇനത്തിലുള്ള ആപ്പിളുകളുടെ വിളവെടുപ്പ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. ശരാശരി ഒരു മരത്തിൽനിന്ന് 30 കിലോ വരെ ആപ്പിൾ ലഭിക്കുമെന്ന് കർഷകർ പറയുന്നു. ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെയുള്ളത്.   വലിപ്പത്തിൽ ഇടത്തരക്കാരാണെങ്കിലും ജൈവവളം മാത്രം കൃഷിക്ക‌് ഉപയോഗിക്കുന്നതിനാൽ ഇവിടുത്തെ ആപ്പിളുകൾക്ക‌് ഓരോ വർഷവും ആവശ്യക്കാരേറുകയാണ‌്. എമ്പതോളം കായ്ക്കുന്ന ആപ്പിൾ മരങ്ങളുള്ള റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ സി ടി കുരുവിളയുടെ കാന്തല്ലൂരിലെ ‘ചീനി’ ഫാമിലാണ് ഏറ്റവുമധികം ആപ്പിൾ മരങ്ങൾ ഉള്ളത്. കൂടാതെ തോപ്പിൽ ജോർജ്, കൊച്ചുമണ്ണിൽ ബാബു, ഐസക്, പെരുമാൾ സാമി, പുതുശേരി ജോർജ് തുടങ്ങിയവരും ആപ്പിൾ കൃഷിയിൽ വിജയം കൊയ‌്തവരാണ‌്.   ആപ്പിളിനൊപ്പം പ്ലംസ്, സ്ട്രോബറി, സബർജല്ലി, പാഷൻ ഫ്രൂട്ട്, ഓറഞ്ച്, മുട്ടപഴം, മാതള നാരങ്ങ, മരത്തക്കാളി, പിച്ചീസ് തുടങ്ങിയ പഴവർഗങ്ങളും ഇവിടെ ധാരാളമായി കൃഷിചെയ്യുന്നു.  Read on deshabhimani.com

Related News