ചിങ്ങമെത്താൻ ദിവസങ്ങൾ; പ്രതീക്ഷയോടെ കർഷകർ



വണ്ടൻമേട്‌ ചിങ്ങമെത്തുന്നതോടെ കേരളത്തിലെ പുഷ്‌പ വിപണിയിൽ വൻ വിലക്കയറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ കർഷകർ. പൂവുകൾ കൃഷി ചെയ്യുന്ന തമിഴ്‌നാട്ടിലെ കർഷകരാണ്‌ ചിങ്ങം പിറക്കുന്നതും കാത്തിരിക്കുന്നത്‌. സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി തമിഴ്നാട്ടിലെ പൂപ്പാടങ്ങളെല്ലാം വിളവെടുപ്പിന്‌ തയ്യാറായിക്കഴിഞ്ഞു. ജമന്തി, മുല്ല, വാടാമുല്ല തുടങ്ങിയ ഇനങ്ങൾക്കാണ്‌ കേരളത്തിൽ ആവശ്യക്കാർ കൂടുതൽ.    ഓണത്തിനല്ലാതെ വിവാഹങ്ങൾക്കും മറ്റു മംഗളകാര്യങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും വരെ പൂക്കൾ വിലയ്‌ക്ക് വാങ്ങുന്നുണ്ട്‌ കേരളത്തിൽ. അതേസമയം, പൂക്കൾ കേരളത്തിലേക്കെത്തിക്കുന്ന തമിഴ്നാട്ടിലെ കർഷകർക്ക് വേണ്ടത്ര ഗുണം ലഭിക്കുന്നില്ലെന്നാതാണ്‌ വസ്തുത. കുറഞ്ഞ നിരക്കിൽ കർഷകരിൽനിന്ന്‌ സംഭരിക്കുന്ന പൂക്കൾ കേരളത്തിലേക്കെത്തുമ്പോൾ തീവിലയാണ്.  ഇടനിലക്കാർ ലാഭം കൊയ്യുമ്പോൾ കർഷകർക്ക്‌ തുച്ഛമായ വില മാത്രമാണ്‌ ലഭിക്കുന്നത്‌. രണ്ടേക്കർ സ്ഥലത്ത്‌ വ്യാവസായികമായി പുഷ്‌പ കൃഷി ചെയ്യുന്ന കർഷകനായ രാജശേഖരന് ലഭിക്കുന്നത് ജമന്തി കിലോയ്‌ക്ക്‌ വെറും നാൽപത്‌ രൂപയാണ്. എന്നാൽ, ഇടനിലക്കാർ വഴി കേരളത്തിലെ വിപണിയിലെത്തുമ്പോൾ നൂറ്റമ്പത് രൂപയാകുന്നു. ധാരാളം ആവശ്യക്കാരുള്ള മുല്ലപ്പൂവിന്റെ കാര്യത്തിലും സമാന സ്ഥിതിയാണുള്ളത്. ബംഗളൂരുവിൽനിന്ന്‌ എത്തിക്കുന്ന പൂക്കൾക്കും തീവിലയാണ് കേരളത്തിൽ. ദൈനംദിനം പൂക്കൾക്ക് കേരളത്തിൽ ആവശ്യക്കാരേറുന്നത്‌ മുതലെടുത്ത്‌ ലാഭക്കണ്ണുകളുമായി കച്ചവടക്കാരും സജീവമായിക്കഴിഞ്ഞു.     Read on deshabhimani.com

Related News