മാതൃക, ഈ വിഷമില്ലാത്ത പച്ചക്കറിത്തോട്ടം



ഈ യുവകര്‍ഷന്റെ പച്ചക്കറിത്തോട്ടങ്ങളുടെ മേന്മ ഇവിടെ വിളയുന്ന പച്ചക്കറികള്‍ വിഷരഹിതമെന്നതാണ്. പാരമ്പര്യമായി കര്‍ഷകകുടുംബാംഗമായ കണ്ണൂര്‍ ചിറ്റാരിപറമ്പ് കോട്ടയില്‍, താഴെപുരയില്‍ കാര്യത്ത് പ്രദീപന് സ്വന്തമായി 50 സെന്റ് സ്ഥലമാണുള്ളത്. കഴിഞ്ഞ കുറച്ചു വര്‍ഷമായി 900 ഇറച്ചിക്കോഴികളുടെ ഒരു ഫാമും ഇവിടെ പരിപാലിക്കുന്നുണ്ട്. കുടുംബസ്വത്തായ 75 സെന്റ് നെല്‍കൃഷിയിടത്തില്‍ രണ്ടുവിള നെല്‍കൃഷി ചെയ്യാറുണ്ട്. നേന്ത്രന്‍ വാഴയും, മരച്ചീനിയും, ചേനയും ചേമ്പുമെല്ലാം കൃഷിചെയ്യുന്നുണ്ട്. വീട്ടാവശ്യത്തിന് പച്ചക്കറിയും. ജനകീയ ജൈവപച്ചക്കറികൃഷി ക്യാമ്പയിന്‍ പ്രദീപനെ പച്ചക്കറിക്കൃഷി കൂടുതല്‍ സ്ഥലത്തേക്കുവ്യാപിപ്പിക്കാന്‍ പ്രേരിപ്പിച്ചു. കൈയില്‍ ധാരാളം ജൈവവളവും കൃഷിചെയ്യാന്‍ പാട്ടഭൂമിയും. മറ്റൊരുവട്ടം ആലോചിക്കാതെ കഴിഞ്ഞ വര്‍ഷകാലത്ത് പച്ചക്കറിക്കൃഷിക്കായി ഒന്നര ഏക്കര്‍ സ്ഥലം തയ്യാറാക്കി. പാവലും പയറും പീച്ചിങ്ങയും മുളകും വെള്ളരിയും കൃഷിചെയ്തു. നല്ല സങ്കരയിനം വിത്തുകളാണ് നടീലിനായി ഉപയോഗിച്ചത്. അടിവളമായി കോഴിവളവും കാലിവളവും ചേര്‍ത്തുകൊടുത്തു. മേല്‍വളമായി പച്ചക്കറിമിശ്രിതവും വേപ്പിന്‍ പിണ്ണാക്കം ചേര്‍ത്തു. മഴക്കാലമായതിനാല്‍ ജലസേചനം ആവശ്യമായിവന്നില്ല. കളയെടുപ്പും മറ്റു കാര്‍ഷിക പരിചരണപ്രവൃത്തികളും സമയാസമയങ്ങളില്‍ ചെയ്തു. കീടങ്ങള്‍ക്കെതിരെ ബുവേറിയ ബസാനിയയെന്ന ജൈവകീടനാശിനി രണ്ടുപ്രാവശ്യം തളിച്ചുകൊടുത്തു. രോഗങ്ങളും കീടങ്ങളും പൊതുവേ കുറവായിരുന്നു. ഇതുവരെയായി നാല് ക്വിന്റല്‍ പാവയ്ക്കയും, രണ്ടു ക്വിന്റല്‍ വെള്ളരിക്കയും, അഞ്ചു ക്വിന്റല്‍ പീച്ചിങ്ങയും 50 കി.ഗ്രാം പയറും വിളവെടുത്തു. ഇനി രണ്ടു ടണ്ണാെേളം ഉല്‍പ്പന്നങ്ങള്‍ ലഭിക്കുമെന്ന് പ്രദീപന്‍ പറയുന്നു. മാര്‍ക്കറ്റ് തേടി അലയേണ്ട സ്ഥിതിയില്ലെന്നും ആവശ്യക്കാര്‍ തോട്ടത്തിലെത്താറുണ്ടെന്നും വിഷരഹിത ഉല്‍പ്പന്നമെന്ന നിലയില്‍ നല്ല വില ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. Read on deshabhimani.com

Related News