മഴക്കാല പച്ചക്കറിക്കൃഷി മഴമറയിലാവാം



മഴയായി. മഴക്കാല പച്ചക്കറിക്കൃഷിക്കും സമയമായി. ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറി സ്വന്തം വീട്ടുവളപ്പില്‍തന്നെ കൃഷിചെയ്ത് ഉല്‍പ്പാദിപ്പിക്കാം. പുരയിടത്തിലോ ടെറസിലോ ചെറിയ മഴമറകള്‍ തീര്‍ക്കുകയാണ് ആദ്യ പ്രവൃത്തി. ഒരു ച.മീ. മഴമറ തീര്‍ക്കുന്നതിന് 720 രൂപ (എഴുന്നൂറ്റി ഇരുപത് രൂപ) ചെലവുവരും. ആവശ്യമായതും സൌകര്യപ്രദവുമായ നീളം, വീതിയില്‍ മഴ മറ തീര്‍ക്കാം. വിവിധ ഏജന്‍സികള്‍ ഈ പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നുണ്ട്. കൃഷിവകുപ്പില്‍നിന്ന് ആകര്‍ഷകമായ സാമ്പത്തികസഹായവും ലഭ്യമാക്കുന്നുണ്ട്. മഴമറയ്ക്കകത്ത് ചെടിച്ചട്ടികളിലോ പ്ളാസ്റ്റിക് ഗ്രോബാഗുകളിലോ 1:1:1 അനുപാതത്തില്‍ ജൈവാംശമുള്ള മേല്‍മണ്ണ്, മണല്‍, ഉണക്ക് ചാണകപൊടി എന്നിവ ചേര്‍ത്ത് തയ്യാറാക്കണം. ഭിത്തിക്കുമുകളില്‍ ചെങ്കല്ലോ, ഇഷ്ടികയോ ഉപയോഗിച്ച് തടംതീര്‍ത്ത് തടത്തില്‍ പോര്‍ട്ടിങ് മിക്സ്ചര്‍ നിറയ്ക്കുകയുമാവാം. ഈ രീതിയില്‍ നല്ല നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. നല്ലയിനം പച്ചക്കറിവിത്തുകളോ തൈകളോ വിശ്വാസയോഗ്യമായ ഏജന്‍സികളില്‍നിന്നു മാത്രം വാങ്ങിക്കുക. വെണ്ട, മുളക്, വഴുതന, ചീര തുടങ്ങിയവയും പാവല്‍, പടവലം, പീച്ചിങ്ങ, പയര്‍ തുടങ്ങിയ പന്തല്‍ ഇനങ്ങളും കൃഷിക്കായി തെരഞ്ഞെടുക്കാം. വിത്തുകളാണ് നടീലിന് ഉപയോഗിക്കുന്നതെങ്കില്‍ 8–10 മണിക്കൂര്‍  വെള്ളത്തില്‍ കുതിര്‍ത്ത് ഊറ്റിയെടുത്തശേഷം സ്യൂഡോമോണസ് ലായനിയില്‍ ഒരുമണിക്കൂര്‍ കുതിര്‍ത്ത് നടീലിന് ഉപയോഗിക്കാവുന്നതാണ്. പ്ളാസ്റ്റിക് ട്രേകളിലോ കപ്പുകളിലോ വിത്തുകള്‍ മുളപ്പിച്ച് രണ്ടില പ്രായത്തില്‍ ചട്ടി/ബാഗുകളിലേക്ക് മാറ്റിനടുകയോ, നേരിട്ട് ബാഗുകളില്‍ വിത്തുകള്‍ നടുകയോ ചെയ്യാം. ഇങ്ങിനെ നേരിട്ട് വിത്ത് നടുമ്പോള്‍ 3–4 വിത്തുകള്‍വരെ നട്ട് രണ്ടില പ്രായത്തില്‍ പച്ചക്കറിയിനം അനുസരിച്ച് ഒന്നോ, രണ്ടോ തൈകള്‍ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുമാറ്റണം. തൈകളാണ് നടുന്നതെങ്കില്‍ മുളക്, വെണ്ട, തക്കാളി, വഴുതന തുടങ്ങിയവയുടെ തൈ ഒന്നുവീതവും, പയര്‍ പടവലം, പാവല്‍, പീച്ചിങ്ങ തുടങ്ങിയവയുടെ തൈകള്‍ രണ്ടുവീതവും നടീലിനായി ഉപയോഗിക്കാം. നടുന്നതിനുമുമ്പ് ചട്ടി/ബാഗ് ഒന്നിന് 50 ഗ്രാം വേപ്പിന്‍പിണ്ണാക്കും, 100 ഗ്രാം ട്രൈക്കോഡര്‍മ ചേര്‍ത്ത് പരിപോഷിപ്പിക്കപ്പെട്ട ഉണക്ക് ചാണകപ്പൊടിയും ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്. ഇങ്ങിനെ തയ്യാര്‍ചെയ്ത കൂടകളില്‍ തൈകള്‍ നടാം. ഒന്നിടവിട്ട ദിവസങ്ങളില്‍ കാലാവസ്ഥയ്ക്കനുസരിച്ച് ചെറിയതോതില്‍ നന കൊടുക്കണം. നനയ്ക്കുമ്പോള്‍ കൂടകളിലുള്ള ജൈവാംശം ഒഴുകി നശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. താഴെപറയുന്ന ജൈവളങ്ങളിലൊന്ന് ഏഴ്–എട്ട് ദിവസത്തെ ഇടവേളകളില്‍ ചേര്‍ത്തുകൊടുക്കണം. പച്ചച്ചാണകം, ബയോഗ്യാസ് സ്ളറി, കപ്പലണ്ടിപ്പിണ്ണാക്ക്, ഇവയിലൊന്ന് 200 ഗ്രാം രണ്ടുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി തടത്തില്‍ ഒഴിച്ചുകൊടുക്കാം. മണ്ണിര കമ്പോസ്റ്റ് നാലു കി.ഗ്രാം ഒരു സെന്റിന് എന്ന ക്രമത്തില്‍ അഥവാ 25 ഗ്രാം കൂടയൊന്നിന് എന്ന ക്രമത്തില്‍ ചേര്‍ത്തുകൊടുക്കാം. ഗോമൂത്രം എട്ടിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചത് തടത്തില്‍ ഒഴിച്ചുകൊടുക്കാം. അസോസ്പൈറില്ലം, അസറ്റോബാക്ടര്‍, മൈക്കോറൈസ മുതലായ ജീവാണുവളങ്ങളും ജൈവവളത്തോടൊപ്പം ചേര്‍ത്തുകൊടുക്കണം. ഇവ അന്തരീക്ഷത്തില്‍നിന്ന് നൈട്രജനെ ആഗീരണംചെയ്ത് സസ്യവളര്‍ച്ചയ്ക്കാവശ്യമായ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കും. പന്തല്‍ ഇനങ്ങള്‍ക്ക് പന്തലുകള്‍ തയ്യാറാക്കിക്കൊടുക്കണം. മറ്റുള്ളവയ്ക്ക് വളര്‍ച്ചയ്ക്കനുസരിച്ച് താങ്ങുകാല്‍ ആവശ്യമെങ്കില്‍ നാട്ടിക്കൊടുക്കണം. രണ്ടാഴ്ച ഇടവിട്ട് സ്യൂഡോമോണസ് ലായനി തളിച്ചുകൊടുക്കുന്നത് രോഗങ്ങള്‍ തടയുന്നതിന് ഉപകരിക്കും. പൊതുവേ ഈ രീതിയില്‍ കീടാക്രമണം കുറവാണ്. വെള്ളീച്ചകളുടെ ആക്രമണം മുളകിലും, തക്കാളിയിലും, വഴുതനയിലും കണ്ടെന്നു വരാം. മഞ്ഞക്കെണികളും മറ്റ് ജൈവകീട നിയന്ത്രണമാര്‍ഗങ്ങളും സ്വീകരിക്കാം. മഴമറയ്ക്കകത്ത് പ്രത്യേകിച്ച് ടെറസിനുമുകളില്‍ രാസവളങ്ങളും രാസകീടനാശിനികളും പ്രയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് കെട്ടിടത്തിനുതന്നെ ദോഷംവരുത്തും. Read on deshabhimani.com

Related News