കരനെല്‍കൃഷിക്ക് സാധ്യത ഏറെ



കരനെല്‍കൃഷിയുടെ സാധ്യതകളെക്കുറിച്ച് കേരളം ഗൌരവമായി ചിന്തിക്കുന്ന സമയമാണിത്. വേനല്‍മഴയുടെ തുടക്കമാണ് കരനെല്‍കൃഷിയുടെയും ആരംഭം. വിഷുവിന് വിളക്കുതെളിച്ച് പുനംകൃഷിക്ക് വിത്തിറക്കിയിരുന്നത് നമ്മുടെ ശ്രേഷ്ഠപാരമ്പര്യം. നെല്ലും തുവരയും മത്തനും കുമ്പളവുമെല്ലാം പുനംകൃഷിയില്‍ യഥേഷ്ടം വിളഞ്ഞു. പൊന്നു വിളയുന്ന മണ്ണില്‍ പുനംകൃഷി ഒരു നിറവായിരുന്നു. കാലം മാറി പുനംകൃഷിയൊരുക്കിയ കുന്നുകള്‍ റബ്ബറിന് ഒഴിഞ്ഞുകൊടുത്തു.മാറിയ സാഹചര്യത്തിലും കരനെല്‍കൃഷിക്ക് നമ്മുടെ നാട്ടില്‍  അനന്തസാധ്യതയുണ്ട്. തെങ്ങിന്‍തോട്ടങ്ങളും മൂന്നുവര്‍ഷംവരെ പ്രായമായ റബര്‍ തോട്ടങ്ങളും തരിശുസ്ഥലങ്ങളും എന്തിനേറെ ചെങ്കല്‍പ്പാറകള്‍വരെ കരനെല്‍കൃഷിക്ക് പ്രയോജനപ്പെടുത്താം. നെല്ലിന്റെ നാരായവേരുകള്‍ക്ക് വെള്ളത്തെ പിടിച്ചുനിര്‍ത്താനുളള കഴിവുണ്ട്. നെല്ല് ഇടവിളയായപ്പോള്‍ റബറിന്റെ വളര്‍ച്ച വേഗത്തിലായതിന്റെയും തെങ്ങിന്റെ ഉല്‍പ്പാദനം കൂടിയതിന്റെയും പിന്നിലെ രഹസ്യം മറ്റൊന്നല്ല. ഒരുവര്‍ഷംകൊണ്ടുതന്നെ ഒന്നരവര്‍ഷത്തെ വളര്‍ച്ച ലഭിക്കുന്നതുകൊണ്ടാകണം കരനെല്‍കൃഷിചെയ്യാന്‍ മുന്നോട്ടു വരുന്ന റബര്‍കര്‍ഷകരുടെ എണ്ണം കൂടിവരുന്നു. കളകളാണ് നെല്‍കൃഷിയിലെ പ്രധാന തലവേദന. അനുകൂല സാഹചര്യം ഒത്തുവരുമ്പോള്‍ കളകള്‍ കൂട്ടത്തോടെ മുളച്ചുവരും. ചിലപ്പോഴെങ്കിലും കരനെല്ലിന്റെ വളര്‍ച്ചയെത്തന്നെ പ്രതികൂലമായി ബാധിച്ചെന്നുവരാം. നല്ലൊരു മുന്നൊരുക്കമുണ്ടെങ്കില്‍ കരനെല്ലിനെ വരുതിയിലാക്കാം. ഇതിനായി ഫെബ്രവരി–മാര്‍ച്ചില്‍ സ്ഥലം നന്നായി കിളച്ചിളക്കണം. ഒരു നന നല്‍കി പയര്‍വിത്തു വിതയ്ക്കുന്നത് കരനെല്‍കൃഷിക്കുള്ള ശുഭാരംഭമാവും. വന്‍പയര്‍വിത്താണ് ഉത്തമം. പൂക്കുന്നതിനു മുമ്പ് വന്‍പയര്‍ മണ്ണില്‍ ഉഴുതുചേര്‍ക്കണം. ഇങ്ങനെ ജൈവസമ്പുഷ്ടവും നല്ല ഇളക്കവുമുള്ള മണ്ണ് വേനല്‍മഴയില്‍ നനഞ്ഞാല്‍ കരനെല്‍കൃഷി തുടങ്ങാം. ഉമിച്ചാരവും ചാണകവുമാണ് കരനെല്ലിന് നല്‍കേണ്ട അടിവളം. വിത്തും ഉണങ്ങിപ്പൊടിഞ്ഞ ചാണകവെള്ളവും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് നുരിയിടുന്നതാണ് പുനംകൃഷിയില്‍ നടീല്‍രീതി. പൊടിവിതയും കരനെല്‍കൃഷിക്കിണങ്ങും. സാധാരണഗതിയില്‍ കീടരോഗബാധകളൊന്നും കാണാറില്ലെങ്കിലും ചെടിയെ കരുതിയിരിക്കണം. മത്തി സ്പ്രേയും വേപ്പണ്ണ സ്പ്രേയുമാണ് ചാഴിയെ തുരത്താന്‍ ഉത്തമം. വൈശാഖും സ്വര്‍ണപ്രഭയും ആതിരയുമാണ് സാധാരണഗതിയില്‍ കരനെല്‍കൃഷിക്കു യോജിച്ച വിത്തിനങ്ങള്‍. എന്നാല്‍ ലാഭകരമായ കരനെല്ലാണ് ലക്ഷ്യമെങ്കില്‍ ഞവരയെ കൂട്ടുപിടിക്കാം. കുറഞ്ഞ വിളദൈര്‍ഘ്യവും  കൂടിയ വിലയും ഞവരയുടെ ആകര്‍ഷണീയത കൂട്ടുന്ന ഘടകങ്ങളാണ്. ഏറ്റവും കുറഞ്ഞ വിളദൈര്‍ഘ്യമുള്ള നെല്ലിനമായ ഞവരയ്ക്ക് സംസ്കൃതത്തില്‍ ഷാഷ്ഠികമെന്നാണ് പേര്. 60 ദിവസത്തെ കാലാവധിയെന്ന് ചുരുക്കം. മഴ പൂര്‍ണമായും പ്രയോജനപ്പെടുത്തി വളരാന്‍ നമ്മുടെ ഭൌമസൂചികയില്‍ ഇടംനേടിയ ഞവരയ്ക്ക് കഴിയും. നല്ല ഉയരത്തില്‍ വളരുന്നുവെന്നതും ഭാഗികമായി തണല്‍ ഇഷ്ടപ്പെടുന്നുവെന്നതും ഞവരയുടെ മാത്രം പ്രത്യേകത. കരനെല്‍കൃഷിയുടെ ഭാഗമായി തെങ്ങിന്‍തോപ്പില്‍ ഞവര കൃഷിചെയ്യാം. കരനെല്ലായി ചെയ്യുന്ന ഞവരയ്ക്ക് ഗുണം കൂടും. Read on deshabhimani.com

Related News