വിള ഇന്‍ഷൂര്‍ ചെയ്യൂ അത്യാഹിതത്തില്‍നിന്ന് രക്ഷനേടൂ



പ്രകൃതിക്ഷോഭംമൂലം ഉണ്ടാകുന്ന കൃഷിനാശം കര്‍ഷകര്‍ക്കുണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. വിള ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചിട്ട് വര്‍ഷം 20 കഴിഞ്ഞെങ്കിലും കര്‍ഷകര്‍ക്കു നല്‍കുന്ന നഷ്ടപരിഹാര തോതില്‍ ഒരു മാറ്റവും വരുത്തിയിരുന്നില്ല. നിലവിലുള്ള സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്കരിച്ചു നടപ്പാക്കുന്നതിനുള്ള പദ്ധതിവിഹിതം അനുവദിച്ചാണ് ഈ സാമ്പത്തികവര്‍ഷം കാര്‍ഷിക കേരളം ഉണര്‍ന്നെണീറ്റത്. കര്‍ഷകരുടെ യഥാര്‍ഥത്തിലുള്ള നഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരത്തുക പരിഷ്കരിച്ചതാണ് പദ്ധതിയിലെ പ്രധാന മാറ്റം. വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍,‘ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നല്‍, കാട്ടുതീ, വന്യജീവി ആക്രമണം എന്നിവകൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിള ഇന്‍ഷുറന്‍സിന്റെ പരിഗണയില്‍ വരും. കായ്ഫലം നല്‍കുന്ന തെങ്ങൊന്നിന് ഒരുവര്‍ഷത്തേക്ക് രണ്ടുരൂപയാണ് പ്രീമിയം. നഷ്ടപരിഹാരത്തോത് 2000 രൂപയും. കറയെടുക്കുന്ന റബര്‍മരത്തിന് മൂന്നുരൂപയാണ് ഒരുവര്‍ഷത്തെ പ്രീമിയം. റബര്‍മരം പൂര്‍ണമായും  നശിച്ചാല്‍ 1000 രൂപ കര്‍ഷകന് നഷ്ടപരിഹാരമായി ലഭിക്കും. നട്ടുകഴിഞ്ഞാല്‍ അഞ്ചുമാസത്തിനുള്ളില്‍ വാഴ ഇന്‍ഷുര്‍ ചെയ്യണം. വാഴ ഒന്നിന് മൂന്നുരൂപയാണ് പ്രീമിയം. കുലച്ചശേഷമാണ് നഷ്ടപ്പെടുന്നതെങ്കില്‍ നേന്ത്രന് 300 രൂപയും കപ്പ വാഴയ്ക്ക് 200രൂപയും ഞാലിപ്പൂവന് 75 രൂപയും ലഭിക്കും. കുലയ്ക്കാത്ത വാഴയ്ക്കും നഷ്ടപരിഹാരമുണ്ട്. 25 സെന്റ് സ്ഥലത്തെ നെല്‍ കൃഷിക്ക് 25 രൂപ മാത്രമാണ് പ്രീമിയം. നട്ട് 15 ദിവസം കഴിഞ്ഞ് 45 ദിവത്തിനുള്ളില്‍ ഇന്‍ഷുര്‍ ചെയ്യണം. നട്ട് ഒന്നരമാസത്തിനുള്ളിലാണ് നഷ്ടം സംഭവിക്കുന്നതെങ്കില്‍ 25 സെന്റിന് 1500 രൂപയും 45 ദിവസത്തിനുശേഷമാണെങ്കില്‍ 3500 രൂപയും നഷ്ടപരിഹാരം നല്‍കും. ഇങ്ങനെ ഓരോ വിളയ്ക്കും വര്‍ധിച്ചതോതിലുള്ള ആനുകൂല്യമാണ് വിള ഇന്‍ഷുറന്‍സിലൂടെ ലഭിക്കുക. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലുള്ള പ്രീമിയം തുക അടച്ചദിവസംമുതല്‍ ഏഴു ദിവസങ്ങള്‍ക്കുശേഷം മാത്രമേ നഷ്ട പരിഹാരത്തിന് അര്‍ഹതയുള്ളൂ. ഒരു കൃഷിഭൂമിയില്‍ ഒരു വിള ഭാഗികമായി ഇന്‍ഷുര്‍ചെയ്യാന്‍ സാധിക്കുന്നതല്ല. വിളകള്‍ക്ക് നഷ്ടം സംഭവിച്ചാല്‍ രണ്ടാഴ്ചയ്ക്കകം നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. പൂര്‍ണനാശത്തിനാണ് നഷ്ടപരിഹാരം നല്‍കുക.സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പദ്ധതിവിഹിതവും കര്‍ഷകരില്‍നിന്നു ലഭിക്കുന്ന പ്രീമിയവും ഫണ്ടില്‍ നിക്ഷേപിച്ച തുകയില്‍നിന്നു ലഭിക്കുന്ന പലിശയും അടങ്ങുന്നതാണ് വിള ഇന്‍ഷുറന്‍സ് ഫണ്ട്. കൃഷിഭവനിലാണ് വിള ഇന്‍ഷുര്‍ചെയ്യുന്നതിനുള്ള അപേക്ഷ നല്‍കേണ്ടത്. (നീലേശ്വരത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക) Read on deshabhimani.com

Related News