കീടങ്ങളെ നശിപ്പിക്കാന്‍ നീലക്കെണിയും മഞ്ഞക്കെണിയും



ജൈവപച്ചക്കറിക്കൃഷി ചെയ്യുമ്പോള്‍ കീടനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് കെണിയൊരുക്കി കീടങ്ങളെ ആകര്‍ഷിച്ചുപിടിച്ച് നശിപ്പിക്കുക. പച്ചക്കറിയില്‍ വിവിധ ഘട്ടത്തില്‍ ഇലയില്‍വന്നിരുന്ന് നീരൂറ്റിക്കുടിക്കുന്ന ഇലപ്പേനുകളെയും, വെള്ളീച്ചകള്‍, മുഞ്ഞകള്‍, ചിത്രകീടങ്ങള്‍ എന്നിവയും ഉണ്ടാകാറുണ്ട്. ഇത് പച്ചക്കറിയില്‍ വലിയ ഉല്‍പ്പാദനനഷ്ടം വരുത്തും. ഇവയെ ഒരുപരിധിവരെ ഫലപ്രദമായി തടയാന്‍പറ്റുന്ന  മാര്‍ഗമാണ് നീലക്കെണിയും, മഞ്ഞക്കെണിയും. ചിലതരം കീടങ്ങള്‍ക്ക് ചില നിറങ്ങളോട് പ്രത്യേക ആകര്‍ഷണം ഉള്ളതായി കണ്ടിട്ടുണ്ട്. നീലനിറത്തോടാണ് ഇലപ്പേനുകള്‍ക്ക് ആകര്‍ഷണം. വെള്ളീച്ച, ചിത്രകീടം, മുഞ്ഞ എന്നിവയ്ക്ക് മഞ്ഞനിറമാണ് ഇഷ്ടം. ഈ ഇഷ്ടത്തെ നമുക്ക് ചൂഷണംചെയ്ത് ഇവയെ ആകര്‍ഷിച്ച് നശിപ്പിക്കുകയാണ് ലക്ഷ്യം. സാധാരണ പോസ്റ്റ്കാര്‍ഡിന്റെ വലുപ്പത്തിലും തടിപ്പിലുമുള്ള നീലയും, മഞ്ഞയും നിറത്തിലുള്ള കാര്‍ഡുകള്‍ വാങ്ങുക. ഇതിന്റെ രണ്ടുവശവും ഒട്ടിപ്പിടിക്കാന്‍ പര്യാപ്തമായവിധം ആവണക്കെണ്ണ പുരട്ടുക. ഇങ്ങിനെ ലേപനംചെയ്ത കാര്‍ഡ് പച്ചക്കറിക്കൃഷിയിടത്തില്‍ അങ്ങിങ്ങായി ചരടില്‍ കെട്ടിത്തൂക്കുക. 10 ച. മീറ്ററില്‍ ഒരു കാര്‍ഡ് എന്ന തോതില്‍ സ്ഥാപിക്കാം. കീടങ്ങള്‍ പറന്നുവന്ന് ഈ കാര്‍ഡില്‍ ഇരിക്കും. ആവണക്കെണ്ണയുടെ പശിമയില്‍ ഇത് പറ്റിപ്പിടിച്ച് പുറത്ത് രക്ഷപ്പെടാനാകാതെ കിടന്ന് ചത്തുപോകും. ഇതുവഴി നല്ലൊരുഭാഗം കീടങ്ങളെ നശിപ്പിക്കാനാകും.   Read on deshabhimani.com

Related News