കറിവേപ്പ്‌ എന്ന രുചിക്കൂട്ട്‌



കറികൾക്ക് രുചിയും സുഗന്ധവും  പകരാൻ സഹായിക്കുന്ന   കറിവേപ്പ്‌ ഔഷധഗുണമുള്ള ഇലവർഗമാണ്‌. പോഷകസമൃദ്ധവും. ശാസ്ത്രീയനാമം മുരയാ കൊയ്നിജി (Murraya koenigii). കറിവേപ്പിന്റെ ഉൽഭവം ഉത്തരേന്ത്യയാണ്.  ഓരോ 100 ഗ്രാം ഇലയിലും 6.1 പ്രോട്ടീൻ, 16 ഗ്രാം സ്റ്റാർച്ച്, 6.4 ഗ്രാം നാര്, വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ, വിശപ്പില്ലായ്മ, ഛർദ്ദി, വയറുവേദന, വയറിളക്കം  എന്നിവയ്‌ക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്‌. സമുദ്രനിരപ്പിൽനിന്ന്‌ 1000 മീറ്റർ ഉയരംവരെയുള്ള പ്രദേശങ്ങളിൽ കൃഷിചെയ്യാം. ഉഷ്ണമേഖലാ വിളയായ കറിവേപ്പ് ഏത് മണ്ണിലും നന്നായി വളരും. വിത്തുപാകിയുണ്ടാക്കിയ തൈകൾ ഉപയോഗിച്ചും വേരിൽനിന്നു പൊട്ടിവരുന്ന തൈകൾ വേരോടെ പിഴുതെടുത്തും നടാം.  കാലവർഷാരംഭത്തിനുമുമ്പ്‌ തൈകൾ നടാം. അടിവളമായി രണ്ടു കിലോ   ചാണകപ്പൊടി കുഴിയൊന്നിന് നൽകുക. കാലവർഷാരംഭത്തിൽ തടം തുറന്ന് രണ്ടുമൂന്ന് കിലോ  കാലിവളവും പച്ചിലവളങ്ങളും ചേർത്ത് അൽപ്പം കോംപ്ലക്സ് വളംകൂടി നൽകിയ ശേഷം തടം മൂടണം. തടത്തിൽ വെള്ളം കെട്ടിനിൽക്കരുത്. ഒന്നര വർഷത്തിനുശേഷമേ ചെടിയിൽനിന്നും ഇലകൾ നുള്ളിയെടുക്കാൻ പാടുള്ളൂ. വേനലിൽ നനയ്‌ക്കാൻ ശ്രദ്ധിക്കണം. ചെടി അധികം ഉയരത്തിൽ വളരാതെ കൊമ്പ് കോതി നിർത്തുന്നത് കൂടുതൽ ശാഖ  ഉണ്ടാകുന്നതിനും കൂടുതൽ ഇലകൾ നൽകുന്നതിനും സഹായകമാകും. പുഴുക്കൾ, തേയിലക്കൊതുക് തുടങ്ങിയ കീടങ്ങൾക്കെതിരെ ജൈവ കീടനാശിനികൾ മാത്രം പ്രയോഗിക്കാൻ ശ്രദ്ധിക്കണം.   Read on deshabhimani.com

Related News