ചെറുപയര്‍ കൃഷിചെയ്യാം



കൊയ്തെടുക്കുന്ന വയലില്‍ ഉഴുന്നും വന്‍പയറും കൃഷിയിറക്കാറുണ്ടെങ്കിലും ചെറുപയര്‍ നമ്മുടെ നാട്ടില്‍ വലിയ പ്രചാരത്തിലില്ല. ചെറിയ ചെലവില്‍ നല്ല ലാഭമുണ്ടാക്കാവുന്ന വിളയാണ് ചെറുപയര്‍. നെല്‍വയലില്‍ മാത്രമല്ല, തെങ്ങ്, വാഴ, മരച്ചീനി, ചേമ്പ് തുടങ്ങിയവയ്ക്കൊപ്പം ഇടവിളയാക്കാനും ചെറുപയര്‍ മിടുക്കനാണ്. നിറഞ്ഞ പൊട്ടാസ്യവും ഇരുമ്പുസത്തും, പ്രോട്ടീനും, വിറ്റാമിനും ഒപ്പം നാരുകളും ചെറുപയറിനെ ഡയറ്റീഷ്യന്മാരുടെ പ്രിയതാരമാക്കുന്നു.  കലോറി കുറച്ച് സമീകൃതാഹാരമാക്കാനും മുളപ്പിച്ച ചെറുപയറോളം പോന്ന മറ്റൊന്നില്ല. പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തില്‍ ഒഴിച്ചൂകൂടാനാവാത്ത ഒന്നാണ് ചെറുപയര്‍. മദീര, കോ2, ഫിലീപൈന്‍സ് എന്നിവ നമ്മുടെ നാട്ടില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഇനങ്ങളാണ്. ഒരേക്കറില്‍ കൃഷിചെയ്യാന്‍ എട്ടുമുതല്‍ 10 കിലോഗ്രാം വിത്ത് മതിയാകും. നിലം നന്നായി കിളച്ച് പാകപ്പെടുത്തി ഒരേക്കറിന് 100 കിലോഗ്രാം കുമ്മായം ചേര്‍ത്തിളക്കണം.  അതോടൊപ്പം എട്ടുടണ്‍ കാലിവളം ചേര്‍ക്കുന്നതും ഉല്‍പ്പാദനം കൂട്ടും. രണ്ടുമീറ്റര്‍ അകലത്തിലായി ചാലുകീറുന്നത് അധികമുള്ള വെള്ളം വാര്‍ന്നുപോകാന്‍ സഹായിക്കും. രണ്ടടി അകലത്തിലായി എടുക്കുന്ന ചാലുകളില്‍ അരയടി അകലത്തില്‍ രണ്ടു വിത്തുവീതം വിതയ്ക്കാം. വിതയ്ക്കുന്നതിനു മുമ്പ് റൈസോബിയം കള്‍ചര്‍ തലേദിവസത്തെ കഞ്ഞിവെള്ളം ഉപയോഗിച്ച് വിത്തില്‍ പുരട്ടണം. രാസവളം ചേര്‍ക്കുന്നുണ്ടെങ്കില്‍ ഏക്കറിന് 10 കിലോഗ്രാം യൂറിയയും 60 കിലോഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റും 20 കിലോഗ്രാം പൊട്ടാഷും അവസാന ചാല്‍ എടുക്കുന്നതിനോടൊപ്പമാണ് ചേര്‍ക്കേണ്ടത്. നാലു കിലോഗ്രാംവീതം യൂറിയ വിതച്ച് രണ്ടാഴ്ചയ്ക്കു ശേഷവും നാലാഴ്ചയ്ക്കുശേഷവും രണ്ടുതവണയായി ചേര്‍ത്തു കൊടുക്കാം. നട്ട്മൂന്നുമാസത്തിനുള്ളില്‍ വിളവെടുക്കാം. ഉണങ്ങുന്നതിനുമുമ്പുതന്നെ കൊയ്തെടുത്ത് കളത്തില്‍ ഒരാഴ്ച കൂട്ടിയിട്ടശേഷം വടി ഉപയോഗിച്ച് അടിച്ചുകൊടുക്കുന്നു. ഒരേക്കറില്‍നിന്ന് 150 കി.ഗ്രാം ചെറുപയര്‍ അനായാസമായി വിളവെടുക്കാം.  മാത്രമല്ല, മണ്ണിലെ നൈട്രജന്‍ അളവ് ഇരട്ടിയാക്കാമെന്നതും ചെറുപയറിന്റെ മഹനീയ പ്രവര്‍ത്തിയില്‍പ്പെടും.   Read on deshabhimani.com

Related News