കമ്പിളിപ്പുഴുവിനെ കരുതിയിരിക്കുക



മൂടിക്കെട്ടിയ ആകാശം. കുറഞ്ഞ മഴ.  കൂടിയ വെയിലും ആര്‍ദ്രതയും, വാഴയില്‍ കീടത്തിന്റെ താരോദയം. വലിയ പ്രശ്നക്കാരനൊന്നുമല്ലാതിരുന്ന കമ്പിളിപ്പുഴുവാണ് നായകന്‍. ഒരുപറ്റം പുഴുക്കള്‍ ഇലയിലെ ഹരിതകം വളരെ പെട്ടെന്ന് കാര്‍ന്നുതിന്നുകയെന്നതാണ് കമ്പിളിപ്പുഴുവെന്ന് നാം പേരിട്ടുവിളിക്കുന്ന ലെപിസോപ്റ്ററന്‍ വിഭാഗത്തില്‍പ്പെട്ട പെരികാലിയ റിസിനിയുടെ ആക്രമണം. അതിരാവിലെയും സന്ധ്യക്കും പ്രവര്‍ത്തനനിരതനാകുന്ന പുഴു പകല്‍ വാഴക്കവിളിനകത്ത് സുഖസുഷുപ്തിയിലമരും. പകല്‍ പ്രത്യക്ഷപ്പെടാത്തതിനാല്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. ഹരിതകം മുഴുവന്‍ തുരച്ചുകളഞ്ഞതുപോലിരിക്കുന്ന വാഴയാണ് കമ്പിളിപ്പുഴുവിന്റെ ആക്രമണ ലക്ഷണം. നേരിയ തോതിലുള്ള ആക്രമണം മാത്രം നടത്തിക്കൊണ്ടിരുന്ന കമ്പിളിപ്പുഴുവിന്റെ ഈ സീസണിലെ വളര്‍ച്ച വാഴകര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ചെറുതും വലുതുമായ വാഴത്തോട്ടങ്ങളില്‍ മാത്രമല്ല, ചീര, പയര്‍ തുടങ്ങിയ പച്ചക്കറികളിലും ആക്രമണം കാണുന്നു. വീടിനുള്ളില്‍ കയറുന്നതിന് പ്രത്യേകിച്ച് അനുവാദമൊന്നും കമ്പിളിപ്പുഴുവിന് വേണ്ട. ഇലയുടെ മേല്‍ മരുന്നു തളിച്ചതുകൊണ്ട് നിയന്ത്രണം സാധ്യമാകില്ല. ഒരില പോയാല്‍ ഒരു പടല പോയിയെന്ന വാഴയുടെ കാര്‍ഷികനയത്തിലാണ് കമ്പിളിപ്പുഴു കണിവച്ചിരിക്കുന്നത്. വേപ്പണ്ണ എമല്‍ഷന്‍ വാഴക്കവിളില്‍ ഒഴിക്കുകയെന്നതാണ് കമ്പിളിപ്പുഴുവിനെതിരെയുള്ള ഏറ്റവും നല്ല നിയന്ത്രണമാര്‍ഗം. ഇതിനായി 50 മില്ലി വെള്ളത്തില്‍ ആറുഗ്രാം ബാര്‍സോപ്പ് ലയിപ്പിക്കുക. ഈ ലായിനി 100 മില്ലി  വേപ്പണ്ണയുമായി ചേര്‍ത്തിളക്കാം. ഇങ്ങനെ തയ്യാര്‍ചെയ്ത  വേപ്പണ്ണ എമല്‍ഷന്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുവേണം വാഴക്കവിളില്‍ ഒഴിക്കാന്‍. വെരുവലത്തിന്റെ പൂവും ഇലയും നന്നായി അരച്ച് 20ഗ്രാം ഒരുലിറ്റര്‍  വെള്ളത്തില്‍ എന്ന തോതില്‍ കലക്കി അരിച്ചെടുത്ത സത്ത് വാഴക്കവിളില്‍ ഒഴിക്കുന്നതും നിയന്ത്രണം സാധ്യമാക്കും. മിത്രകുമിളായ ബ്യുവേറിയ 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിക്കുന്നതാണ് കമ്പിളിപ്പുഴു നിയന്ത്രണത്തില്‍ ഏറെ ഫലപ്രദം. (കൃഷി വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക) Read on deshabhimani.com

Related News