മധുരിക്കും മിറാക്കിൾ ഫ്രൂട്ട്



സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ഇതിന്റ ഒരു പഴം വായിലിട്ട് ചവച്ചാൽ ഒന്ന് രണ്ട് മണിക്കൂർവരെ നാം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം അതിമധുരമായി അനുഭവപ്പെടും. പടിഞ്ഞാറൻ ആഫ്രിക്കൻ സ്വദേശിയാണ്. സപ്പോട്ടേസിയേ (Sapotaceae) കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം സിൻസെപാലം ഡൾസിഫൈക്കം (Synsepalum dulcificum ) എന്നാണ്. നമ്മുടെ മണ്ണും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം ഈ ചെടിയുടെ വളർച്ചയ്‌ക്ക് അനുയോജ്യമാണ്. വിത്തുവഴിയാണ് പ്രധാനമായും വംശവർധന. വിത്ത് തൈകൾ എളുപ്പം തയ്യാറാക്കാം. വിത്തിന് കാലപ്പഴക്കം കുടുംതോറും കിളിർക്കാനുള്ള ശേഷി നഷ്ടപ്പെടും. പുതിയ വിത്ത് മണ്ണിലോ മണ്ണ് നിറച്ച പോളിത്തീൻ ബാഗിലോ നട്ട് തൈകളാക്കാം. നാലഞ്ച് ഇല പ്രായമായാൽ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം. വലുപ്പമുള്ള ചട്ടികളിലും ഇവയെ വളർത്താനാകും. ഭാഗികമായ സൂര്യപ്രകാശത്തിലും ചെടി നന്നായി വളരും. കുറ്റിച്ചെടിയായാണ് വളരുക. പരമാവധി പത്തടിവരെ ഉയരത്തിൽ വളരും. തൈ നട്ട് മൂന്നാം വർഷംതന്നെ ഫലം തരും. നമ്മുടെ കാലാവസ്ഥയിൽ എല്ലാക്കാലത്തും ഇത് പൂക്കുകയും കായ്ക്കുകയും ചെയ്യും. വെള്ളനിറത്തിലുള്ള പൂക്കൾക്ക് നേരിയ സുഗന്ധവുമുണ്ട്. പച്ചനിറത്തിലുള്ള കായ്കൾ പഴുക്കുന്നതോടെ ചുവപ്പ് നിറമാകും. കായ്കളിൽ ഓരോ വിത്ത്‌ കാണും. ഇതിന്റെ വിത്തൊഴിച്ചുള്ള മാംസളമായ പുറംഭാഗമാണ് ഭക്ഷ്യയോഗ്യമായത്. ഇതിലുള്ള മിറാക്കുലിൻ എന്ന രാസപദാർഥം പഞ്ചസാരയ്‌ക്ക് തുല്യം മധുരം നൽകുന്നു. എന്നാൽ, പഞ്ചസാര കഴിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളൊന്നും ഇത് കഴിക്കുകവഴി ഉണ്ടാക്കുകയുമില്ല. കാരണം, ഇതൊരു ഗ്ലായിക്കോ പ്രോട്ടീൻ (Glyco protein) ആണ്. മിറാക്കിൾ ഫ്രൂട്ടിലടങ്ങിയ ‘മിറാക്കുലിൻ' എന്ന പ്രോട്ടീൻ ഘടകം നാവിലെ മധുരം പ്രദാനം ചെയ്യുന്ന രസമുകുളങ്ങളെ ഉണർത്തുകയും ഒപ്പം പുളി, കയ്പ് എന്നിവയ്‌ക്കുള്ള ഗ്രന്ഥികളെ താൽക്കാലികമായി നിർവീര്യമാക്കുകയും ചെയ്യുന്നു. പ്രമേഹരോഗികൾക്ക് ഇതിന്റെ പഴം കഴിക്കുന്നത് തുടർന്ന് കഴിക്കുന്ന ഭക്ഷണത്തെ മധുരതരമാക്കാനാകും. ഇന്ന് പല രാജ്യങ്ങളും മിറാക്കിൾ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് മിറാക്കുലിൻ അടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുകയും ചെയ്യുന്നു. മധുരപലഹാരങ്ങളിലും മിറാക്കിൾ ഫ്രൂട്ട് ഉപയോഗിച്ചുവരുന്നു. എന്തായാലും ഈ കുഞ്ഞൻ ഫലത്തെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ്. Read on deshabhimani.com

Related News