നമ്മുടെ മാവും പൂക്കും



വീട്ടുമുറ്റത്തെ മാവ് വര്‍ഷംതോറും കായ്ക്കുന്നത് കര്‍ഷകന്റെ വെറും സ്വപ്നം. മാവിനെ വളരെ സാരമായി ബാധിക്കുന്ന ഒരു പ്രതിഭാസമാണ് അനിയമിത ഫലനം. എല്ലാ വര്‍ഷവും ഒരേരീതിയില്‍ നല്ല വിളവു ലഭിക്കുന്നില്ലെന്നത് ഇതിന്റെ പ്രത്യേകത.  ഒരുവര്‍ഷം കായ്ച്ച മരം അടുത്തവര്‍ഷം തീരെ കായ്ക്കാതിരിക്കുകയോ കുറച്ചുമാത്രം കായ്ക്കുകയോ ചെയ്യും. അനിയമിത ഫലനത്തെക്കാള്‍ വലിയ പ്രശ്നം മാവ് തീരെ കായ്ക്കാതിരിക്കുന്നതാണ്. മറ്റു വിളകളെപ്പോലെ മാവിനും തടം തുറക്കുകയും ശാസ്ത്രീയമായ രീതിയില്‍ വളപ്രയോഗവും ജലസേചനവും അത്യാവശ്യം. തുലാവര്‍ഷത്തില്‍ മാവിന്റെ ചുവട്ടില്‍നിന്ന് രണ്ടു മീറ്റര്‍ അകലെയായോ ഇലച്ചാര്‍ത്തിന് താഴെയോ തടമെടുക്കണം. ഈ സമയത്ത് 50 കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റോ കാലിവളമോ ചേര്‍ക്കാം. ഒപ്പം രണ്ടുകിലോഗ്രാം പൊട്ടാഷും. നേര്‍ത്ത മഴയും വളങ്ങളും മാവിന് പൂക്കുന്നതിനുള്ള പ്രചോദനമാകും. കാര്‍ബണ്‍ നൈട്രജന്‍ അനുപാതത്തില്‍ വരുന്ന ഏറ്റക്കുറച്ചിലിനോടൊപ്പം ഡിസംബറില്‍ പുകച്ചുകൊടുക്കുകയും ചെയ്താല്‍ ഏത് പൂക്കാത്ത മാവും പൂക്കും. വലയംമുറിക്കുന്നത് മാവ് പൂക്കുന്നതിനുള്ള മറ്റൊരു സൂത്രപ്പണിയാണ്. ഏകദേശം ഒന്നരസെന്റീമീറ്റര്‍ വണ്ണമുള്ള ശാഖകളില്‍ ഏഴു സെന്റിമീറ്റര്‍ വീതിയില്‍ മോതിരത്തിന്റെ ആകൃതിയില്‍ തൊലി നീക്കംചെയ്യുന്നതാണ് വലയംമുറിക്കല്‍. മോതിരവലയം നീക്കുന്നതോടെ കായികവൃദ്ധി നിലയ്ക്കുകയും വലയത്തിന്റെ മുകളിലായി ധാരാളം കാര്‍ബോ ഹൈഡ്രേറ്റ് സംഭരിക്കുകയും മാവ് പൂക്കുകയും ചെയ്യും. എട്ടുമാസമെങ്കിലും മൂപ്പെത്തിയ ശിഖരങ്ങളില്‍ മാത്രമേ മാവ് പൂക്കൂ. തുടര്‍ച്ചയായി എല്ലാ വര്‍ഷവും പൂക്കണമെങ്കില്‍ മാവ് തളിര്‍ക്കുകയും വേണം. എല്ലാവര്‍ഷവും ഏപ്രിലില്‍ വേനല്‍മഴയോടെ മാവിന് 50 കി.ഗ്രാം ജൈവവളവും ഒരുകിലോഗ്രാം യൂറിയയും ഒന്നരക്കിലോഗ്രാം എല്ലുപൊടിയും ചേര്‍ക്കാം. മാവിന്റെ കൊമ്പുകോതുകയും വേണം. മേയില്‍ തളിര്‍ത്താല്‍ ജനുവരിയില്‍ മാവ് പൂക്കുന്നതിനുള്ള ആദ്യ ചുവടുവയ്പായെന്ന് ഉറപ്പിക്കാം. ഒക്ടോബറില്‍ പൊട്ടാഷും നവംബറില്‍ പുകയ്ക്കലും വലയംമുറിക്കലുമായാല്‍ മാമ്പഴത്തിന്റെ കാര്യത്തില്‍ തീരുമാനമാകും. (കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക) Read on deshabhimani.com

Related News