മണ്ണ് ജല സംരക്ഷണത്തിന്‌ കയർ ഭൂവസ്ത്രം



  ചെങ്കുത്തായ സ്ഥലങ്ങൾ, കുന്നിൻചരിവുകൾ, നദികൾ, തോടുകൾ, നീരുറവകൾ–- ഇവയുടെ പാർശ്വഭാഗങ്ങൾ എന്നിവിടങ്ങളിൽ സാധാരണ രീതിയിൽ  മണ്ണ്–--ജല സംരക്ഷണപ്രവർത്തനം നടത്താനാകില്ല. മണ്ണിനെ കയർ ഭൂവസ്ത്രം ഉപയോഗിച്ച്  പുതപ്പിച്ച് മണ്ണൊലിപ്പ് തടയുന്ന നൂതനരീതി കേരളത്തിൽ വ്യാപകമാകുകയാണ്‌. വിജയകരമായ ഈ രീതിക്ക്‌  സംസ്ഥാന സർക്കാരും  പിന്തുണ നൽകുന്നു. സാധാരണ തുണിനെയ്യുന്ന മാതൃകയിൽ നെയ്തെടുക്കുന്ന കയർ പായകളുടെ ഇഴയടുപ്പം തീരുമാനിക്കുന്നത് സ്ഥലച്ചരിവ്, മറ്റു പ്രത്യേകതകൾ, നടാൻ ഉദ്ദേശിക്കുന്ന വൃക്ഷലതാദികൾ എന്നിവയ്‌ക്ക്‌ അനുസരിച്ചാണ്. ചരിവുള്ള സ്ഥലങ്ങൾ ചെത്തി ചെറുതായി നിരപ്പാക്കുകയെന്നതാണ് ആദ്യപ്രവൃത്തി. വൃക്ഷങ്ങളാണ് നടാൻ ഉദ്ദേശിക്കുന്നതെങ്കിൽ നിശ്ചിത അകലത്തിലും മാതൃകയിലും കുഴികൾ തയ്യാറാക്കി മേൽമണ്ണിട്ട് മൂടി, കുഴിയുടെ മധ്യഭാഗത്ത് ഒരു ചെറുകമ്പ് നാട്ടിവയ്‌ക്കണം. തുടർന്ന് ചരിവിന്‌ അനുസരിച്ച് കയറ്റുപായകൾ ചുരുൾ നിവർത്തി വിരിക്കാം. രണ്ടു പായ ചേരുന്നിടം ഒന്ന്, മറ്റൊന്നിനു മുകളിൽ 15 സെന്റീമീറ്റർ കയറിവയ്‌ക്കണം. പായ വിരിച്ചുകഴിഞ്ഞാൽ ഏറ്റവും മുകൾ ഭാഗത്തും ഏറ്റവും താഴ് ഭാഗത്തും ഒരടി ആഴത്തിൽ ചാലുകളെടുത്ത് പായ മണ്ണിൽ ഉറപ്പിക്കാൻ ശ്രദ്ധിക്കണം. ഭൂമിയുടെ ചരിവിന്‌ അനുസരിച്ച് ഒരടിമുതൽ രണ്ടടിവരെ അകലത്തിൽ ഇതിനുള്ള പ്രത്യേകതരം ആണികൾ ഉപയോഗിച്ച് കയറ്റുപായ മണ്ണിൽ ഉറപ്പിക്കണം. വെള്ളം ഒഴുക്കുണ്ടായാൽ പായകൾ ഇളകാതിരിക്കാനാണ്‌ ഇത്.   ഇങ്ങനെ വിരിച്ച കയർ ഭൂവസ്ത്രത്തിനു മുകളിൽ പുല്ലിനങ്ങളുടെ വിത്തോ, മറ്റു വൃക്ഷങ്ങളോ നടാം. പുൽവിത്താണ് നടുന്നതെങ്കിൽ ഒരു സ്ക്വയർ മീറ്ററിന് 10 ഗ്രാം വിത്ത് ആവശ്യമായിവരും. വൃക്ഷങ്ങളാണ് നടുന്നതെങ്കിൽ നേരത്തേ തയ്യാറാക്കിയ കുഴികളിൽ കമ്പ് മാറ്റി തൈകൾ നടുകയും ചെയ്യാം. വേനലിൽ ആവശ്യാനുസരണം നടീലിനുശേഷം നനച്ചുകൊടുക്കണം. വളക്കൂറുള്ള മേൽമണ്ണ്‌ സംരക്ഷിച്ച് മണ്ണിൽ ഈർപ്പം നൽകുന്നതിനും  മണ്ണിന് ജീവൻ നൽകുന്നതിനും ഇത് ഉപകരിക്കും. Read on deshabhimani.com

Related News