ശീമകക്കിരി കൃഷി എളുപ്പം



ശീമ കക്കിരി എന്ന പേരിൽ അറിയപ്പെടുന്ന ചൗചൗ എന്ന പച്ചക്കറിക്ക്‌ പ്രിയം ഏറിയിട്ടുണ്ട്‌. പാവൽ, പടവലം, വെള്ളരി, തണ്ണി മത്തൻ, ചുരക്ക, കുമ്പളം തുടങ്ങിയ  വെള്ളരി വർഗ പച്ചക്കറി കുടുംബത്തിൽ അടുത്ത കാലത്തായി  അതിഥിയായി വന്നെത്തിയതാണിത്‌. സ്വദേശം മെക്‌സിക്കോയും. സെക്കിയം എഡ്യൂൾ എന്നാണ് ശാസ്ത്രനാമം. കായും തണ്ടും ഇളം ഇലകളുമെല്ലാം ഭക്ഷ്യയോഗ്യം.  വിവിധ പോഷകമൂലകങ്ങളുടെ കലവറയാണിത്‌. മറ്റു വെള്ളരിവിളകളേക്കാൾ മണ്ണിലെ അമ്ലത്വത്തെ  അതിജീവിച്ചു വളരാനുള്ള കെൽപ്പുമുണ്ട്‌. സങ്കീർണമായ കൃഷിരീതികളൊന്നുമില്ല. കായ്കൾ പച്ച നിറത്തിലും വെള്ള നിറത്തിലുമായി രണ്ടിനങ്ങൾ ഉണ്ട്. രുചിയിലും, രോഗ കീട പ്രതിരോധശേഷിയിലും  മുന്നിൽ നിൽക്കുന്നു. കായീച്ചയുടെ ശല്യവും താരതമ്യേന ഇതിന് കുറവാണ്. അതിനാൽ മാർക്കറ്റിൽ പച്ചയ്‌ക്കാണ് കൂടുതൽ പ്രിയം. കൃഷിരീതി പാവൽ, പടവലം എന്നിവ കൃഷി ചെയ്യുന്നതുപോലെ തടമെടുത്ത് പന്തലിട്ട്  കൃഷി ചെയ്യാം. വർഷകാലം തുടങ്ങുന്നതോടെ കൃഷി ആരംഭിക്കാം. നന്നായി സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളക്കെട്ടില്ലാത്തതുമായസ്ഥലം ഇതിനായി തെരഞ്ഞെടുക്കണം. ഒരു സെന്റ്‌ സ്ഥലത്തിന് 80 കിലോഗ്രാം എന്ന കണക്കിൽ  പഴകിപ്പൊടിഞ്ഞ കാലി വളമോ പാകം വന്ന കമ്പോസ്റ്റോ അടിവളമായി ചേർത്ത് മണ്ണിന്റെ  വളക്കൂറ് വർധിപ്പിക്കണം. മറ്റു വെള്ളരിവർഗ വിളകളിൽനിന്നും വ്യത്യസ്‌തമായി ചൗചൗ ഫലത്തിൽ ഒരു വിത്ത് മാത്രമാണുണ്ടാവുക. പച്ചക്കറിക്കടകളിൽനിന്നും മൂത്ത കായ്കൾ ശേഖരിച്ച് സുക്ഷിച്ച് വച്ചാൽ ഇവ മുളച്ച് വരും. മുളവന്ന കായ്കൾ നടീൽ വസ്തുവായി ഉപയോഗിക്കാം. ഒരു തടത്തിൽ മൂന്ന് വിത്തുകൾ വീതം നടും. വള്ളി വീശി തുടങ്ങിയാൽ പടരാനുള്ള സൗകര്യമൊരുക്കണം. മാസത്തിലൊരിക്കൽ വളപ്രയോഗം നടത്തുന്നത്‌ നല്ലത്‌. പിണ്ണാക്ക് വളങ്ങൾ, മണ്ണിര കമ്പോസ്റ്റ്, കാലി വളം, എല്ലുപൊടി എന്നിവയെല്ലാം ഉപയോഗിക്കാം. മഴയില്ലാത്തപ്പോൾ നനയ്‌ക്കണം. നടീൽകഴിഞ്ഞ്‌ നാലുമാസംകൊണ്ട് പൂത്തു തുടങ്ങും. പിന്നീട്  തുടർച്ചയായി വിളവെടുക്കാം. സാരമായ രോഗ കീടബാധകൾ കാണാറില്ല. കായീച്ച ശല്യം കെണിവച്ച്‌ നിയന്ത്രിക്കാം. തണുപ്പുള്ള കാലാവസ്ഥയിലാണ് ചെടി സമൃദ്ധമായി കായ്ക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞ തണ്ടുകൾ ഇടക്കിടെ മുറിച്ചുനീക്കുന്നത് നല്ലതാണ്. കയറ്റുമതി സാധ്യതയും ഒരിക്കൽ കൃഷി ചെയ്തു കഴിഞ്ഞാൽ മൂന്നു വർഷം വരെ അത് കിഴങ്ങ് രൂപത്തിൽ മണ്ണിൽ നിലനിൽക്കും. ഒരു പ്രാവശ്യത്തെ വിളവെടുപ്പ് കഴിഞ്ഞാൽ ഇലകൾ മഞ്ഞളിച്ച് കരിഞ്ഞു തുടങ്ങും. അപ്പോൾ വള്ളികൾ വെട്ടിമാറ്റുന്നതോടെ ചുവട്ടിൽ നിന്നും പുതിയ വള്ളികൾ തളിർത്തു തുടങ്ങും. ഇവയെ പന്തലിലേക്ക് പടർത്തി വിടണം. മൂന്നു വർഷം വരെ ഇങ്ങനെ തുടരാം.ഇതിന്റെ വെളുത്ത മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. പച്ചയായി തന്നെ കഴിക്കാം. ഉപ്പിലിട്ട് വയ്‌ക്കാം. അച്ചാറുകൾ, ജാമുകൾ എന്നിവ ഉണ്ടാക്കാം. കയറ്റുമതി സാധ്യതയുമുണ്ട്. Read on deshabhimani.com

Related News