ഏലത്തിന്‌ പൊന്നുവില; കർഷകന്‌ തുച്ഛവില, നേട്ടം തമിഴ്‌നാട്ടിലെ വ്യാപാരികൾക്ക്‌



നെടുങ്കണ്ടം > ഏലക്കായുടെ വിലയിടിക്കാൻ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരുടെയും വ്യാപാരികളുടെയും സംഘം. കോവിഡ്‌ കാലത്തിനു മുമ്പ്‌‌ 4000 രൂപയായിരുന്ന വില ഇപ്പോൾ 2348 രൂപയായി താഴ്‌ന്നു‌. ശരാശരിക്ക്‌ 1625 രൂപയും. വിളവെടുപ്പ്‌കാലം കഴിഞ്ഞിട്ടും ഓഫ് ‌സീസണായിട്ടും വില കൂടാത്തത്‌ കർഷകർക്ക്‌ തിരിച്ചടിയായി. സ്‌പൈസസ്‌ ബോർഡിന്റെ പുറ്റടിയിലുള്ള സ്‌പൈസസ്‌ പാർക്കിൽ ലേലത്തിനുവയ്‌ക്കാതെ ഇടനിലക്കാർ മുഖേന തമിഴ്‌നാട്ടിലേക്ക്‌ എലം കടത്തുന്നതായാണ്‌ വിവരം. ഉണക്ക ഏലക്ക വൃത്തിയാക്കാനെന്ന പേരിലാണിത്‌. വൻകിടക്കാർക്കായാണ്‌ ഇത്‌ കൊണ്ടുപോകുന്നത്‌. കുമളിയിലെ സംഭരണകേന്ദ്രത്തിൽ എത്തിച്ചശേഷം കമ്പത്ത്‌ എത്തിച്ചാണ്‌ തരംതിരിക്കൽ. ഇതിന്റെ മറവിൽ നികുതിവെട്ടിപ്പുമുണ്ട്‌. അവിടെ തരംതിരിക്കുന്ന ഏലക്കയിൽനിന്ന്‌ ഏറ്റവും ഗുണമേന്മയുള്ളവ കയറ്റുമതിയ്‌ക്കായി ഉപയോഗിക്കും‌. ബാക്കിവരുന്ന മോശം നിലവാരമുള്ളവ തിരികെ കേരളത്തിലെത്തിച്ച്‌ ലേലത്തിൽ പതിക്കും. ഉയർന്ന നിലവാരമുള്ള ഏലക്കായും കുറഞ്ഞ വിലയ്‌ക്കാണ്‌‌ കർഷകരിൽനിന്ന്‌ സംഭരിക്കുന്നത്‌‌. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ ഏലം കർഷകരും ഉൽപാദകരുമുള്ളത് ഇടുക്കി ജില്ലയിലാണ്‌. വർഷംതോറും ക്വിന്റൽ കണക്കിന് ഏലക്കായാണ് വിദേശത്തേക്ക് കയറ്റുമതി നടത്തുന്നത്. എന്നാൽ, നാണ്യവിളയായ ഏലത്തിന്റെ വില നിശ്ചയിക്കുന്നത് വൻ കുത്തകകളാണ്. ചെറുകിട കർഷകർക്ക്‌ തുച്ഛവില നൽകി കബളിപ്പിക്കുന്നു. യഥാർഥ വിലയുടെ മൂന്നിലൊന്ന് മാത്രമാണ് കർഷകന് ലഭിക്കുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ പേരിലും ഓണം, ക്രിസ്മസ് ആഘോഷക്കാലത്തും വിലയിൽ കയറ്റിറക്കങ്ങളുണ്ടാകും. വില കുറയുന്നതായി കാണുമ്പോൾ കർഷകർ കിട്ടിയ വിലയ്ക്ക് തങ്ങളുടെ കൈവശമുള്ള ഏലക്കാ വിൽക്കാൻ നിർബന്ധിതരാകും. പച്ച ഏലക്കാ എടുക്കുന്ന സ്‌റ്റോറുടമകളും സാധാരണ കച്ചവടക്കാരും വിപണിയിലെ കയറ്റിറക്കങ്ങളിൽ തകർന്നടിയുകയാണ്‌. അതേസമയം ഇടനിലക്കാരും വൻകിടക്കാരും കോടികൾ കൊയ്യുകയും ചെയ്യുന്നു. Read on deshabhimani.com

Related News