11 December Monday

ഇറച്ചിക്കും മുട്ടയ്ക്കും വിഗോവത്താറാവുകൾ -

ഡോ. എം ഗംഗാധരൻ നായർUpdated: Sunday Sep 10, 2023


പെട്ടെന്നുള്ള വളർച്ച പ്രത്യേകതയായുള്ള വിഗോവത്താറാവുകൾ മുട്ടയ്‌ക്കും ഇറച്ചിക്കുമായി വളർത്താൻ യോജിച്ച ഇനങ്ങളിൽ പ്രധാനപ്പെട്ടതാണ്‌. അലങ്കാരപ്പക്ഷിയായും വളർത്താം. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ ഇണങ്ങുന്നവയാണ്‌ ഇവ. മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങും. മറ്റു താറാവുകളെപ്പോലെ ജലാശയങ്ങളോ തടാകങ്ങളോ ആവശ്യമില്ല. രോഗപ്രതിരോധശേഷി കൂടുതലാണ്‌.

പരിപാലനം------
തറയിൽ അറക്കപ്പൊടിയോ ചിന്തേരോ വിരിച്ച് കോഴികളെ ഡീപ് ലിറ്റർ രീതിയിൽ വളർത്താം. തറ കോൺക്രീറ്റ് ചെയ്ത് വശങ്ങളിൽ കമ്പി വലകളിട്ട് മേൽക്കൂരയായി ഓലയോ ഓടോ ഷീറ്റോ ഉപയോഗിച്ച് കൂട്‌ ഒരുക്കാം. പരമാവധി 60 ദിവസത്തെ പരിപാലനമാണ് ഇറച്ചിത്തറാവുകളെ വളർത്താൻ വേണ്ടത്‌. കുഞ്ഞുങ്ങൾക്ക് ആദ്യത്തെ 2-3 ആഴ്ചക്കാലം ചൂട് നൽകണം. അന്തരീക്ഷ ഊഷ്മാവും കുഞ്ഞുങ്ങളുടെ അവസ്ഥയും നിരീക്ഷിച്ച് ചൂട് ക്രമീകരിക്കണം. ഇറച്ചിക്കോഴി വളർത്തലിൽനിന്നും വ്യത്യസ്‌തമായി വെള്ളപ്പാത്രങ്ങൾ ഒരുവശത്തുമാത്രം വയ്ക്കുക. വെള്ളം വീണ്‌ പരിസരം അമിതമായി നനയാതിരിക്കാനാണ്‌ ഇത്. അറക്കപ്പൊടി വിതറാത്ത ഭാഗത്ത് വെള്ളം പുറത്തേക്ക് ഒഴുക്കി കളയാവുന്നവിധത്തിൽ വെള്ളപ്പാത്രങ്ങൾ വയ്ക്കണം. ഇക്കാലയളവിൽ വെള്ളപ്പാത്രത്തിന് കേവലം 5–-7.5 സെന്റിമീറ്റർ ആഴമേ പാടുള്ളൂ. അതായത് ശരീരം നനയാതെ കേവലം വെള്ളം കുടിക്കാൻ മാത്രമുള്ള സൗകര്യം. തല മുക്കാൻ ഈ പ്രായത്തിൽ അനുവദിക്കരുത്. ചൂട് നൽകി വളർത്തുന്ന സമയം കഴിഞ്ഞാൽ കുഞ്ഞുങ്ങളെ ഗ്രോവർ ഷെഡിലേക്ക് മാറ്റുകയോ അല്ലെങ്കിൽ അതേ ഷെഡിൽ കൂടുതൽ സ്ഥലസൗകര്യം നൽകി വളർത്തുകയോ ചെയ്യാം.

മൂന്നാഴ്ചമുതലുള്ള സമയം വളർച്ചയുടെ കാലമാണ്. ഈ സമയത്ത് താറാവ്‌ ഒന്നിന് മൂന്ന്‌ ചതുരശ്രയടി എന്നവിധത്തിൽ സ്ഥലം നൽകണം. ഈ സമയത്ത് വെള്ളപ്പാത്രങ്ങൾ അരയടിവരെ ആഴമുള്ളതാകണം. താറാവുകൾക്ക് വെള്ളത്തിൽ തല മുക്കാനുള്ള സൗകര്യത്തിനാണിത്. ഷെഡിനു പുറത്തേക്ക് പോകാനുള്ള സൗകര്യം ആവശ്യമെങ്കിൽ നൽകാം. വലിയ താറാവുകൾക്ക് നീന്തിക്കളിക്കാൻ വെള്ളം വേണമെന്ന് നിർബന്ധമില്ല. ഇടയ്ക്കിടെ കൊക്ക് വൃത്തിയാക്കാനുള്ള സൗകര്യമൊരുക്കണം.

തീറ്റ നനച്ചുനൽകണം
ഇറച്ചിത്താറാവുകൾക്ക് പൊടിത്തീറ്റയോ പെല്ലറ്റ് തീറ്റയോ നൽകാം. നനച്ച പൊടിത്തീറ്റയാണ് നല്ലത്. നനവില്ലാത്ത പൊടിത്തീറ്റ വിഴുങ്ങാൻ താറാവുകൾക്ക് പ്രയാസമാണ്. അവശ്യംപോലെ തീറ്റ നൽകണം. തീറ്റ പലതവണകളായി പേപ്പർ വിരിയിലോ ഫീഡർ പാത്രത്തിലോ നൽകാം. തീറ്റ വെള്ളത്തിൽ നനച്ചുനൽകുന്നത് ശ്വാസതടസ്സം ഒഴിവാക്കാൻ സഹായിക്കും. മൂന്നാഴ്ചവരെ വെള്ളം ആവശ്യത്തിനുമാത്രം നൽകുക. തുടർന്ന്‌ മുട്ടയ്ക്കുവേണ്ടി വളർത്തുന്ന വിഗോവ കുഞ്ഞുങ്ങളെ അഴിച്ചുവിട്ടു വളർത്താം. ഈ ഘട്ടത്തിൽ ഗ്രോവർത്തീറ്റ നൽകാം. ചോർച്ചയില്ലാത്തതും നല്ല വായുസഞ്ചാരവുമുള്ള കൂടുകളിൽ ഇവയെ വളർത്തണം. വെള്ളം കെട്ടിനിൽക്കാതെ ഉയർന്ന സ്ഥലം കൂടിന് തെരഞ്ഞെടുക്കണം. നാലാഴ്ചമുതൽ ദിവസം രണ്ടുനേരംവീതം തീറ്റ കൊടുത്താൽ മതിയാകും. ഗ്രോവർത്തീറ്റയുടെ അളവ് കുറയ്ക്കാൻ താറാവുകൾക്ക്‌ കൃത്രിമത്തീറ്റ നൽകാതെ തുറന്നുവിടുമ്പോൾ  തീറ്റ കുറഞ്ഞ സമയങ്ങളിൽ കൈത്തീറ്റ നൽകാം. ഗോതമ്പ്‌, അരി, പതിര്‌, മണിച്ചോളം, ചെറുമീൻ, അരിത്തവിട്‌ ചോറ്, കപ്പലണ്ടിപ്പിണ്ണാക്ക്‌, പനച്ചോറ്‌, പപ്പായ, അസോള  എന്നിവയാണ്‌ അവ. കൈത്തീറ്റ തെരഞ്ഞെടുക്കുന്നത്‌ അതിന്റെ ലഭ്യതയും വിലയും നോക്കിയാണ്‌. ഇതിൽ രണ്ടോ മൂന്നോ എണ്ണം മിശ്രിതമാക്കിയും നൽകാറുണ്ട്‌. അഴിച്ചുവിട്ട്‌ വളർത്തുന്നതിനാൽ തീറ്റയ്ക്കുള്ള മാർഗം അവ തന്നെ കണ്ടുപിടിക്കും.

ശബ്ദംകൊണ്ട്‌ തിരിച്ചറിയാം
രണ്ടുമാസം കഴിഞ്ഞാൽ ശബ്ദംകൊണ്ട് പൂവനെയും പിടയെയും തിരിച്ചറിയാനാകും. പിട എപ്പോഴും കരയുകയും ഘനമുള്ള ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. പൂവന്റെ പതിഞ്ഞ ശബ്ദവും വേഗത്തിലുള്ള വളർച്ചയും പിടയിൽനിന്നും പൂവനെ തിരിച്ചറിയാൻ സഹായിക്കും. നാലാംമാസംമുതൽ പിട മുട്ടയിടാൻ തുടങ്ങും. മറ്റു താറാവുകളെപ്പോലെ കൂടിനുള്ളിൽ മുട്ടയിടാതെ മണ്ണുമാന്തി കുഴിയുണ്ടാക്കി അതിൽ മുട്ടയിടുന്നതാണ് ഇവയുടെ ശീലം. പ്രതിവർഷം 150-–-180 മുട്ടവരെ ഇടാറുണ്ട്. താരതമ്യേന വലുപ്പം കൂടുതലുള്ള മുട്ടകളാണ് വിഗോവയുടേത്. മുട്ടയുടെ തോടിന്‌ കട്ടി കൂടുതലായതിനാൽ പൊട്ടിപ്പോകാനുള്ള സാധ്യതയും കുറവാണ്.

രോഗപ്രതിരോധം പ്രധാനം
വിഗോവത്താറാവിനെ വളർത്തുമ്പോൾ അവയുടെ രോഗപ്രതിരോധത്തിനും ആരോഗ്യപരിപാലനത്തിനും  കൂടുതൽ  ശ്രദ്ധ നൽകണം. ഗുണമേന്മയുള്ള രോഗബാധയില്ലാത്ത കുഞ്ഞുങ്ങളെ വാങ്ങുക, വൃത്തിയുള്ള ചുറ്റുപാടുകൾ, ആവശ്യത്തിന് തീറ്റ, വെള്ളം, സ്ഥലം എന്നിവ നൽകുക. തറയിൽ വിരിക്കുന്ന ലിറ്റർ നനയാതെ സൂക്ഷിക്കുക. തീറ്റയിൽ പൂപ്പൽ വിഷബാധ ഒഴിവാക്കുക എന്നിവ പ്രധാനം. താറാവുകളിൽ സമ്മർദാവസ്ഥകൾ ഒഴിവാക്കുകയും ചത്ത താറാവുകളെ നീക്കംചെയ്യുകയും ചെയ്യണം. നാടൻ താറാവുകളെയും മറ്റു സ്രോതസ്സുകളിൽനിന്നുള്ള താറാവുകളെയും ഒരുമിച്ച് ഇടരുത്.

ബംഗളൂരുവിൽ  ഹസർഗട്ടയിലുള്ള സെൻട്രൽ പൗൾട്രി ഓഫ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ 1996ൽ വിയറ്റ്നാമിൽനിന്നാണ്‌ വിഗോവ സൂപ്പർ എം എന്ന മികച്ചയിനം ഇറച്ചിത്താറാവുകളെ എത്തിച്ചത്‌. ഈ മാതൃശേഖരത്തിൽനിന്നുള്ള കുഞ്ഞുങ്ങളാണ്  കേരളത്തിലും ഇന്ത്യയിലെമ്പാടും പ്രചാരത്തിലായത്‌. ഫോൺ: 080- 284 66226. കേരള സർക്കാരിന്റെ  കീഴിൽ  നിരണത്ത് പ്രവർത്തിക്കുന്ന താറാവ് ഫാമിലും കുഞ്ഞുങ്ങളെ ലഭിക്കും. ഫോൺ: 0469 2711 898.

(മൃഗസംരക്ഷണ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top