26 April Friday

കണിവെള്ളരി കൃഷിക്ക് ഒരുങ്ങാം

മലപ്പട്ടം പ്രഭാകരൻUpdated: Sunday Feb 5, 2023


വേനല്‍കാല പച്ചക്കറികളിലെ പ്രധാന ഇനമായ കണിവെള്ളരി കൃഷിക്ക് തയ്യാറെടുക്കാന്‍ നേരമായി. വിഷുവിനേടനുബന്ധിച്ച്‌   വിളവെടുക്കാനും, വില്‍പ്പന നടത്താനും  കണിവെള്ളരി  പ്രയോജനപ്പെടും. മാര്‍ക്കറ്റിലും കണിവെള്ളരിക്ക് നല്ല ഡിമാന്റുണ്ട്. ഇപ്പോൾ നട്ടാൽ ഏപ്രില്‍–-മെയ് മാസങ്ങളില്‍  വിളവെടുക്കാം.

കൃഷിയിടം ഒരുക്കല്‍

ജലസേചന സൗകര്യമുള്ള വയലുകളും കരപ്പറമ്പുകളും ഉപയോഗിക്കാം. നല്ല സൂര്യപ്രകാശം ലഭിക്കണം. വളക്കൂറുള്ള മണ്ണാവണം. നീർവാര്‍ച്ച സൗകര്യവും വേണം. ആദ്യം നിലം കിളച്ച് കട്ടയുടച്ച് വെയ്‌ക്കുക. ഈ സമയം സെന്റിന് രണ്ട് കിലോഗ്രാം കുമ്മായവും, 100 കിലോഗ്രാം ഉണക്ക ചാണകപ്പൊടിയോ, കമ്പോസ്റ്റോ കൂടി ചേര്‍ക്കണം. ചാലുകളോ തടങ്ങളോ എടുത്ത് നടാം.

വിത്ത്

കണിവെള്ളരി ആകര്‍ഷകമായ നിറമുള്ളതാകണം. മഞ്ഞ നിറം തെളിഞ്ഞതാണ് നല്ല ലക്ഷണം. മുടിക്കോട് ലോക്കല്‍, സൗഭാഗ്യ, അരുണിമ എന്നിവ പ്രധാനപ്പെട്ട ഇനങ്ങളാണ്. വിത്ത് നടും മുമ്പെ സ്യൂഡോമോണസ് ലായനിയില്‍ കുതിര്‍ത്താല്‍ രോഗബാധ കുറയ്ക്കാം. ഒരു സെന്റില്‍ 13 കുഴിയും 39 ചുവടും ഉണ്ടാവണം. ഇതിന് 5 ഗ്രാം വിത്ത് മതി. ഒരു കുഴിയില്‍ 5 വിത്ത് നട്ട് വള്ളി വീശാനാകുമ്പോള്‍ 3 എണ്ണം നിലനിര്‍ത്തി മറ്റുള്ളവ പിഴുത് കളയുക.

പരിചരണം


നാല് ഇല പ്രായത്തില്‍ വീണ്ടും ജൈവവളം ചേര്‍ക്കാം. ഇതിന് ചില ജൈവവളക്കൂട്ടുകളോ മിശ്രിതമോ തയ്യാറാക്കാം.  പച്ചച്ചാണക ലായനി ഒരാഴ്ച പുളിപ്പിച്ചശേഷം ഉപയോഗിക്കാം. വേപ്പിന്‍പിണ്ണാക്കും കടലപ്പിണ്ണാക്കും പുളിപ്പിച്ചത്, അഴുകിയ പച്ചിലവളങ്ങള്‍, ബയോഗ്യാസ് സ്ലെറി എന്നിവയൊക്കെയാവാം. ഇവയെല്ലാം മാറിമാറി ആഴ്ചയിലോ പത്ത് ദിവസത്തിലൊരിക്കലോ പ്രയോഗിക്കാം.
പ്രത്യേക മൂലകക്കുറവിന്റെ ലക്ഷണം കാണുന്നുവെങ്കില്‍ സെന്റിന് 300 ഗ്രാം യൂറിയ, 500 ഗ്രാം മൂസൂരി ഫോസ്, 160 മ്യൂററ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ടുമൂന്ന് തവണയായി ചേര്‍ക്കാം. വള്ളിവീശി പടരും മുമ്പെ നിലത്ത് ചുള്ളിക്കമ്പോ ഉണക്കയിലയോ വിരിച്ച് കായ്കള്‍ മണ്ണില്‍മുട്ടി കേടാകാതെ സൂക്ഷിക്കണം.വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ മൂന്നുദിവസത്തില്‍ ഒരിക്കലും പുഷ്പിക്കാന്‍ ആരംഭിച്ചാല്‍ ഒന്നിടവിട്ട ദിവസവും നനയ്ക്കാം. ഒരാഴ്ച മുമ്പെ നന നിര്‍ത്തണം.

കീടനിയന്ത്രണം    

ഇല തിന്നുന്ന വണ്ടുകളേയും പുഴുക്കളേയും നശിപ്പിക്കാന്‍ വേപ്പിന്‍കുരു സത്ത്, വേപ്പണ്ണ, വെളുത്തുള്ളി മിശ്രിതം, ബിവേറിയ എന്ന മിത്രകുമിള്‍ (20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ തളിക്കുക) കായ ചീയല്‍ തടയാനും ഇത് പറ്റും. മുഞ്ഞ, ഇലപ്പേന്‍, വെള്ളീച്ച എന്നിവ തടയാന്‍ വര്‍ട്ടിസീലിയംലക്കാനി അല്ലെങ്കില്‍ ബിവേറിയ 5 മില്ലീ ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക.
 ഇലപ്പുള്ളി, ചൂര്‍ണപൂപ്പ്, തൈകള്‍, കായകള്‍ അഴുകല്‍ എന്നിവ തടയാന്‍ സ്യൂഡോമോണസ് ഫ്ളൂറസന്‍സ് എന്ന മിത്രകുമിള്‍ തളിച്ചാല്‍ മതി. 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതിലാണ് വേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top