28 March Thursday

മരച്ചീനിയുടെ ലോകം

ഡോ. ജി ബൈജുUpdated: Sunday Jun 4, 2023


പതിനാറാം നൂറ്റാണ്ടിൽ ആഫ്രിക്കൻ രാജ്യമായ കോംഗോയിലും തുടർന്ന് പോർച്ചുഗീസ് നാവികർ മുഖേന 17–-ാം നൂറ്റാണ്ടിൽ ഗോവയിലും കേരളത്തിന്റെ മലബാർ തീരത്തും എത്തിച്ചേർന്ന ഭക്ഷ്യവിളയാണ്‌ മരച്ചീനി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ബർമയിൽനിന്നുള്ള അരി ഇറക്കുമതി നിലച്ചപ്പോഴുണ്ടായ  ഭക്ഷ്യക്ഷാമത്തെ നേരിടാനാണ്‌ മരച്ചീനിക്കൃഷി വ്യാപകമാക്കിയത്‌. പിന്നീട്‌ ഇത്‌ കേരളത്തിന്റെ തനത്‌ ഭക്ഷ്യവിളയായി മാറി. ഇന്ന്‌ രാജ്യത്ത്‌ ഏറ്റവും കൂടുതൽ മരച്ചീനി കൃഷിചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം.

കിഴങ്ങുവർഗത്തിലെ രാജാവ്‌ എന്നറിയപ്പെടുന്ന മരച്ചീനിയുടെ ദേശം തെക്കേ അമേരിക്കയിലെ ബ്രസീലാണ്‌. കപ്പ, ചീനി, പൂള, കൊള്ളി തുടങ്ങിയ പേരുകളിൽ മരച്ചീനി അറിയപ്പെടുന്നു. മരച്ചീനിയുടെ ശാസ്ത്രനാമം മാനിഹോട്ട് എസ്‌കുലെന്റ (Manihot esculenta) എന്നാണ്. യൂഫോർബിയേസി (Euphorbiaceae) കുടുംബാംഗവും. ഇന്ത്യയിൽ ഏറ്റവുംകൂടുതൽ കൃഷി ചെയ്യുന്നത്‌ കേരളത്തിലും തമിഴ്‌നാട്ടിലുമാണ്‌. ശ്രീലങ്ക, തായ്‌ലൻഡ്‌, പശ്ചിമാഫ്രിക്ക,  ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും വ്യാപകമായി കൃഷിചെയ്യുന്നു. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന രാജ്യങ്ങളാണ്‌ ഇവ.

വിവിധയിനങ്ങൾ
ജനിതക വൈവിധ്യ സംരക്ഷണമാണ് ഇന്ന് ലോകം നേരിടുന്ന ഒരു മുഖ്യ വെല്ലുവിളി. മാറുന്ന കാലാവസ്ഥയ്ക്കും ആഹാര താൽപ്പര്യങ്ങൾക്കുമെല്ലാമുള്ള ഉത്തരം വളരെ വൈപുല്യമുള്ള വിള ജൈവവൈവിധ്യ സംരക്ഷണമാണ്. ലോകത്താകമാനം ആറായിരത്തിലധികം മരച്ചീനി ഇനങ്ങളുണ്ടെന്നാണ്‌ കണക്ക്‌. കൊളംബിയയിൽ  പ്രവർത്തിക്കുന്ന അന്തർദേശീയ ഉഷ്ണമേഖലാ കൃഷി കേന്ദ്രത്തിലാണ് ഇത്രയും മരച്ചീനി ഇനങ്ങൾ സംരക്ഷിച്ചിരിക്കുന്നത്‌. ഇന്ത്യയിൽ മരച്ചീനിയുടെ അംഗീകൃത ജനിതകശേഖര സംഭരണി തിരുവനന്തപുരം സിടിസിആർഐ ആണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരത്തി മുന്നൂറിലധികം മരച്ചീനി ഇനങ്ങൾ ഇവിടെ സംരക്ഷിക്കുന്നുണ്ട്. രാജ്യത്ത് മറ്റെങ്ങും ഇത് കാണാൻ സാധിക്കില്ല. വിവിധതരം ക്രോസിങ്ങിലൂടെയാണ് സിടിസിആർഐ കഴിഞ്ഞ 60 വർഷത്തിനിടെ 19 ഇനം വികസിപ്പിച്ചത്‌. ശ്രീവിശാഖം, ശ്രീസഹ്യ,  ശ്രീഹർഷ, ശ്രീരക്ഷ, ശ്രീപവിത്ര, ആമ്പക്കാടൻ, പുല്ലാട് കപ്പ, അരിമുറിയൻ,  രാമൻ കപ്പ, ശ്രീജയ,  ശ്രീവിജയ,  ശ്രീരേഖ, നിധി,  കൽപ്പക, വെള്ളായണി ഹ്രസ്വ, വാഴക്കക്കപ്പ, ചേനക്കപ്പ, നീലക്കപ്പ,  ആനക്കൊമ്പൻ, മലയൻഫോർ,  തൊടലിമുള്ളൻ, കാരിമുള്ളൻ, പെരുമുള്ളൻ,  കോ -1, കോ -2,  എം ഫോർ (സിലോൺ കപ്പ), എച്ച്‌ 165, റൊട്ടിക്കപ്പ, ഏത്തക്കപ്പ തുടങ്ങിയവയാണ്‌ പ്രധാന ഇനങ്ങൾ. 


 

ചില്ലറക്കാരനല്ല മരച്ചീനി
മനുഷ്യാഹാരമായും മൃഗഭക്ഷണമായും പല വ്യാവസായികോൽപ്പന്നങ്ങളുടെയും അസംസ്‌കൃത വസ്തുവായും ലോകത്ത്‌ നൂറിലധികം രാജ്യത്ത് മരച്ചീനി  കൃഷിചെയ്യുന്നുണ്ട്‌. മരച്ചീനി ഉൽപ്പാദനം ലോകത്തെ മൊത്തം അരിയുടെയോ ഗോതമ്പിന്റെയോ പകുതിയോളം വരും. കേരളത്തിൽ വേവിച്ചും പുഴുങ്ങിയും നിത്യഭക്ഷണമാണെങ്കിൽ തമിഴ്നാട്ടിലും ആന്ധ്രയിലും ചൗവ്വരി, സ്റ്റാർച്ച്‌ തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങളാണ്‌ ഉണ്ടാക്കുന്നത്. ഓരോന്നിനും വേണം പ്രത്യേക ഇനങ്ങൾ. ഇതിനനുസരിച്ചുള്ള ഗവേഷണം സിടിസിആർഐയുടെ മുഖ്യലക്ഷ്യമാണ്. ഇതിനായി അടുത്തകാലത്ത് ജീൻ എഡിറ്റിങ് എന്ന ആധുനിക സാങ്കേതികവിദ്യ ഇവിടെ ഗവേഷണത്തിൽ ഉൾപ്പെടുത്തി.

പോഷക സമ്പുഷ്ടീകരണം നടത്തിയ നൂഡിൽസ് ഭക്ഷ്യവിഭവങ്ങൾ, പലഹാരങ്ങൾ, കുക്കീസ്, ബേക്കറി ഉൽപ്പന്നങ്ങൾ, നിർജലീകരിച്ച വേഗം പാചകം ചെയ്യാൻ പറ്റിയ ഉൽപ്പന്നങ്ങൾ, ക്യാൻഡീസ്‌, ജെല്ലീസ് തുടങ്ങിയവയിൽ ജെല്ലിങ് ഏജന്റായി മരച്ചീനി ഉപയോഗിക്കുന്നു.  സ്റ്റാർച്ച്‌ ഫോസ്‌ഫേറ്റ്, പ്രോട്ടീൻ, ഭക്ഷ്യനാര്, നിരോക്സീകാരികൾ എന്നിവയാൽ സമ്പുഷ്ടീകരിച്ച ചൗവ്വരി തുടങ്ങി മദ്യംവരെ ഉണ്ടാക്കാനും മരച്ചീനി ഉപയോഗിക്കുന്നുണ്ട്‌. വിള അവശിഷ്ടങ്ങളായ ഇല, ഇളംതണ്ട് ഇവയിൽനിന്നും സിടിസിആർഐ പുറത്തിറക്കിയ നന്മ, മേന്മ, ശ്രേയ എന്നീ ജൈവ മോളിക്യൂളുകൾ ഏറെ പ്രസിദ്ധമാണ്. ജൈവ മോളിക്യൂളുകളുടെ ഉൽപ്പാദനത്തിനുശേഷമുള്ള അവശിഷ്ടത്തിൽനിന്നും ജൈവ ഇന്ധനമുണ്ടാക്കുന്ന സാങ്കേതികവിദ്യയും കഴിഞ്ഞവർഷം വികസിപ്പിച്ചു.

മോശമായ മണ്ണിലും അസ്ഥിര മഴയും ഉയർന്ന താപനിലയുമൊക്കെ അതിജീവിച്ചും വളരാൻ മരച്ചീനിക്ക്‌ കഴിയും. ലോകത്തെ 100 കോടിയിലധികം ജനങ്ങളുടെ ഭക്ഷ്യസുരക്ഷയുടെ ആണിക്കല്ലുകൂടിയാണ്‌ മരച്ചീനി.

(തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം‐ സിടിസിആർഐ ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top