18 April Thursday

പ്രായമായ റബര്‍ മരത്തിന്റെ ആദായത്തിന് നിയന്ത്രിത കമിഴ്‌ത്തിവെട്ട്

കെ കെ ബെന്നിUpdated: Thursday Dec 29, 2016


ഉല്‍പ്പാദനം കുറഞ്ഞ പ്രായമായ റബര്‍മരങ്ങളുടെ ഉല്‍പ്പാദനക്ഷമത 50 ശതമാനത്തിലധികം വര്‍ധിപ്പിക്കാന്‍ ഉതകുന്ന ടാപ്പിങ്രീതിയാണ് നിയന്ത്രിത കമിഴ്ത്തിവെട്ട് അഥവാ കണ്‍ട്രോള്‍ഡ് അപ് വേര്‍ഡ് ടാപ്പിങ് (സിയുടി). പുതുപ്പട്ടയ്ക്ക് മുകള്‍ഭാഗത്തുള്ള അസ്സല്‍ പട്ടയില്‍ ചുറ്റളവിന്റെ നാലിലൊന്നു മാത്രം എടുത്ത്, പരിഷ്കരിച്ച ഗൂജ് കത്തി ഉപയോഗിച്ച് ടാപ്പ്ചെയ്യുന്ന രീതിയാണ്  സിയുടി. താഴെപറയുന്ന സാഹചര്യങ്ങളില്‍ സിയുടി ചെയ്യാവുന്നതാണ്.

1. പുതുപ്പട്ടയില്‍ ഉല്‍പ്പാദനം കുറയുമ്പോള്‍
2. ടാപ്പിങ്ങിന്റെ ന്യൂനതകള്‍നിമിത്തം തണ്ണിപ്പട്ടയ്ക്ക് മുറിവേറ്റ് കായം വീഴുന്നതുമൂലമോ, അല്ലെങ്കില്‍ പട്ടമരപ്പ്, മറ്റു രോഗങ്ങള്‍ എന്നിവമൂലമോ പുതുപ്പട്ടയില്‍ ടാപ്പിങ് സാധ്യമാകാതെവരുമ്പോള്‍.
3. മരത്തിന്റെ വിളവെടുപ്പുകാലം പരമാവധി കൂട്ടുന്നതിന്.
4. മേല്‍പ്പട്ടയും കീഴ്പ്പട്ടയും മാറിമാറി ടാപ്പ്ചെയ്യുന്നതിന്.

റബര്‍മരങ്ങളില്‍ അസ്സല്‍പ്പട്ട ടാപ്ചെയ്യുന്നത് ഒട്ടുബന്ധത്തില്‍നിന്ന് 125 സെ.മീ. ഉയരത്തില്‍നിന്നും താഴേക്കുള്ള എ, ബി പാനലുകളിലാണ്. സാധാരണമായി ഇങ്ങനെ എ, ബി പാനലുകളിലെ അസ്സല്‍പ്പട്ട ടാപ്ചെയ്തുകഴിയുമ്പോള്‍, ഇതേ സ്ഥലങ്ങളിലുണ്ടാകുന്ന പുതുപ്പട്ടകളിലാണ് (സി, ഡി പാനലുകള്‍) ടാപ്ചെയ്യുന്നത്. സി പാനലില്‍ (പുതുപ്പട്ടയില്‍) ടാപ്ചെയ്തു തുടങ്ങാറാകുന്ന കാലംമുതല്‍  സിയുടിയും ചെയ്തുതുടങ്ങാം.  125 സെന്റീമീറ്റിനു മുകളിലുള്ള അസ്സല്‍പട്ടയില്‍ (മേല്‍പ്പട്ടയില്‍) രണ്ടുമീറ്റര്‍വരെ ഉയരത്തിലുള്ള ഭാഗത്താണ് ഇതു ചെയ്യുന്നത്. ഇതുമൂലം ഒരു മരത്തില്‍നിന്നുതന്നെ വളരെക്കാലം ആദായമെടുക്കുന്നതിനും ആവര്‍ത്തനകൃഷികള്‍ക്കിടയ്ക്കുള്ള കാലയളവ് വര്‍ധിപ്പിച്ച്  ചെലവുകുറയ്ക്കുന്നതിനും കഴിയും.

ടാപ്പിങ്പാനല്‍ അടയാളപ്പെടുത്തല്‍
നിലവില്‍, സി പാനലില്‍ ഒന്നാംവര്‍ഷമോ രണ്ടാംവര്‍ഷമോ ടാപ്ചെയ്യുന്ന മരങ്ങളില്‍ സിയുടി ചെയ്യുന്നതിനായി മാര്‍ക്ക്ചെയ്യുന്നതെങ്ങനെയെന്നു നോക്കാം. ഇതിനായി സി പാനലിന്റെ മുന്‍കാനവര നേരെ മുകളിലേക്ക് (മുകളിലുള്ള അസ്സല്‍ പട്ടയിലേക്ക്) രണ്ടുമീറ്റര്‍വരെ നീട്ടിവരയ്ക്കുക. ആ ഭാഗത്തെ മരത്തിന്റെ ശരാശരി വണ്ണം കണക്കാക്കി, ഈ വരയെ അടിസ്ഥാനമാക്കി നാലിലൊരുഭാഗംവീതം തുല്യമായി വരുന്ന നാലു പാനലുകള്‍ കണക്കാക്കുക. ഇതില്‍ ബി പാനലിന്റെ മുകളില്‍വരുന്ന രണ്ടു പാനലുകളില്‍, വലതുഭാഗത്തെ (മരത്തിന് അഭിമുഖമായി നില്‍ക്കുമ്പോള്‍) പാനലില്‍ ആദ്യം ടാപ്പിങ് തുടങ്ങണം. തുടര്‍ന്ന് പട്ട തീരുന്ന മുറയ്ക്ക് ഈ പാനലിന്റെ വലതുഭാഗത്തു വരുന്ന അടുത്ത പാനലുകള്‍ ഓരോന്നായി ടാപ്ചെയ്യണം. കമിഴ്ത്തുപട്ടയായതിനാല്‍ 45 ഡിഗ്രി ചെരിവില്‍ വേണം മാര്‍ക്ക്ചെയ്യാന്‍.

പരിഷ്കരിച്ച ഗൂജ് കത്തി
സിയുടിയില്‍ ടാപ്പിങ്പാനല്‍ തറനിരപ്പില്‍നിന്ന് 125 സെന്റീമീറ്ററിലധികം ഉയരത്തിലായതിനാല്‍ തറയില്‍നിന്നുകൊണ്ടുതന്നെ ശരിയായ രീതിയില്‍ ടാപ്ചെയ്യാന്‍ പരിഷ്കരിച്ച, (അതായത് നീളമുള്ള പിടിയുള്ള) ഗൂജ് കത്തിതന്നെ ഉപയോഗിക്കണം. പരിശീലനം കിട്ടിയ ഒരാള്‍ക്ക് ഈ കത്തി ഉപയോഗിച്ച് ശുപാര്‍ശ ചെയ്യപ്പെട്ട കനത്തിലും നീളത്തിലും പട്ട അരിയാനും, കമിഴ്ത്തുപട്ടയാണെങ്കില്‍പ്പോലും വെട്ടുചാലില്‍ക്കൂടി മാത്രം പാലൊഴുകുന്നവിധം (പട്ടയില്‍ക്കൂടി പാല്‍ പരന്നൊഴുകാത്ത രീതിയില്‍) ശരിയായി ടാപ്ചെയ്യാനും സാധിക്കും. മറ്റു കത്തികള്‍ ഉപയോഗിച്ചാല്‍ മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളോടെ ടാപ്ചെയ്യാന്‍ കഴിയാത്തതുകൊണ്ട് മരത്തെ ബാധിക്കും.

ഉത്തേജകൌഷധ പ്രയോഗം
സിയുടി ചെയ്യുമ്പോള്‍ വെട്ടുചാലിന്റെ നീളം കുറയ്ക്കുന്നതിനാല്‍ ശരിയായ ഉല്‍പ്പാദനം ലഭിക്കാന്‍ ശുപാര്‍ശചെയ്യപ്പെട്ട  തോതില്‍ എത്തഫോണ്‍ എന്ന ഉത്തേജകമരുന്ന് ഉപയോഗിക്കണം. വിപണിയില്‍ ലഭിക്കുന്ന 10 ശതമാനം വീര്യമുള്ള മരുന്ന് അഞ്ചുശതമാനം വീര്യമാക്കി (1:1 എന്ന അനുപാതത്തില്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ പാമോയിലുമായി ചേര്‍ത്ത്) നേര്‍പ്പിച്ചശേഷം വള്ളിപ്പാലിന്റെ മുകളിലായി വേണം പുരട്ടാന്‍. ആര്‍ആര്‍ഐഐ 105 ഇനം മരങ്ങളില്‍ നാലിലൊന്നു ചുറ്റളവില്‍ മൂന്നുദിവസത്തിലൊരിക്കല്‍ സിയുടി ചെയ്യുമ്പോള്‍,  മാസത്തിലൊരിക്കല്‍ മരുന്നു പുരട്ടിക്കൊടുക്കണം.

നമ്മുടെ നാട്ടിലെ കാലാവസ്ഥയനുസരിച്ച് ഇപ്പോള്‍ നിയന്ത്രിത കമിഴ്ത്തിവെട്ട് തുടങ്ങാന്‍പറ്റിയ സമയമാണ്. അതായത് ജൂണ്‍മുതല്‍ നവംബര്‍വരെ (മഴക്കാലം) കീഴ്പ്പട്ടയില്‍ പകുതി ചുറ്റളവില്‍ റെയിന്‍ഗാര്‍ഡോടെ ടാപ്ചെയ്യുക; മഴ മാറിയാല്‍ ഡിസംബര്‍മുതല്‍ അടുത്തവര്‍ഷം മേയ്വരെ മേല്‍പ്പട്ടയില്‍ നിയന്ത്രിത കമിഴ്ത്തിവെട്ടു നടത്തുക. ഇങ്ങനെ കീഴ്പ്പട്ടയും മേല്‍പ്പട്ടയും മാറിമാറി ടാപ്ചെയ്യുന്ന രീതിയാണ് നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ചത്.

കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതിനായി അതതു പ്രദേശത്തെ റബര്‍ബോര്‍ഡ് റീജണല്‍ ഓഫീസുമായോ, ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രത്തിലെ ലാറ്റക്സ് ഹാര്‍വെസ്റ്റ് ടെക്നോളജിവിഭാഗവുമായോ ബന്ധപ്പെടുക. റബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെട്ടാലും വേണ്ട നിര്‍ദേശങ്ങള്‍ ലഭിക്കും.

(റബ്ബര്‍ബോര്‍ഡില്‍ ഫാം ഓഫീസറാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top