20 April Saturday

മധുരത്തോടൊപ്പം പണവും കായ്‌ക്കുന്ന റംബുട്ടാന്‍

പി അനൂപ്Updated: Sunday Jun 24, 2018

റാന്നി > റബര്‍ കൃഷി നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ഇനിയെന്ത് എന്നോര്‍ത്ത് കര്‍ഷകര്‍ പരിഭ്രമിച്ചു നില്‍ക്കുന്ന ഘട്ടത്തില്‍ വേറിട്ട കൃഷിരീതിയുമായി കര്‍ഷകര്‍ക്ക് മാതൃകയാകുകയാണ് വടശേരിക്കര സ്വദേശി. വടശേരിക്കര കന്നാംപാലത്തിന് സമീപം താമസിക്കുന്ന താഴത്തില്ലത്ത് ടി എം മാമ്മനാണ്  വേറിട്ട കൃഷി രീതിയിലൂടെ വര്‍ഷംതോറും മികച്ച വരുമാനം നേടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റബര്‍ മുറിച്ചുമാറ്റിയ സ്ഥലത്ത് വേറിട്ട കൃഷികളുടെ പരീക്ഷണശാലയാക്കുകയായിരുന്നു ഇദ്ദേഹം.

റംബുട്ടാന്‍, ജാതി, ഫിലോസാന്‍, മാംഗോസ്റ്റിന്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃഷികള്‍. വീടിനും ചുറ്റും റംമ്പുട്ടാന്‍ കായ്ച്ച് പഴുത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. റബര്‍, തേക്ക് തുടങ്ങിയ കൃഷികളേക്കാളേറെ വരുമാനം ലഭിക്കുന്നത് റംമ്പുട്ടാനില്‍ നിന്നാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഒരേക്കര്‍ സ്ഥലത്ത് 60 റംമ്പുട്ടാന്‍ തൈകള്‍ വയ്ക്കാം. നല്ല വെളിച്ചവും നനയുമാണ് വേണ്ടത്. 

വേനല്‍ക്കാലത്ത് ആഴ്ചയിലൊരിക്കല്‍ നന നിര്‍ബന്ധം. തൈ വളര്‍ന്ന് അഞ്ച് വര്‍ഷം കഴിയുമ്പോള്‍ കായ്ക്കുമെങ്കിലും പത്താം വര്‍ഷം മുതലാണ് പൂര്‍ണതോതില്‍ ആദായം ലഭിക്കുക. ഒരു മരത്തില്‍നിന്ന്്് പത്താം വര്‍ഷം മുതല്‍ 200 മുതല്‍ 300 കിലോ വരെ റംമ്പുട്ടാന്‍ ലഭിക്കും. കിലോയ്ക്ക് നൂറ് രൂപ വീതം കണക്കാക്കിയാല്‍ തന്നെ ഒരു മരത്തില്‍നിന്ന് കുറഞ്ഞത് ഇരുപതിനായിരം രൂപ ലഭിക്കും. ഒരേക്കറില്‍നിന്ന് വര്‍ഷം 12 ലക്ഷം രൂപ വരുമാനം ലഭിക്കും. റബറുമായി താരതമ്യം ചെയ്താല്‍ തൊഴില്‍ ഇനത്തിലുള്ള ചെലവ് വളരെ കുറവാണുതാനും. 

എന്നാല്‍, റംമ്പുട്ടാന്‍ കൃഷിയ്ക്ക് കര്യക്ഷമമായ നിര്‍ദ്ദേശം നല്‍കാന്‍ ഏജന്‍സികള്‍ ഒന്നുമില്ലെന്നത് വലിയ പോരായ്മയാണെന്ന് ഇദ്ദേഹം പറയുന്നു. കര്‍ഷകര്‍ തങ്ങളുടെ യുക്തിക്ക് അനുസരിച്ചുള്ള സംരക്ഷണ മാര്‍ഗങ്ങളാണ് ഇപ്പോള്‍ റംമ്പുട്ടാന്‍ കൃഷിക്ക് നല്‍കുന്നത്. വിലയുടെ കാര്യത്തിലും വലിയ ചൂഷണമാണ് നടക്കുന്നത്. മരത്തില്‍നിന്നുതന്നെ വില പറഞ്ഞ് വാങ്ങിവലയിട്ടിട്ടു പോകുന്നവരുണ്ട്, ഇവര്‍ക്ക് കൊടുക്കുന്നത് കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ്. കഴിഞ്ഞ വര്‍ഷം ഇത്തരക്കാര്‍ 4000 രൂപ പറഞ്ഞ മരത്തിലെ റംമ്പുട്ടാന്‍ വിറ്റപ്പോള്‍ കിട്ടിയത് 16,000 രൂപ. 

പത്തനംതിട്ട, കോട്ടയം മേഖലകളില്‍ റംമ്പുട്ടാന്‍ സുലഭമായി ഉള്ളതിനാല്‍ ഇവിടെ വിപണി കുറവാണ്. ഫലമാകുമ്പോല്‍ മലപ്പുറത്തുനിന്ന് ആള്‍ക്കാരെത്തിയാണ് നല്ല വില നല്‍കി കൊണ്ടുപോകുന്നത്. കേരളത്തില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളൊഴികെ മറ്റുള്ളിടങ്ങളില്‍ റമ്പുട്ടാന്‍ കാര്യമായി വളരുന്നതിനോ ഇത്രയും ഫലം തരുന്നതിനോ കാലാവസ്ഥ അനുകൂലമല്ല.

പത്തനംതിട്ടയുടെ പലഭാഗങ്ങളിലും 75 വര്‍ഷം മുമ്പുതന്നെ റംമ്പുട്ടാന്‍ വളര്‍ന്നിരുന്നു. ഫിലിപ്പീന്‍സ്, തായ്‌ലന്റ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് ഇത് അന്ന് ഇവിടെ എത്തിയത്. എന്നാല്‍, ഇവിടെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചിട്ട് 10 വര്‍ഷമേ ആയിട്ടുള്ളു. അറുപതിലധികം ഇനങ്ങള്‍ നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നുണ്ട്. നല്ല വെളിച്ചവും ധാരാളം വെളളവും ഉള്ള സ്ഥലത്ത് നന്നായി വളരും.

ഇതു കൂടാതെ 100 ബഡ് ജാതികളും മാമ്മന്‍ കൃഷി ചെയിതിട്ടുണ്ട്. ഇപ്പോള്‍ 10 വര്‍ഷം വളര്‍ച്ചയായി. 15 വര്‍ഷം തൊട്ടേ ജാതിയില്‍നിന്നും പൂര്‍ണമായി വരുമാനം ലഭിക്കുകയുള്ളു. എന്നാല്‍ ജാതികൃഷിക്ക് ഇടുക്കി, വയനാട് ജില്ലകളാണ് അനുയോജ്യം എന്നാണ് ഇദ്ദേഹം പറയുന്നത്. മാംഗോസ്റ്റില്‍ കൃഷിക്കും ആഴ്ചയില്‍ രണ്ടു നന അത്യാവശ്യമാണ്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top