25 April Thursday

മുയലിന്റെ 'പാര്‍പ്പിടം'

ഡോ. എം ഗംഗാധരന്‍ നായര്‍Updated: Thursday Sep 8, 2016

മുയലുകളെ വളര്‍ത്തുന്ന കര്‍ഷകര്‍ ആദ്യമായി ചിന്തിക്കേണ്ടത് ഇതിന്റെ 'പാര്‍പ്പിട'ത്തെക്കുറിച്ചാണ്. ഇവയുടെ തീറ്റ, ഉറക്കം, പ്രത്യുല്‍പ്പാദനം തുടങ്ങിയ ജീവിതചര്യകള്‍ നടക്കുന്നത് പാര്‍പ്പിടങ്ങളിലാണ്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുയലുകളുടെ എണ്ണം, ഉല്‍പ്പാദനോദ്ദേശ്യം, പരിസ്ഥിതി ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ചാകണം കൂടുകള്‍ നിര്‍മിക്കേണ്ടത്.
കൂടുകള്‍ നിര്‍മിക്കുന്ന സ്ഥലം ജനബാഹുല്യമുള്ള പ്രദേശത്തിനും, ശബ്ദം–പുക എന്നിവ സൃഷ്ടിക്കുന്ന ഫാക്ടറികള്‍ എന്നിവയ്ക്കും അകലെയാകണം. മഴയില്‍നിന്നും വെയിലില്‍നിന്നും സംരക്ഷണം ലഭ്യമാക്കണം.

കൂടിന്റെ അളവുകള്‍
പ്രജനന പ്രായമായ മുയലുകളെ ഒറ്റയ്ക്ക് വളര്‍ത്തുന്നതാണ് നല്ലത്. കൂടിന് 90 സെന്റീമീറ്റര്‍ നീളവും 70 സെന്റീമീറ്റര്‍ വീതിയും 50 സെ. മീ. ഉയരവും ഉണ്ടാകണം. മുയലുകളെ അനായാസം പുറത്തെടുക്കാന്‍ സൌകര്യമുള്ള വാതിലുകള്‍ വേണം. കൂടിന്റെ അടിഭാഗം 75 മുതല്‍ 90 സെ. മീ. വരെ തറയില്‍നിന്ന് ഉയരത്തിലാകണം. ടിന്‍ഷീറ്റുകള്‍ മുറിച്ചെടുത്ത് നിര്‍മിക്കുന്ന 'മെറ്റല്‍ ഗാര്‍ഡുകള്‍' എലികളില്‍നിന്ന് സംരക്ഷണം നല്‍കും.

അടിഭാഗം മരംകൊണ്ടാണ് നിര്‍മിക്കുന്നതെങ്കില്‍ മരണകഷണങ്ങള്‍ തമ്മിലുള്ള അകലം 1.5 സെ. മീ. ആകണം. കൂടിന് 'വയര്‍മെഷ്' ഉപയോഗിക്കുമ്പോള്‍ അടിഭാഗത്തിന് 1.8 സെ. മീ. വീതം നീളവും വീതിയും (1.8 സെ. മീ. ഃ 1.89 സെ. മീ.) എന്ന അളവും പാര്‍ശ്വഭാഗങ്ങള്‍ 2.5 സെ. മീ. വീതം നീളവും നീതിയും ഉണ്ടാകണം. കാഷ്ഠവും, മൂത്രവും കൂട്ടില്‍ തങ്ങിനില്‍ക്കാതെ കീഴ്പ്പോട്ട് വീഴുന്നതിനും, കുഞ്ഞുങ്ങളുടെ കാലുകള്‍ കുടുങ്ങിപ്പോകാതിരിക്കാന്‍ ഇതു സഹായിക്കും.

വ്യാവസായികാടിസ്ഥാനത്തില്‍
വ്യാവസായികാടിസ്ഥാനത്തില്‍ വന്‍തോതില്‍ മുയല്‍ വളര്‍ത്തലില്‍ ഏര്‍പ്പെടുന്നവര്‍ 60 ഃ 45 സെ. മീറ്റര്‍ നീളവും വീതിയും ഉള്ള കമ്പിവലകള്‍കൊണ്ടുണ്ടാക്കിയ കൂടുകള്‍ രണ്ടോ–മൂന്നോ നിരയായി (ടയര്‍ സിസ്റ്റം) നിര്‍മിക്കാം. ഇറച്ചിക്കായി വളര്‍ത്തുന്ന നാലു മാസംവരെ പ്രായമുള്ള മുയല്‍ക്കുഞ്ഞുങ്ങളെ 'ഡീപ്ലിറ്റര്‍ സിസ്റ്റം' അനുസരിച്ച് മുറികളില്‍ വളര്‍ത്താം. ഇത്തരം 'കോളനിക്കൂടുകള്‍' മരം, കമ്പിവല എന്നിവ ഉപയോഗിച്ചും നിര്‍മിക്കാം. ഒരു മുറിയില്‍ (കോളനിയില്‍) 50 കുഞ്ഞുങ്ങള്‍വരെ ആകാം. ഓരോ മുയലിനും 0.13 മീറ്റര്‍ സ്ക്വയര്‍ എന്ന തോതില്‍ 50 എണ്ണത്തിന് 6.5 മീറ്റര്‍ സ്ക്വയര്‍ വിസ്തീര്‍ണം തറയ്ക്ക് ഉണ്ടാകണം. തറ 'വയര്‍മെഷ്'കൊണ്ടാണെങ്കില്‍ ഒരു മുയലിന് 0.1 മീറ്റര്‍ സ്ക്വയര്‍ എന്ന അളവില്‍ മതിയാകും.

തീറ്റ–കുടിവെള്ള സൌകര്യങ്ങള്‍
കുടിക്കാനുള്ള വെള്ളം ലഭ്യമാക്കുന്നതിന് ചെറുകിട മുയല്‍വളര്‍ത്തുകാര്‍ക്ക് മണ്‍പാത്രങ്ങള്‍ ഉപയോഗപ്പെടത്താം. ചട്ടികള്‍ക്ക് വൃത്താകൃതിയായതിനാല്‍ ഒന്നിലധികം മുയലുകള്‍ക്ക് വെള്ളം കുടിക്കാന്‍ കഴിയും. വെള്ളം വൃത്തികേടാകാന്‍ സാധ്യതയുള്ളതുകൊണ്ട് ഇടയ്ക്കിടെ വെള്ളം മാറ്റിക്കൊടുക്കണം.

നോസില്‍ ഘടിപ്പിച്ച കുപ്പികളില്‍ വെള്ളം നിറച്ച് കൂടിനുപുറത്ത് തലകീഴായി കെട്ടിത്തൂക്കണം. നോസിലിന്റെ പുറംഅറ്റം കൂടിനകത്തേക്ക് തള്ളിനില്‍ക്കണം. ഒഴിഞ്ഞ സലൈന്‍ കുപ്പികള്‍ ഇതിനായി ഉപയോഗപ്പെടുത്താം. ഈ രീതി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ വെള്ളം വൃത്തികേടാകില്ല.

തകരം ഉപയോഗിച്ച് തീറ്റപ്പാത്രം നിര്‍മിക്കുകയാണെങ്കില്‍ ഭക്ഷ്യവസ്തുക്കള്‍ വൃത്തികേടാകില്ല. തീറ്റയിടുന്ന ഭാഗം കൂട്ടിനു പുറത്തും, വീഴുന്നഭാഗംകൂട്ടിനകത്തും അകത്തക്കവിധത്തില്‍ തീറ്റപ്പാത്രങ്ങള്‍ നിര്‍മിക്കാം.

വായു–വെളിച്ചം
ഷെഡ്ഡിനകത്ത് നല്ല വായുസഞ്ചാരം ഉണ്ടാകണം. എക്സ്ഹോസ്റ്റ് ഫാനുകള്‍ ഘടിപ്പിച്ചാല്‍ ദുര്‍ഗന്ധം കലര്‍ന്ന വായു പുറന്തള്ളപ്പെടും. നല്ല വെളിച്ചം അത്യാവശ്യമാണ്. ഇത് മുറികളിലെ കൂടുകള്‍ വൃത്തിയാക്കാനും രോഗാണുക്കള്‍ വളരാനുള്ള പരിസ്ഥിതി ഇല്ലാതാക്കുകയും ചെയ്യും. പ്രജനനത്തിന് ആവശ്യമായി വളര്‍ത്തുന്നവയ്ക്ക് ദിവസം 16 മണിക്കൂര്‍ വെളിച്ചം നല്‍കുന്നത് നല്ലതാണ്. സൂര്യപ്രകാശം കുറയുമ്പോള്‍ ട്യൂബ്ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് ചൂട് നിയന്ത്രിക്കാന്‍ ഷെഡ്ഡുകള്‍ക്ക് ഫാള്‍സ് സീലിങ് നല്‍കുന്നത് നന്നാകും. ആസ്ബസ്റ്റോസ് ഷീറ്റ്, കാര്‍ഡ് ബോര്‍ഡ്, മരപ്പലക, ഓല എന്നിവ ഉപയോഗിക്കാം. ഷെഡ്ഡുകളും ചുറ്റിലും ദിവസവും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top