23 February Friday

വേരുകളാഴ്‌ത്തുന്ന അധിനിവേശ സസ്യങ്ങൾ

സുസ്‌മിത ചന്ദ്രൻUpdated: Sunday Oct 15, 2023

മണ്ണിന്റെ ഘടനയെത്തന്നെ മാറ്റി നാട്ടുപച്ചകളെയും ഔഷധസസ്യങ്ങളെയും  ഇല്ലാതാക്കുന്ന അധിനിവേശസസ്യങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. നമ്മുടെ വനമേഖലകളിലും ഇവയുടെ വ്യാപനം  ഭീഷണി ഉയർത്തുന്നു. അവയിൽ ചിലതിനെ പറ്റി:
ധൃതരാഷ്ട്രപ്പച്ച

ലോകത്തിലെ ഏറ്റവും പ്രശ്നക്കാരായ നൂറു കള സസ്യങ്ങളിലൊന്നാണ്‌  ധൃതരാഷ്ട്രപ്പച്ച. ഒഴിഞ്ഞ സ്ഥലങ്ങളിലും കാടുകളിലും  തെങ്ങുകൾക്ക് മുകളിൽ പോലും പടർന്നു കയറി വളരുന്ന ഒരു വള്ളിച്ചെടിയാണിത്‌.  മറ്റ് ചെടികൾക്ക് മേൽ പടർന്ന് കയറി അവയെ ഇല്ലാതാക്കും. 24 മണിക്കൂറിനുള്ളിൽ 80- മുതൽ 90 മില്ലിമീറ്റർ വരെ വളർന്ന് ധാരാളം വിത്തുകൾ ( ഒരു ചെടിയിൽ നിന്ന് ഏകദേശം 20,000–--40,000 വിത്തുകൾ) ഉൽപ്പാദിപ്പിച്ച്‌ വംശവർധന നടത്തും.   ഭാരം കുറഞ്ഞ ഇവയുടെ വിത്തുകൾ കാറ്റു വഴിയോ ജന്തുക്കളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചോ  മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കും . ഇവയെ   വേരോടെ പിഴുതുമാറ്റി  കുഴിച്ചുമൂടുകയോ,പൂത്തചെടികളാണെങ്കിൽ വെട്ടി, ഒന്നോ രണ്ടോ ദിവസം വെയിലത്തുണക്കി കത്തിച്ചു കളയുകയോ ചെയ്യണം.

ആനത്തൊട്ടാവാടി

തൊട്ടാവാടിയുടെ അതേ ജനുസ്സിൽപെട്ട അപകടകാരിയായ ഒരു കളസസ്യമാണ്‌ ആനത്തൊട്ടാവാടി (Mimosa  diplotricha). ട്രോപ്പിക്കൽ അമേരിക്കൻ സ്വദേശിയായ  ഇവ രണ്ടിനമുണ്ട്. മുള്ളുള്ളതും മുള്ളില്ലാത്തതും. ഈ കുറ്റിച്ചെടി കൃഷിയിടങ്ങളിലും കാടുകളിലും വളർന്ന് പടർന്ന് ആനകൾക്കു പോലും കടക്കാനാവാത്ത വിധംതടസ്സം സൃഷ്ടിക്കുന്നതുകൊണ്ടാവാം ഈ പേര് വന്നതെന്ന് കരുതുന്നു. ഇവയ്ക്ക് ഒരുചതുരശ്രകിലോമീറ്ററിൽ നിന്ന് 8000–-12,000 വിത്തുകൾ ഉൽപ്പാദിപ്പിക്കാനാകും. ഇവയിലടങ്ങിയ മൈമോസിൻ എന്ന രാസവസ്തു കന്നുകാലികളിൽ ഹൃദയത്തേയും കരളിനേയും ബാധിച്ച്‌ അപകടമുണ്ടാക്കും.
 
സിംഗപ്പുർ ഡെയ്സി

ആകർഷകമായ മഞ്ഞപ്പൂക്കളോട് കൂടിയ, നിലത്ത് പടർന്ന് വളരുന്ന ഒരധിനിവേശ സസ്യമാണ്‌ സിംഗപ്പൂർ ഡെയ്സി/കമ്മൽ പൂവ് ( Sphagneticola trilobata). ഉഷ്ണമേഖലാ അമേരിക്കൻ സ്വദേശിയായ  ഇവ പൊതുവെ ഈർപ്പമുള്ള വയലോരങ്ങളിലും തോടരികിലും റോഡരികിലുമെല്ലാം സമൃദ്ധമായി വളരും. വളരെ വേഗത്തിൽ ഏത് സമ്മർദത്തേയും അതിജീവിച്ച് പടർന്ന് വളർന്ന് മറ്റ്‌ സസ്യങ്ങളുടെ  വളർച്ചയെ തടസ്സപ്പെടുത്തും.   ഇവയുടെ വേരുകൾ പുറപ്പെടുവിക്കുന്ന "അല്ലിലോ പതിക്’ എന്ന രാസസവസ്തുക്കൾ മറ്റ് തദ്ദേശീയ സസ്യങ്ങളുടെ വിത്തുകൾ മുളയ്‌ക്കുന്നത് തടയുന്നു. ഇവ വളരുന്നയിടങ്ങളിൽ സാധാരണയായി മറ്റ് ചെടികൾ കാണാറില്ല.  പല ഔഷധ സസ്യങ്ങളും അപ്രത്യക്ഷമാവുന്നതിന് ഇതുമൊരു കാരണമാണ്‌. വേരോടെ പിഴുത് മാറ്റി കമ്പോസ്റ്റായി ഉപയോഗിക്കാം. ഇവ വളരുന്നയിടങ്ങളിൽ ബർമുഡ പുല്ല് വച്ചുപിടിപ്പിക്കുന്നത് ഒരു പരിധി വരെ ഇവയെ നിയന്ത്രിക്കാൻ സഹായിക്കും.

വൻവയറവള്ളി


 മുന്തിരിയിലയോട് സാമ്യമുള്ള ഇളം ചുവപ്പ് തളിരിലകളുള്ള വള്ളിച്ചെടിയാണ്‌ വൻവയറവള്ളി ( Mer remia vitifolia).  ഏതാണ്ടെല്ലാ പുറമ്പോക്കുകളിലും റോഡരികിലും വലിയ മരങ്ങളിൽ പോലും പടർന്ന് സുലഭമായി വളരുന്നത് കാണാം. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ കാണുന്ന ഈ സസ്യം ഒഴിഞ്ഞ ഇടങ്ങളിൽ ഇടതിങ്ങി വളർന്ന് സൂര്യപ്രകാശത്തെ തടസ്സപ്പെടുത്തുന്നതിനാൽ അത്തരം ഇടങ്ങളിൽ കുറുന്തോട്ടിക്കോ തുളസിക്കോ ഒന്നും വളരാൻ കഴിയാറില്ല. ചിലയിടങ്ങളിൽ കാലിത്തീറ്റയായി ഇവയുടെ ഇലകൾ ഉപയോഗിക്കാറുണ്ട്. വേരോടെ പിഴുത് വള്ളി വെട്ടിമാറ്റി കമ്പോസ്റ്റായി ഉപയോഗിക്കുകയോ, മണ്ണിനടിയിൽ ആഴത്തിൽ കുഴിച്ചുമൂടുകയോ ചെയ്യുക.

തേൻ പൂവള്ളി / കടലപ്പൂവ്

 പിങ്ക് പൂങ്കുലകളുള്ള ഒരലങ്കാരച്ചെടിയാണ് മെക്സിക്കൻ സ്വദേശിയായ ‘കോറൽ വൈൻ' എന്നറിയപ്പെടുന്ന തേൻ പൂവള്ളി (Antigonon leptopus). ധാരാളം തേനീച്ചകളെ ആകർഷിക്കുന്നതിനാൽ തേനീച്ചക്കർഷകർ ഈ ചെടിയെ വ്യാപകമായി വളർത്തിയിരുന്നു. എന്നാൽ പൂന്തോട്ടങ്ങൾക്ക് പുറത്ത് കടന്ന് കളയായി മാറിയ ഈ വള്ളിച്ചെടി സൂര്യപ്രകാശം, സ്ഥലം എന്നിവക്കായി മത്സരിച്ച് തദ്ദേശീയരായ ചെടികളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു.

പാർത്തീനിയം

പാർത്തീനിയം (Parthenium hysterophorus) ധാന്യ വിത്തുകളിൽ കലർന്നാണ് നമ്മുടെ നാട്ടിലെത്തിയതെന്ന് കരുതപ്പെടുന്നു. ഒന്നര മീറ്റർ വരെ വലിപ്പം വയ്‌ ക്കുന്ന ഈ കുറ്റിച്ചെടി കേരള- –-തമിഴ് നാട് അതി ർത്തി പ്രദേശങ്ങളിൽ  പ്രശ്നക്കാരനായ കള സസ്യമാണ്. ഒരു ചെടിയിൽ നിന്ന്  10,000 മുതൽ 20,000 വിത്തുകൾ വരെ ഉൽപ്പാദിപ്പിക്കുന്ന ഇവ വളരെ വേഗത്തിൽ വ്യാപിക്കുന്നു .ഇവയുടെ പൂമ്പൊടി മനുഷ്യരിലും മൃഗങ്ങളിലും അലർജിയുണ്ടാക്കുന്നു . ഇവയിലടങ്ങിയ പാർത്തിനീൻ, അംബ്രോസിൻ എന്നീ രാസവസ്തുക്കൾ   ചൊറിച്ചിൽ, തടിപ്പ്, അലർജി, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. അപകടകാരിയായ ഇവയെ തീയിട്ട് നശിപ്പിക്കുകയാണ് നിയന്ത്രിക്കാനുള്ള മാർഗം.

കുളവാഴ

തെക്കൻ കേരളത്തിൽ "പോള’ എന്നറിയപ്പെടുന്ന ഇവ നമ്മുടെ ജലാശയങ്ങളിലും തോടുകളിലുമെല്ലാം വ്യാപകമായി വളർന്ന് ജലജൈവവൈവിധ്യത്തിനും ജലഗതാഗതത്തിനും കടുത്ത ഭീഷണിയുയർത്തുന്നു. ജലാശയം മുഴുവൻ മൂടി വളരുന്ന കുളവാഴകൾ അഴുകുന്നതോടെ ജലത്തിൽ ലയിച്ചു ചേർന്ന ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും മത്സ്യങ്ങൾക്കും മറ്റു ജലജീവികൾക്കും ജീവഹാനി വരുത്തുകയും ചെയ്യുന്നു. ഘനലോഹങ്ങൾ വൻതോതിൽ വലിച്ചെടുക്കാൻ ശേഷിയുള്ള ഇവയുടെ അവശിഷ്ടങ്ങൾ  ജലാശയങ്ങളുടെ അടിത്തട്ടിൽ അടിഞ്ഞുകൂടി മലിനീകരണമുണ്ടാക്കും.
വെള്ളത്തിൽ നിന്നും കോരി മാറ്റി കമ്പോസ്റ്റാക്കി മാറ്റാം. ഇവയിൽ നിന്നുള്ള നാരുകൾ ഉപയോഗിച്ച് ഫർണിച്ചർ, പൾപ്പ്  ഉപയോഗിച്ച് പേപ്പർ എന്നിവ നിർമ്മിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top