26 April Friday

വില്ലനാണ്‌ ദ്രുതവാട്ടം

എം കെ പി മാവിലായിUpdated: Sunday Mar 26, 2023

കുരുമുളക്‌ കൃഷിയെ ബാധിക്കുന്ന രോഗമാണ്‌ ദ്രുതവാട്ടം. രോഗകാരണം "ഫൈറ്റോഫ് തോറ കാപ്സിസി’ എന്ന ഫംഗസാണ്‌.
കുരുമുളക്‌ ചെടിയുടെ ഏതുഭാഗത്തും ഈരോഗം വരാം. രോഗബാധയേൽക്കുന്ന ചെടിയുടെ ഭാഗത്തെയും രോഗത്തിന്റെ തീവ്രതയെയും ആശ്രയിച്ചായിരിക്കും രോഗലക്ഷണങ്ങൾ കാണപ്പെടുക. ചിലപ്പോൾ രോഗം ബാധിച്ച വള്ളികൾ ഏതാനും ദിവസത്തിനുള്ളിൽ നശിച്ചു പോകും.
പകർച്ച

രോഗം ബാധിച്ച്‌ നശിച്ച തണ്ടുകൾ, ഇലകൾ ഇവയിൽനിന്നോ മണ്ണിൽ കാണപ്പെടുന്ന കുമിളിന്റെ സ്പോറുകളിൽനിന്നോ രോഗം ബാധിച്ച കവുങ്ങ്, തെങ്ങ്, റബർ മുതലായ മരങ്ങളിൽനിന്നോ രോഗം പകരാം. കാറ്റിലൂടെ എത്തുന്ന  സ്പോറുകൾ വള്ളിയിൽ പറ്റിപ്പിടിച്ച്‌ വളർന്ന്‌ വള്ളിക്കുള്ളിലെ നാളികളിൽ കടക്കുന്നു. അതുവഴി മറ്റുഭാഗങ്ങളിലും എത്തുന്നു. തുടർന്ന്‌ ഇലകളിൽ നനവുള്ള പാടുകൾ കണ്ടു തുടങ്ങുന്നു. രണ്ടു മൂന്നു ദിവസം കൊണ്ട് ഈ പാടുകൾ ഇരുണ്ട തവിട്ടു നിറത്തിലാകുന്നു.  ക്രമേണ ഇത്‌ വലുതായി മുഴുവൻ ഇലയും ഉണങ്ങുന്നു. ഇതുപോലെ തണ്ടും.

തണ്ട് ഉണങ്ങുന്നതോടെ ഇലകളും വാടി പൊഴിയുന്നു. ഇതുപോലെ തണ്ടിലും നനഞ്ഞ പാടുകൾ ഉണ്ടാകുന്നു. ഈ പാടുകൾ പിന്നീട് ഒരുമിച്ച് ചേർന്ന് തണ്ടുകൾ ഉണങ്ങുന്നു. തണ്ട് ഉണങ്ങുന്നതോടെ ഇലകളും വാടി പൊഴിയുന്നു. തണ്ട് ചീഞ്ഞു തുടങ്ങുന്നതോടെ പുറന്തൊലി ഇളകുകയും പശപോലുള്ള ഒരു ദ്രാവകം ഒലിച്ചു വരികയും ചെയ്യും. തണ്ടുകളുടെ പുറന്തൊലി ഉണങ്ങി പൊളിയുമ്പോൾ അവയ്ക്കുള്ളിലെ നാരുകൾ പിരിഞ്ഞ് കാണപ്പെടുന്നു. തിരികളും കറുത്തനിറം ബാധിച്ചു ധാരാളമായി പൊഴിയാറുണ്ട്. വേരുകൾ അഴുകി നശിക്കുന്നതോടെ ചെടി പൂർണമായും വാടി ഉണങ്ങും.

രോഗബാധ വേരുകൾക്ക് മാത്രമാണെങ്കിൽ വർഷകാലം അവസാനിക്കുന്നതോടെ മാത്രമേ ബാഹ്യ ലക്ഷണങ്ങൾ പ്രത്യക്ഷമാവുകയുള്ളൂ. മണ്ണിലെ ഈർപ്പം കുറയുന്നതോടെ ഒക്ടോബർ–- നവംബർ മാസങ്ങളിൽ ഇലകൾക്കാകെ മഞ്ഞളിപ്പ്, വാട്ടം, കൊഴിച്ചിൽ, കരിച്ചിൽ എന്നീ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗം രൂക്ഷകരമാകാത്ത ഇത്തരം ചെടികൾ അടുത്ത മഴക്കാലത്തോടെ രോഗലക്ഷണങ്ങളിൽനിന്ന് ഒരു പരിധിവരെ വിമുക്തമാവുകയും രണ്ടു മൂന്നു സീസണോളം പിടിച്ചുനിൽക്കുകയും ചെയ്യും. എന്നാൽ വേരിനെ ബാധിച്ച കുമിൾ പിന്നീട് പ്രധാന തണ്ടിലേക്ക് വ്യാപിക്കുന്നതോടെ ചീയൽ രൂക്ഷമാകും.

നിയന്ത്രണ മാർഗങ്ങൾ


കേരള കാർഷിക സർവകലാശാല നിർദേശിക്കുന്നത് സംയോജിതമായ രോഗനിയന്ത്രണ മാർഗങ്ങളാണ്. രോഗബാധിതമായ എല്ലാ ചെടികളും വേരോടെ പിഴുത് കത്തിച്ചു കളയണം. ഇത് കുമിളുകളുടെ വർധനവും വ്യാപനവും തടയാൻ ഉപകരിക്കും. തോട്ടത്തിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തോട്ടത്തിൽ ആവരണവിള ഉണ്ടായിരിക്കുന്നത് നല്ലതാണ്.
പുതുമഴയോടെ ചെടിയൊന്നിന്‌ ഒരു കിലോഗ്രാം കുമ്മായവും നാലാഴ്ചയ്‌ക്കുശേഷം രണ്ടു കിലോഗ്രാം വേപ്പിൻപിണ്ണാക്കും ചേർത്ത് കൊടുക്കണം.
മഴക്കാലം തുടങ്ങിയതിനുശേഷം അരമീറ്റർ വ്യാസത്തിൽ തടമെടുത്ത് ഒരു കൊടിക്ക് അഞ്ചു മുതൽ പത്ത് ലിറ്റർ എന്ന തോതിൽ 0.2 ശതമാനം കോപ്പർ ഓക്സിക്ലോറൈഡ് ഒഴിച്ച് മണ്ണ് കുതിർക്കണം. കൂടാതെ, ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം ഇലകളിലും ചെറു തണ്ടുകളിലും തളിക്കുകയും വേണം. തുലാവർഷം ആരംഭിക്കുന്നതിന് മുമ്പും ഇതാവർത്തിക്കണം.

സ്യൂഡോമോണാസ്, ഫ്ളൂറസെൻസ്, മൈക്കോറൈസ ട്രൈക്കോഡെർമ എന്നിവ കൂടത്തൈകൾ ഉണ്ടാക്കുമ്പോൾ ചേർത്തുകൊടുക്കുന്നത്  രോഗം നിയന്ത്രിക്കാൻ ഉപകരിക്കും. മഴ തുടങ്ങുന്ന സമയത്താണ് ഇത് പ്രയോഗിക്കേണ്ടത്. കരുതൽ നടപടി മാത്രമാണിത്‌. രോഗബാധ കൂടുതലായാൽ  രാസനിയന്ത്രണ മാർഗങ്ങൾ വേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top