29 March Friday

രണ്ടാംവിള നെല്‍കൃഷി; ശാസ്ത്രീയ ജലപരിപാലനം

മലപ്പട്ടം പ്രഭാകരന്‍Updated: Thursday Nov 17, 2016

രണ്ടാംവിള നെല്‍കൃഷി തുടങ്ങാനുള്ള സമയമായി. ഈ വര്‍ഷം മഴയില്‍ വന്ന കുറവ്, തുലാമഴ ഇനിയും ശക്തിപ്രാപിക്കാത്ത പ്രശ്നങ്ങളെല്ലാം പ്രതികൂലമായി ബാധിക്കുക പ്രധാനമായും നെല്‍കൃഷിയെയാണ്. ഇത്തരമൊരു ഘട്ടത്തില്‍ ലഭ്യമാകുന്ന മഴയെയും വെള്ളത്തെയും ശാസ്ത്രീയമായി ക്രമീകരിച്ച് ഉപയോഗിക്കാനാവണം.

നെല്ലിന് വ്യത്യസ്ത വളര്‍ച്ചാഘട്ടത്തില്‍ വ്യത്യസ്ത അളവിലാണ് വെള്ളത്തിന്റെ ആവശ്യമുണ്ടാകുക. പക്ഷേ കര്‍ഷകരില്‍ വലിയവിഭാഗവും വളപ്രയോഗത്തിലും, രോഗകീട നിയന്ത്രണത്തിലും കാണിക്കുന്ന സൂക്ഷ്മത ജലപരിപാലനത്തില്‍ കാണിക്കാറില്ല. ലഭ്യമാകുന്ന വെള്ളത്തെ നിയന്ത്രണമില്ലാതെ ഏതുസമയത്തും ഒഴുക്കിവിടുന്ന സമീപനമാണ് കണ്ടുവരുന്നത്. ഈ രീതി മാറ്റണം. പ്രത്യേകിച്ചും മഴ കുറഞ്ഞ് വെള്ളത്തിന്റെ ലഭ്യത കുറയുന്ന ഈ സന്ദര്‍ഭത്തില്‍. നെല്ലിന്റെ ജലപരിപാലനത്തില്‍ സ്വീകരിക്കേണ്ട ശാസ്ത്രീയ സമീപനത്തെക്കുറിച്ച് അറിയേണ്ടതുണ്ട്.

നെല്ലിന്റെ മൂപ്പ്, വളര്‍ച്ചയുടെ സ്വഭാവം എന്നിവ അനുസരിച്ച് വെള്ളത്തിന്റെ ആവശ്യം വ്യത്യാസപ്പെട്ടിരിക്കും. മൂപ്പുകുറഞ്ഞതിന് കുറച്ചും, നല്ല പുഷ്ടിയായി വളരുന്ന, ഇടത്തരം മൂപ്പുള്ളതിനും മൂപ്പ് കൂടിയതിനും ജലാവശ്യം കൂടുതലാണ്. താപനില ഉയരുമ്പോള്‍ ബാഷ്പീകരണനഷ്ടം കൂടുന്നതിനാലും ജലാവശ്യം അധികമാകും. മണ്ണില്‍ ജൈവവള സാന്നിധ്യം കൂടുതലുണ്ടെങ്കില്‍ വെള്ളം അവ ശേഖരിച്ചുനിര്‍ത്തുകയും തുടര്‍ന്ന് ഉപയോഗിക്കാനും സഹായിക്കും. അതുപോലെ മണ്ണില്‍ അമ്ളത്വം കൂടിയാല്‍ അവ കുറയ്ക്കാന്‍ 15 ദിവസത്തില്‍ ഒരിക്കല്‍ വെള്ളംകയറ്റി കെട്ടിനിര്‍ത്തി തുറന്നുവിടണം.

എന്നാല്‍ ജലക്ഷാമം നേരിടുമ്പോള്‍ ഇതിനു കഴിയില്ല. അതുകൊണ്ട് ആദ്യമേ കുമ്മായമിട്ട് അമ്ളത്വം കുറയ്ക്കുക. ജൈവവള സാന്നിധ്യം കൂടുതലാക്കുക. ഇത് വെള്ളത്തെ സ്പോഞ്ച്പോലെ പിടിച്ചുനിര്‍ത്തി ജലലഭ്യത കുറയുമ്പോള്‍ പ്രയോജനപ്പെടുത്താന്‍ നെല്ലിനെ സഹായിക്കും.
നെല്ലിന്റെ വിവിധ വളര്‍ച്ചാഘട്ടത്തില്‍ വേണ്ട ജലപരിപാലനത്തെക്കുറിച്ച് നോക്കാം.

1. നിലമൊരുക്കുമ്പോള്‍ ചളിപ്പരുവമാകാന്‍ വേണ്ട വെള്ളം ഉണ്ടാകണം. കൂടുതല്‍ വെള്ളം ജലനഷ്ടവും പോഷകമൂലക നഷ്ടവും ഉണ്ടാക്കും.
2. ഞാറ് പറിച്ചുനടുമ്പോള്‍ നിലത്തില്‍ ഒന്നോ രണ്ടോ സെ. മീറ്റര്‍ മാത്രം വെള്ളം കെട്ടിനിര്‍ത്തിയാല്‍ മതി. പലയിടങ്ങളിലും 10 സെ. മീറ്ററും അതിലധികവും കാണാറുണ്ട്. ഇത്രയും ആവശ്യമില്ല.
3. നടലിനുശേഷം വേരുപിടിക്കാനുള്ള സമയത്ത് വെള്ളം കെട്ടിനിര്‍ത്താതെ വാര്‍ത്തുകളയണം. വേരുപിടിച്ചതായി ബോധ്യം വന്നാല്‍ വീണ്ടും വെള്ളം കയറ്റുക. 12 സെ.മീറ്റര്‍ മാത്രം ഉയരത്തില്‍ തുടര്‍ച്ചയായി നിര്‍ത്തുക.
4. തുടര്‍ന്ന് ചിനപ്പുകള്‍ പൊട്ടുന്ന സമയത്ത് വെള്ളം പൂര്‍ണമായും വാര്‍ത്തുകളയണം. കൂടുതല്‍ ചിനപ്പുകളുണ്ടാകാന്‍ ഇതു സഹായിക്കും.
5. അടിക്കണപ്പരുവത്തില്‍ വളരെ മിതമായ വെള്ളം മതിയാകും.
6. പുഷ്പിക്കുന്നതിന് രണ്ടാഴ്ച മുമ്പുമുതല്‍ പുഷ്പിച്ച് ഒരാഴ്ച കഴിയുന്നതുവരെ വളരെ കുറഞ്ഞ വെള്ളമേ വേണ്ടു. വാര്‍ത്തുകളയുന്നതിലും തെറ്റില്ല. എന്നാല്‍ ഈര്‍പ്പസാന്നിധ്യം ഉറപ്പാക്കണം.
7. കതിര് പഴുത്തുതുടങ്ങുമ്പോഴും ഈര്‍പ്പസാന്നിധ്യം മതി.
8. കതിര് പഴുത്തുകഴിഞ്ഞാല്‍ വെള്ളത്തിന്റെ ആവശ്യമേ വരുന്നില്ല.
9. കൊയ്യുന്ന സമയത്ത് മണ്ണ് വരണ്ട അവസ്ഥയാണ് അഭികാമ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top