20 April Saturday

കിരണിന്റെ ഏദൻതോട്ടത്തിൽ ഇരട്ടക്കുലയൻ ‘‘ഡബിൾ മഹോയി’’

വി ജെ വർഗീസ്‌Updated: Monday Oct 14, 2019

കൽപ്പറ്റ> ഒരുവാഴയിൽ രണ്ട്‌ കുല ഇനി  കൗതുകമല്ല. ‘ഡബിൾ മഹോയി’ എന്നറിയപ്പെടുന്ന  ഇരട്ടക്കുലയൻ ജില്ലയിലുമെത്തി.  മുട്ടിൽ കൊളവയൽ നന്ദുണിയിൽ കിരണിന്റെ തോട്ടത്തിലാണ്‌ നിറയെ കായ്‌കളുമായി ഇരട്ടക്കുലയനുള്ളത്‌. ഹവായ് ദ്വീപുകളിലും അമേരിക്കയിലെ ഫ്ലോറിഡയിലും കാണുന്ന ഈ ഇനം വാഴക്കൃഷിയിൽ പേരുകേട്ട  വയനാടൻ മണ്ണിലും വേരാഴ്‌ത്തി. 

ഫ്ലോറിഡയിൽനിന്നുമാണ്‌ കിരൺ  ഡബിൾ മഹോയി കൊണ്ടുവന്നത്‌. ഒരുവർഷംമുമ്പ്‌ വച്ച വാഴയാണ്‌ കുലച്ചത്‌. മറ്റ്‌ രണ്ടെണ്ണം കുലക്കാറായി.  ‘ഡ്വാർഫ് കാവൻഡിഷ്’ ഇനത്തിൽപ്പെട്ട വാഴക്ക്  മാറ്റം സംഭവിച്ചാണ്  ഡബിൾ മഹോയി ഉണ്ടായത്‌.  മറ്റുവാഴകളെ അപേക്ഷിച്ച് ഇവക്ക്‌ പ്രതിരോധശേഷി കുടുതലാണ്‌.  പഴത്തിന്‌ റോബസ്റ്റയുടെ രുചിയാണ്‌.

ഫ്ലോറിഡയിലെ നേഴ്‌സറിയിൽനിന്നും രണ്ട്‌  ടിഷ്യുകൾച്ചർ തൈകളാണ്‌ കിരൺ കൊണ്ടുവന്നത്‌. ആദ്യവർഷം ഒരുകുലയാണ്‌ ഉണ്ടാകുക. ഇതിന്റെ കന്ന്‌ നടുമ്പോഴാണ്‌ ഇരട്ടക്കുല വരിക. വാഴക്കന്ന്‌ നട്ട്‌ പകുതി വളർച്ചയാകുമ്പോഴേക്കും രണ്ട്‌ കൂമ്പുകൾവരും. പിന്നീട്‌ രണ്ട്‌ കൂമ്പിലും കുലകൾ വരും. സാധാരണ വാഴകൾക്ക്‌ നൽകുന്ന പരിചരണം മാത്രമാണ്‌ ഇതിനും നൽകുന്നതെന്ന്‌ കിരൺ പറഞ്ഞു.   5-6 അടി ഉയരമായപ്പോഴേക്കും കുലച്ചു.  ചില സന്ദർഭങ്ങളിൽ  ‘ഡബിൾ മഹോയി’ൽ മൂന്നു കുലകൾ വരെ വരാം. 
 
വിദേശ പഴങ്ങൾ നിറഞ്ഞ‌താണ്‌ കിരണിന്റെ തോട്ടം. ആകെയുള്ള ഒന്നര ഏക്കറിൽ നിറയെ പഴവർഗങ്ങളാണ്‌.  അഞ്ഞൂറിലധികം വിദേശ പഴങ്ങൾ ഈ ഏദൻ തോട്ടത്തിലുണ്ട്‌.  ബ്രസീലിൽനിന്നുള്ള ജബോട്ടിക്കാബ, കംബോഡിയയുടെ റംഡൽ, ആമസോൺ കാടുകളിലെ ഉദാര, ബ്ലാക്ക‌് സപ്പോട്ട, ഐസ‌്ക്രീം കോക്കനട്ട‌്, ഇസ്രായേൽ ഓറഞ്ച‌്... രുചിയും വിലയുമേറിയ പഴങ്ങളുടെ എണ്ണം നീളും. വിദേശഫലങ്ങളുടെ എണ്ണത്തിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ തോട്ടങ്ങളിലൊന്നാണിത‌്.
 
സംസ്ഥാനത്ത‌് ആദ്യമായി മഞ്ഞനിറത്തിലുള്ള ജബോട്ടിക്കാബ(മരമുന്തിരി) കായ്‌ച്ചതും കിരണിന്റെ വീട്ടുമുറ്റത്താണ്‌.   പാക്കിസ്ഥാൻ മൾബറി, ഓസ‌്ട്രേലിയൻ സാന്തോൾ, ഗൂസ‌് ബറി,  വിവിധ ഇനങ്ങളിലുള്ള അവക്കാഡോയുമുണ്ട്‌. വിയറ്റ‌്നം, ഇന്ത്യോനേഷ്യ, തായ‌് വാൻ, മൗറീഷ്യസ‌്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക തുടങ്ങിയ  രാജ്യങ്ങളിൽനിന്നു ഫലങ്ങൾ തോട്ടം നിറയെയുണ്ട‌്.  ഒരുപഴ‌ം തിന്നാൽ മണിക്കൂറുകളോളം നാവിന്റെ സ്വാദ‌് മുകുളങ്ങളെ സ്വാധീനിക്കുന്ന മിറാക്കിൾ ഫ്രൂട്ടും, കുരവില്ലാ പേരക്കയും കായിച്ച്‌ നിൽപ്പുണ്ട‌്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top