29 March Friday

നെല്‍കൃഷി: രോഗം തടയാന്‍ ജൈവരീതിയില്‍ വിത്തു പരിചരണം

മലപ്പട്ടം പ്രഭാകരന്‍Updated: Thursday Nov 30, 2017

 
നെല്‍കൃഷിയെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളായ ബ്ളാസ്റ്റ് (കുലവാട്ടം), തവിട്ടുപുള്ളിക്കുത്ത് (ബ്രൌണ്‍ സ്പോട്ട്), ബാക്ടീരിയല്‍ ഓലകരിച്ചല്‍, ലക്ഷ്മിരോഗം എന്നിവ പ്രധാനമായും വിത്തില്‍ക്കൂടി പകരുന്നതാണ്. മേല്‍പ്പറഞ്ഞ രോഗങ്ങള്‍ ഉല്‍പ്പാദനത്തില്‍ ചിലപ്പോള്‍ 60-70 ശതമാനംവരെ നഷ്ടം വരുത്താന്‍ സാധ്യതയുള്ളതാണ്. ഈ രോഗം തടയാനുള്ള ഫലപ്രദവും ചെലവുകുറഞ്ഞതുമായ മാര്‍ഗം എന്നത് രോഗംവരാതിരിക്കാനുള്ള വഴി വിത്തില്‍തന്നെ സ്വീകരിക്കുക എന്നതാണ്.

ഇത്തരം സൂക്ഷ്മാണുക്കള്‍ വിത്തിനുപുറത്തും, അകത്തുമെല്ലാം ഉണ്ടാകും. ഇത്തരം രോഗാണുക്കളെ വിത്തില്‍തന്നെ നശിപ്പിക്കാന്‍ വിത്തുപരിചരണംവഴി സാധിക്കും. നെല്ലോലകളില്‍ കാണുന്ന നീലകലര്‍ന്ന തവിട്ടുനിറത്തിലുള്ളതും ഇവ വളരുമ്പോള്‍ കണ്ണിന്റെ ആകൃതിയില്‍ കാണുന്നതുമായ അടയാളമാണ് ബ്ളാസ്റ്റ് രോഗലക്ഷണം. കതിരിന്റെ കഴുത്തിലും ഇത് ബാധിക്കും. നെന്മണി പതിരാകും.

നെല്ലോലകളില്‍ അണ്ഡാകൃതിയിലോ വൃത്താകൃതിയിലോ കാണുന്ന തവിട്ടുപുള്ളിക്കുത്താണ് ബ്രൌണ്‍ സ്പോട്ട് രോഗം. ഇവ രണ്ടും കുമിള്‍രോഗമാണ്. ബാക്ടീരിയമൂലമുള്ള രോഗമാണ് ഇലകരിച്ചല്‍. ഓലകരിച്ചില്‍, മഞ്ഞളിപ്പ് എന്നിവയാണ് രോഗലക്ഷണം. ലക്ഷ്മീരോഗം നെന്മണികളിലാണുണ്ടാവുക. നെന്മണിക്കു പുറത്ത് ഒരാവരണംപോലെ പൊതിഞ്ഞ് വലുപ്പത്തില്‍ ഗോളാകൃതിയായി കാണാം. ഇവയെ തടയാന്‍ താഴെപറയുംപ്രകാരം വിത്തില്‍ പരിചരണം നല്‍കാം.

കുമിള്‍, ബാക്ടീരിയ രോഗങ്ങള്‍ തടയാന്‍: ജൈവികമാര്‍ഗങ്ങളാണ് ഇവിടെ നിര്‍ദേശിക്കുന്നത്. 'സ്യൂഡോമോണസ് ഫ്ളൂറസന്‍ഡ്' എന്ന വെളുത്ത പൊടിരൂപത്തിലുള്ള മിത്രകുമിള്‍-ബാക്ടീരിയ പൊടി ലഭ്യമാണ്. ഇവ 10 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനി ഒരു കി.ഗ്രാം വിത്തിന് എന്ന തോതില്‍ തയ്യാറാക്കി അതില്‍ നെല്‍വിത്ത് 12 മണിക്കൂര്‍ മുക്കിവയ്ക്കണം. പിന്നീട് വെള്ളം വാര്‍ന്ന് സാധാരണപോലെ വിത്ത് മുളപ്പിക്കാം. ഒരു കി.ഗ്രാം വിത്ത് കുതിര്‍ക്കാന്‍ ഒരുലിറ്റര്‍ വെള്ളം വേണ്ടിവരും.

അമ്ളത (പുളിപ്പ്) കൂടിയ മണ്ണില്‍ സൂക്ഷ്മമൂലകക്കുറവുണ്ടാവുകയും ചെയ്യും. അത് നെല്ലിന്റെ മഞ്ഞളിപ്പിനും മറ്റും കാരണമാവും. ഇത്തരം അമ്ളതയുള്ള പാടങ്ങളില്‍ സൂക്ഷ്മമൂലക ലഭ്യത ഉണ്ടാക്കിക്കൊടുക്കണം. അത്തരം ഇടങ്ങളില്‍ സ്യൂഡോമോണസ് പ്രയോഗിക്കുമ്പോള്‍ ആ ലായനിയില്‍ ലിറ്ററിന് 10 ഗ്രാം സിങ്ക് സള്‍ഫേറ്റും 2.5 ഗ്രാം തുരിശും ചേര്‍ത്ത ലായനിയില്‍ 12-24 മണിക്കൂര്‍വരെ വിത്ത് കുതിര്‍ക്കണം. പരിചരിച്ച്, വിത്ത് വെള്ളംവാര്‍ത്ത് തണലില്‍ ഉണക്കി വിതയ്ക്കാവുന്നതാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top