19 April Friday

ഇനി മുത്താറിക്കാലം

ആര്‍ വീണാറാണിUpdated: Thursday Dec 21, 2017


ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള നാടാണ് നമ്മുടേത്. ഇതിനു വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാരങ്ങളിലൊന്നാണ് ചെറുധാന്യങ്ങള്‍. റാഗിയെന്നും മുത്താറിയെന്നും വിളിപ്പേരുള്ള കൂവരകുതന്നെയാണ് ചെറുധാന്യങ്ങളില്‍ ഒന്നാമന്‍.

വിസ്തീര്‍ണത്തില്‍ 45 ശതമാനവും കൃഷിചെയ്യുന്ന കര്‍ണാടകമാണ് മുത്താറിക്കൃഷിയില്‍ ഒന്നാമന്‍. തമിഴ്നാടും ആന്ധ്രപ്രദേശും ഒട്ടും പിന്നിലല്ല.
പോഷകസമ്പന്നമായ മുത്താറിയാണ് മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങളുടെ നാവില്‍ ചാലിക്കുന്ന ആദ്യത്തെ കട്ടിയാഹാരം. മറ്റേത് ധാന്യത്തെക്കാളും കൂടുതല്‍ കാത്സ്യവും പ്രോട്ടീനുമുള്ളതിനാല്‍ മുത്താറി ചെറുധാന്യങ്ങളില്‍ വമ്പനാണ്.

എല്യുസിനേ കോറക്കാന എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മുത്താറിക്ക് വളക്കൂറുള്ള മണ്ണ് വേണമെന്ന നിര്‍ബന്ധമൊന്നും ഇല്ല. മൂന്ന് സീസണില്‍ മുത്താറിക്കൃഷി ചെയ്യാമെങ്കിലും നമ്മുടെ നാട്ടില്‍ ജനവരി-ഡിസംബറില്‍ കൃഷിയിറക്കി മാര്‍ച്ച്-ഏപ്രിലില്‍ വിളവെടുക്കുന്നതാണ് ഏറ്റവും ഉത്തമം. കതിര്‍ വിളയുന്ന സമയത്ത് വരണ്ട കാലാവസ്ഥയാണ് മുത്താറിക്ക് പഥ്യം.

കോ-2, കോ-7, കോ-8, കോ-9, കോ-10 എന്നീ ഇനങ്ങള്‍ കേരളത്തിലെ കൃഷിക്ക് യോജിച്ചവയാണ്. ഒരേക്കര്‍ കൃഷിക്ക് രണ്ടുകി.ഗ്രാം വിത്ത് മതി. അരസെന്റ് സ്ഥലത്തെ ഞാറ്റടിയില്‍നിന്നുമുള്ള തൈയുണ്ടെങ്കില്‍ ഒരേക്കറില്‍ പറിച്ചുനടാം. മൂന്നാഴ്ച പ്രായമായ തൈയാണ് പറിച്ചുനടാന്‍ നല്ലത്.

നന്നായി ജൈവവളം ചേര്‍ത്ത് പാകപ്പെടുത്തിയ മണ്ണില്‍ ഒരടി അകലത്തില്‍ ചാലെടുത്ത് അരയടി അകലത്തില്‍ തൈകള്‍ നടണം. നട്ടാല്‍ ഉടനെയും പിന്നീട് ആഴ്ചയിലൊരിക്കലും നന നല്‍കാം. മൂന്നാഴ്ചയിലൊരിക്കല്‍ കള പറിച്ചെടുക്കണം. രാസവളം നല്‍കുന്നുണ്ടെങ്കില്‍ 25 കി.ഗ്രാം യൂറിയയും 50 കി.ഗ്രാം രാജ്ഫോസും 15 കി.ഗ്രാം പൊട്ടാഷും ഒരേക്കറിന് ആവശ്യം. കതിരുകള്‍ മഞ്ഞകലര്‍ന്ന തവിടുനിറമാകുമ്പോള്‍ കൊയ്തെടുക്കാം. ഒരേക്കറില്‍നിന്ന് 200 മുതല്‍ 300 കി.ഗ്രാം മുത്താറി ഉറപ്പിക്കാം. മുത്താറിയുടെ വൈക്കോല്‍ നല്ലൊരു കാലിത്തീറ്റയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top