19 March Tuesday

‘ഠ’ വട്ടത്തിൽ ഇത്തിരിക്കുഞ്ഞൻ തീറ്റപ്പുല്ല്‌, അബ്‌ദുള്ളയുടെ ‘ഹൈഡ്രോപോണിക്‌സ്’കൃഷി ഹിറ്റ്‌

കെ വി ശ്രുതിUpdated: Monday Jan 31, 2022

അബ്‌ദുള്ള അസൈനാറും സുഹൃത്ത്‌ പ്രവീണും മൈക്രോ ഗ്രീൻ ഫോഡറിൽ വിളവെടുത്ത തീറ്റപ്പുല്ലുമായി

കണ്ണപുരം > പോഷക സമൃദ്ധമായ ‘ഇത്തിരിപ്പച്ച’ മൈക്രോഗ്രീൻ അടുക്കളയിൽ താരമായപ്പോൾ കന്നുകാലികൾക്കും ഇതുനൽകിയാലോ. കണ്ണപുരം ചുണ്ട റോഡ്‌ പി വി ഹൗസിലെ അബ്ദുള്ള അസൈനാറുടെ ചിന്തയിൽ വിളഞ്ഞ  ഇത്തിരിക്കുഞ്ഞൻ തീറ്റപ്പുൽ കൃഷി ക്ഷീരകർഷകർക്കിടയിൽ ഇപ്പോൾ ഹിറ്റ്‌. സ്വയം നിർമിച്ച മൈക്രോഗീൻ ഫോഡർ യന്ത്രത്തിലാണ്‌ ‘ഹൈഡ്രോപോണിക്‌സ്‌’ രീതിയിൽ  തീറ്റപ്പുൽ ഉൽപ്പാദനം. മണ്ണില്ലാതെ ട്രേയിൽ വിത്തുനനച്ച്‌  വളർത്തും.

ഏഴുദിവസംകൊണ്ട്‌ പാകമാകുന്ന തീറ്റപ്പുല്ല്‌ പോഷകസമ്പന്നം. 20 മുതൽ 30 ശതമാനംവരെ പാലുൽപ്പാദനത്തിലും  കൊഴുപ്പിന്റെ അളവിൽ രണ്ടുമുതൽ ആറുശതമാനംവരെയും വർധനയുണ്ടാകും.  മൃഗങ്ങളുടെ ശരീരഭാരത്തിൽ 25 ശതമാനംവരെ വർധനയുണ്ട്‌. മുട്ടക്കോഴി വളർത്തലിനും ഉപയോഗിക്കാം.   ചെലവേറിയതിനാൽ കർഷകർ ആശ്രയിക്കാത്ത സംവിധാനം വൈദ്യുതിച്ചെലവ് വളരെ കുറവായ ഡിസി വൈദ്യുതിയിൽ പ്രവർത്തിപ്പിച്ചാണ്‌ കർഷകസൗഹൃദമാക്കുന്നത്‌. പിവിസി പൈപ്പിലാണ്  യന്ത്രം തയ്യാറാക്കിയത്. രണ്ടുമണിക്കൂറിൽ ഒരുമിനിറ്റ്‌ വെള്ളം സ്പ്രേചെയ്യുന്ന രീതിയിലാണ്  പ്രവർത്തനം.  മഞ്ഞച്ചോളം, വെള്ളച്ചോളം, ബാർലി, ഗോതമ്പ് തുടങ്ങിയവയാണ് കൃഷിചെയ്തുവരുന്നത്. സ്ക്വയർമീറ്ററിന് 3000 മുതൽ 4000 രൂപ വരെ യന്ത്രത്തിന്‌ ചെലവുവരും.

ഈ മുതൽമുടക്ക് കഴിഞ്ഞാൽ വരുമാനം ഉറപ്പാണ്. വലിയ പവറുള്ള  യന്ത്രവും വ്യത്യസ്ത ഡിസൈനിൽ കർഷകർക്ക് ഉണ്ടാക്കിക്കൊടുക്കാൻ അബ്ദുള്ള തയ്യാറാണ്. ഫോൺ:  8138834300.  20 വർഷത്തോളം വിദേശത്ത്‌ ട്രേഡിങ് കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലിനോക്കുമ്പോഴാണ്  ‘ഹൈഡ്രോപോണിക്സ്’ കൃഷിയിൽ  പരിശീലനം നേടിയത്.  കേരളത്തിന്റെ സാഹചര്യത്തിൽ കൃഷിരീതി വ്യാപിപ്പിക്കാൻ സർക്കാർ സഹായം  ലഭ്യമാക്കണമെന്നാണ്‌ അഭ്യർഥന. മൈസൂരുവിലെ കർഷകനായ ഏഴോത്തെ പ്രവീൺ പാലങ്ങാട്ടുവീട്ടിലാണ്  പ്രോത്സാഹനവുമായി ഒപ്പമുള്ളത്. അബ്‌ദുള്ളയ്‌ക്ക്‌ പിന്തുണയുമായി ഭാര്യ റഷീദയും മക്കളായ ഡോ. സാജിത, സാഹിദ , വിഹാൻ എന്നിവരുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top