25 April Thursday

മണ്ണിന്റെ ഗുണമറിയാം മൊബൈലിലൂടെ ; തൃശൂർ ജില്ലയിൽ തുടക്കം

സി എ പ്രേമചന്ദ്രൻUpdated: Wednesday Jan 16, 2019


തൃശൂർ> മണ്ണറിഞ്ഞ് കൃഷിചെയ്യാൻ ഇനി കർഷകർക്ക് നെട്ടോട്ടമോടേണ്ട. ചവിട്ടിനിൽക്കുന്ന മണ്ണിന്റെ പോഷകഗുണങ്ങൾ  സ്വന്തം മൊബൈലിലൂടെ അറിയാം. വിരലൊന്നു തൊട്ടാൽ മതി. മണ്ണിന്റെ ഘടന, പോഷകഗുണങ്ങൾ, വളപ്രയോഗം എന്നിങ്ങനെ ശാസ്ത്രീയവും സമഗ്രവുമായ വിവരങ്ങൾ ഈ മൊബെൽ ആപ്പിൽ അറിയാം. കേരളത്തിലാദ്യമായി വരവൂർ പഞ്ചായത്തിലാണ് പരീക്ഷണാർഥം തുടക്കംകുറിച്ചത്. തൃശൂർ ജില്ലയിൽ എവിടെയുമുള്ള മണ്ണിന്റെ സ്വഭാവം ഈ മൊബൈൽ ആപ്പുവഴി തിരിച്ചറിയാം. ഇത് സംസ്ഥാനവ്യാപകമാക്കും.  മണ്ണിന്റെ ഫലപുഷ്ടി അറിയാൻ സാമ്പിൾ ശേഖരിച്ച് പരിശോധനശാലയിലേക്കയച്ച് കർഷകന് ഇനി കാത്തിരിക്കേണ്ട.

സംസ്ഥാന മണ്ണുപര്യവേക്ഷണ സംരക്ഷണ വകുപ്പ്, ജിയോ ഇൻഫോർമാറ്റിക് ഡിവിഷന്റെ സഹായത്തോടെയാണീ പദ്ധതി നടപ്പാക്കുന്നത്. മണ്ണ് എന്നാണ് മൊബൈൽ ആപ്ലിക്കേഷന്റെ പേര്. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. മണ്ണിനെ അറിയാം മൊബൈലിലൂടെ എന്ന ആപ്പിൽ കൈക്കുമ്പിളിലെ മണ്ണിൽ ചെടി വളരുന്ന ചിത്രം കാണാം.

ആപ്പിൽ പോഷകനില പരിശോധിക്കുകയെന്ന് മലയാളത്തിൽ എഴുതിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ മണ്ണിന്റെ ഫലപുഷ്ടി മാതൃഭാഷയിൽ അറിയാനാവും. മൊബൈൽ ആപ്പ് അക്ഷാംശവും രേഖാംശവും മനസ്സിലാക്കി സ്ഥലനിർണയം നടത്തും. മണ്ണിലെ നൈട്രജൻ, ഫോസ‌്‌ഫറസ‌്, പൊട്ടാസ്യം എന്നീ പ്രധാന മൂലകങ്ങളുടെയും കാൽസ്യം, മഗ്നീഷ്യം, സൾഫർ, ഇരുമ്പ്, മംഗനീസ്, സിങ്ക‌്, കോപ്പർ, ബോറോൺ എന്നി സൂക്ഷ്മമൂലകങ്ങളുടെയും അമ്ലതയുടെയും നിലവാരം കർഷകർക്ക് ഒറ്റ ക്ലിക്കിൽ ലഭിക്കും. തുടർന്ന് വള ശുപാർശയിൽ ക്ലിക്ക് ചെയ്ത് ഏത് വിളയാണെന്ന് രേഖപ്പെടുത്തുക. അതനുസരിച്ച്  ശുപാർശ ലഭിക്കും. വിളകൾക്കും ഭൂവിസ്തൃതികൾക്കും അനുസരിച്ച് ജൈവകൃഷിക്കും രാസപദാർഥങ്ങൾ ചേർക്കുന്ന കൃഷിക്കും പ്രത്യേകം വളം ശുപാർശകളുണ്ട്.  കേരള കാർഷിക സർവകലാശാല നിർദേശിച്ച വളങ്ങളാണ് നിർദേശിക്കുക.  ഈ വിവരങ്ങൾ ഫോണിൽ സൂക്ഷിക്കാനാവും.  വളപ്രയോഗ സമയത്ത് വീണ്ടും പരിശോധിക്കേണ്ട. ഇതേ ആപ്പുപയോഗിച്ച് വിദേശരാജ്യങ്ങളിലുള്ളവർക്കും തന്റെ കൃഷിയിടത്തിലെ മണ്ണിന്റെ പോഷകഗുണം തിരിച്ചറിയാനാവും. തൃശൂരിൽ നടന്ന വൈഗ കാർഷികമേളയിൽ ഈ ആപ്പ് മന്ത്രി വി എസ് സുനിൽകുമാർ കർഷകർക്കായി സമർപ്പിച്ചു.

കേന്ദ്രസർക്കാരിന്റെ സോയിൽ ഹെൽത്ത് കാർഡ് പദ്ധതിയുടെ ഭാഗമായി ഓരോ പ്രദേശത്തെയും മണ്ണിന്റെ പോഷകഗുണങ്ങൾ ശേഖരിച്ചിരുന്നു. മണ്ണുപര്യവേക്ഷണ–-സംരക്ഷണവകുപ്പിൽ ലഭ്യമായ ഈ വിവരങ്ങൾ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മണ്ണ് പര്യവേക്ഷണ –- സംരക്ഷണവിഭാഗം അസി. ഡയറക്ടർ കെ സുധീഷ‌് കുമാർ പറഞ്ഞു. അടുത്തഘട്ടത്തിൽ  വയനാട് ജില്ലയിലും പദ്ധതിക്ക‌് തുടക്കംകുറിക്കും.  വിവര സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഗുണം കാർഷികമേഖലയ്ക്കും പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സുസ്ഥിര കാർഷിക വികസനത്തിന്  കർഷകർക്ക് ഈ ആപ്പ് ഏറെ സഹായകമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top