25 April Thursday
കാലാവസ്ഥ വ്യതിയാനം

മലയോരകര്‍ഷകര്‍ റബര്‍ കൃഷിയോട് വിട പറയുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019
മൂലമറ്റം
മലയോര മേഖലയുടെ പ്രധാന സാമ്പത്തിക ശക്തിയായിരുന്ന റബറിനോട്‌ വിട പറയാനൊരുങ്ങി കർഷകർ. കാലാവസ്ഥാ വ്യതിയാനവും ചെലവ്‌ വർധിക്കുകയും ചെയ്തതോടെയാണ്‌ റബർ കൃഷിയിൽനിന്ന്‌ കർഷകൻ പിന്തിരിഞ്ഞുതുടങ്ങിയത്‌. 
 മലയോരത്തിന്റെ സാമ്പത്തിക സ്ഥിതിയെയാണ്‌ ഇത്‌ താളംതെറ്റിക്കുന്നത്‌. അടുത്തിടെ റബറിനുണ്ടായ വില വർധനവ് കർഷകർക്ക് ആശ്വാസമായെങ്കിലും ഉൽപാദനച്ചെലവ് വർധിച്ചതോടെയാണ്‌ കർഷകർ പ്രതിസന്ധിയിലായത്‌. 
റബറിന്റെ കൊമ്പുകൾ മുറിച്ചുമാറ്റി കുരുമുളക് ഉൾപ്പെടെയുള്ളവ വച്ചുപിടിപ്പിക്കുകയാണ്‌ കർഷകർ. കാടുവെട്ടിത്തെളിക്കാൻ തുടങ്ങിയപ്പോഴാണ്‌ കാലാവസ്ഥ വില്ലനായി എത്തിയത്‌. 
കാലാവസ്ഥ വ്യതിയാനം 
വിലയിലുണ്ടായ നേരിയ വർധനവ് ചെറുകിട റബർ കർഷകർക്ക്‌ ആശ്വാസമായിരുന്നു. മഴക്കുടകൾ ഇട്ട്‌ ടാപ്പിങ് ആരംഭിച്ചെങ്കിലും  
മഴ കുറഞ്ഞതോടെ പാലുൽപാദനം തീരെയില്ലാതായി. ആസിഡ്, രാസവളം എന്നിവയുടെ വില വർധിച്ചതും ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവയുടെ വിലക്കുറവും കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ടാപ്പിങ് കൂലി വർധിച്ചതും തിരിച്ചടിയായി. 
ടാപ്പിങ് നടന്നിട്ട് മാസങ്ങൾ
കഴിഞ്ഞ ആറുമാസത്തിനിടെ നാമമാത്രമായ ദിവസങ്ങളിൽ മാത്രമാണ് ടാപ്പിങ് നടന്നത്. കൂലി നൽകാനുള്ള വരുമാനം കിട്ടാത്തതിനാൽ പലരും സ്വയം ടാപ്പ് ചെയ്യുകയാണ്‌. ചിലർ പാട്ടവ്യവസ്ഥയിൽ മരങ്ങൾ മറ്റുള്ളവർക്ക്‌ നൽകുന്നു. 
 പാട്ടമെടുക്കുന്നവർ പാൽ കൂടുതൽ ലഭിക്കാനായി മരത്തിൽ രാസവസ്തുക്കളും ഉപയോഗിക്കുന്നതായി പരാതിയുണ്ട്. ഇങ്ങനെയുള്ള മരങ്ങൾക്ക്‌ പിന്നീട്‌ ഉൽപാദനം കുറയും. റബറിന് കൂടുതൽ വില ലഭിക്കുന്നതും ഉൽപാദനം നടക്കുന്നതും ജൂൺ മുതൽ ആഗസ്ത്‌ വരെയാണ്. എന്നാൽ, ഇത്തവണ സീസൺ  കർഷകർക്ക് നഷ്ടങ്ങൾ മാത്രമാണ് നൽകിയത്. റബർ ഷീറ്റികൾ തരംതിരിക്കുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഗുണമേന്മയുള്ള ഫസ്റ്റ് ഗ്രേഡ് ഷീറ്റുകൾക്കാണ് വിലയും ആവശ്യക്കാരും കൂടുതൽ. മരങ്ങളുടെ ഇലകൊഴിച്ചിൽ, കൂമ്പുചീയൽ, കുമിൾരോഗങ്ങളും കർഷകരെ വലയ്ക്കുകയാണ്.
റബർ വിലസ്ഥിരതാ ഫണ്ട്
സർക്കാർ പ്രഖ്യാപിച്ച വിലസ്ഥിരതാ ഫണ്ടിൽനിന്ന്‌ കൃത്യമായി തുക ലഭിക്കുന്നുമില്ല. റബർ വില 150-ൽ കുറയാതെ നിലനിർത്താനാണ്‌ ഫണ്ട് അനുവദിക്കുന്നത്. എന്നാൽ, പല കർഷകർക്കും അഞ്ചും ആറും മാസം കൂടുമ്പോൾ ഒരു മാസത്തിലെ ബിൽ തുക മാത്രമാണ് ലഭിക്കുന്നത്. താങ്ങുവില ഇരുന്നൂറെങ്കിലും ആക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഈ അവസ്ഥ. ഗ്രേഡ് റബറിന് മാത്രമേ വിലസ്ഥിരതാ ഫണ്ട് ലഭിക്കുന്നുള്ളൂവെന്നതും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top