29 March Friday

ജൈവകൃഷി സ്കൂളിലും മാതൃക

രമേശന്‍ പേരൂല്‍Updated: Thursday Dec 31, 2015

നാടന്‍വിത്തുകള്‍ ഉപയോഗിച്ച് ജൈവരീതിയില്‍ പച്ചക്കറിക്കൃഷി ചെയ്ത പെരിന്തട്ട നോര്‍ത്ത്്  എല്‍പി സ്കൂളിലെ  പച്ചക്കറി പ്രദര്‍ശന തോട്ടത്തിന്റെ വിളവെടുപ്പ് നാടിന്റെതന്നെ ഉത്സവമായി.
കൈപ്പ, പടവലം, വെള്ളരി, പയര്‍, വെണ്ട, മത്തന്‍ എന്നിവ 10 സെന്റ്് സ്ഥലത്ത് പൂര്‍ണമായും ജൈവരീതിയിലാണ് കുട്ടികള്‍ കൃഷിചെയ്തിട്ടുള്ളത്. വ്യത്യസ്ത വളക്കൂട്ടുകളും ജൈവ കീടനാശിനികളും സ്വന്തമായി ഉണ്ടാക്കിയാണ് കൃഷിക്ക് പ്രയോഗിച്ചത്.

കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ക്കു പുറമെ അധ്യാപകരും രക്ഷിതാക്കളും  കുട്ടികളെ സഹായിച്ചു. ഇനിയുള്ള മൂന്നുമാസം ഉച്ചകഞ്ഞിക്കുള്ള  സുരക്ഷിതമായ പച്ചക്കറികള്‍  സ്കൂള്‍ പച്ചക്കറിത്തോട്ടത്തില്‍നിന്നു ലഭിക്കുന്നതിലുള്ള സന്തോഷം പരിപാടിയില്‍ പങ്കെടുത്തവരിലും പ്രകടമായി.
പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പെരിന്തട്ട നോര്‍ത്ത് എല്‍പി സ്കൂളില്‍ കുട്ടികള്‍ ഒരുക്കിയ ജൈവപച്ചക്കറി കൃഷിത്തോട്ടം  സ്കൂളിനെ സംബന്ധിച്ചിടത്തോളം ആദ്യമായിരുന്നു. അതിന്റെ  ആവേശം  അധ്യാപകരിലും  രക്ഷിതാക്കളിലും കാണാമായിരുന്നു.

തുടക്കംമുതല്‍തന്നെ കൃഷി ഓഫീസര്‍ കെ എം മോഹനന്‍ കുട്ടികള്‍ക്ക്   ആവശ്യമായ ക്ളാസും  ഒരുക്കേണ്ട കൃഷിയിടത്തിന്റെ സ്കെച്ചും  നല്‍കിയിരുന്നു. ചിട്ടയായ  കൃഷിയിട സന്ദര്‍ശനവും  ഉപദേശ നിര്‍ദേശങ്ങളും നല്‍കിയതുവഴി സ്കൂളില്‍ പദ്ധതി നടപ്പാക്കാന്‍ സാധിച്ചതില്‍ കൃഷിഭവന്‍ ഉദ്യാഗസ്ഥരും ആഹ്ളാദത്തിലാണ്. പ്രോത്സാഹന സഹായധനമായി പദ്ധതി പ്രകാരം 5000 രൂപയും അനുവദിച്ചു.

2015–16  വര്‍ഷം പച്ചക്കറി വികസനപദ്ധതിപ്രകാരം കണ്ണൂര്‍ ജില്ലയിലെ  പെരിങ്ങോം വയക്കര കൃഷിഭവന്റെ  ആഭിമുഖ്യത്തിലാണ് പെരിന്തട്ട നോര്‍ത്ത് എല്‍പി സ്കൂളില്‍ പച്ചക്കറിക്കൃഷി നടത്തിയത്. പഞ്ചായത്ത് അംഗം കെ ഇ കുഞ്ഞിരാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനാധ്യാപിക  കെ വി ശ്രീലത,  കൃഷി ഓഫീസര്‍  കെ എം മോഹനന്‍, സി ഗോപി എ വി മധു, എം മഞ്ജുള, കെ വി സജിത, ബി ഡി സ്വപ്ന, കെ വി അനിത, സുജാത എന്നിവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top