20 April Saturday

മഴക്കാല പച്ചക്കറിക്ക് പരിചരണം

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018

മഴക്കാലം പച്ചക്കറികൃഷിക്കനുയോജ്യമല്ല എന്നതാണ് നാട്ടുനടപ്പ്. കാലവർഷം കനത്തിട്ട് പച്ചക്കറി നടുന്നത് പേരുദോഷം ഉറപ്പിക്കും.ഇതിനൊരു പ്രതിവിധിയേ ഉളളൂ. ശരിയായ സമയത്തുളള നടീൽ. എന്നാൽ മഴക്കാലത്തിനു തൊട്ടുമുന്പുനട്ട പച്ചക്കറികൾക്ക്‌ മഴക്കാലത്ത്‌ നല്ലപരിചരണംനൽകിയാൽ നല്ല വിളവ്‌ ഉറപ്പ്‌.        മഴക്കാല പച്ചക്കറി കൃഷിയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് നടീൽ അകലം. ലഭ്യമാകുന്ന സൂര്യപ്രകാശം പൂർണ്ണമായും ഉപയോഗപ്പെടുത്താൻ ഇടയകലം നിർബന്ധം.രണ്ട് വരികൾ തമ്മിൽ രണ്ടടിയും ചെടികൾ തമ്മിൽ ഒന്നരടിയും,വഴുതിന വർഗ്ഗചെടികൾക്ക് നൽകുമ്പോൾ രണ്ട തടങ്ങൾ തമ്മിൽ 2 മീറ്റർ ഇടയകലം വെളളരിവർഗ്ഗവിളകൾക്ക് കൊടുക്കണം.

മണ്ണിലെ പുളിരസം മഴക്കാല പച്ചക്കറികൾക്ക് രോഗതീവ്രതയ്ക്ക് കാരണമാകും. മണ്ണൊരുക്കുമ്പോൾ തന്നെ സെന്റൊന്നിന് രണ്ടരകിലോഗ്രാം കുമ്മായം മണ്ണുമായി ഇളക്കി ചേർക്കുന്നത് പ്രശ്ന പരിഹാരം.

മഴക്കാല പച്ചക്കറി കൃഷിക്ക് ഉണങ്ങിപൊടിഞ്ഞ കോഴികാഷ്ടമോ കമ്പോസ്റ്റോ ജൈവവളമാക്കാം. മഴക്കാലത്ത് ധാരാളമായി ലഭിക്കുന്ന ശീമക്കൊന്നയില പച്ചക്കറികൃഷിക്ക് രണ്ടാഴ്ചയിലൊരിക്കൽ ചേർത്തുകൊടുക്കാം. ജൈവപച്ചക്കറികൃഷിക്ക് ശീമക്കൊന്നയില ഒരു അഭിവാജ്യഘടകം കൂടിയാണ്. ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം ആഴ്ചയിലൊരിക്കൽ രണ്ട് പിടിയെങ്കിലും ചെടിയൊന്നിന് നൽകണം. ഒരു കിലോ പച്ചചാണകം 10 ലിറ്റർ വെളളത്തിൽ കലക്കി ആഴ്ചയിലൊരിക്കൽ ഒഴിച്ചുകൊടുക്കണം. ബയോഗ്യാസ് സ്ലറിയും ഇതേ രീതിയിൽ പ്രയാഗിക്കാം. കമ്മ്യൂണിസ്റ്റ് പച്ചയോ വേപ്പിലയോ ഉപയോഗിച്ച് പുതയിടുന്നതും ഗോമൂത്രം 8 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് തളിക്കുന്നതും കീടങ്ങൾക്കുളള പ്രതിരോധ മുന്നറിയിപ്പാകും. രോഗപ്രതിരോധ ശേഷിയുളള ഇനങ്ങൾ കൃഷിചെയ്യുന്നതും മഴക്കാല പച്ചക്കറി കൃഷിയിൽ പ്രധാനം തന്നെ.

പച്ചക്കറികൾ പോഷക കലവറയാണെന്നാണ് പറയുക. മണ്ണിലില്ലാത്തതൊന്നും പച്ചക്കറികളിൽ പ്രതീക്ഷിക്കരുത്. അതുകൊണ്ട് തന്നെ നേരിയ തോതിൽ രാസവളപ്രയോഗമാകാം. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ വളം നൽകുന്നതാണ് നല്ലത്. നൈട്രജൻ,ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങിയ പ്രാഥമിക മൂലകങ്ങൾ മാത്രമല്ല മെഗനീഷ്യവും സിങ്കും,ബോറോണും നൽകേണ്ടതുണ്ട്. രാസവളം ചേർക്കുന്നെങ്കിൽ സെന്റൊന്നിന് 200 ഗ്രാം വീതം യൂറിയയും പൊട്ടാഷും 400 ഗ്രാം ഫാക്ടംഫോസും അടിവളമായി നൽകണം. നട്ട് ഒരുമാസം കഴിഞ്ഞ് 200 ഗ്രാം വീതം പ്രാഥമിക വളങ്ങളും,മഗ്നീഷ്യം സൾഫേറ്റും നൽകണം. രണ്ടാം മാസത്തിൽ 200 ഗ്രാം വീതം യൂറിയയും പൊട്ടാഷും മഗ്നീഷ്യം സൾഫേറ്റും കൊടുക്കുന്നത് ഉത്പാദനം കൂട്ടും.  നട്ട് ഒന്നാം മാസത്തിലും രണ്ടാം മാസത്തിലും 5ഗ്രാം സിങ്ക് സൾഫേറ്റ് ഒരു ലിറ്റർ വെളളത്തിൽ കലക്കി ഇലകളിൽ തളിക്കണം. ബോറോണിന്റെ അഭാവം ഒഴിവാക്കുന്നതിനായി 2ഗ്രാം ബോറിക്ക് പൗഡർ ഒരു ലിറ്റർ വെളളത്തിൽ കലക്കി രണ്ടാഴ്ചയിലൊരിക്കൽ തളിച്ചു കൊടുക്കണം.

(കൃഷി അസിസ്‌റ്റന്റ്‌ ഡയറക്ടറാണ്‌ ലേഖിക)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top