19 April Friday
കൂത്താടിയെയും തടിതുരപ്പന്‍ പുഴുക്കളെയും നിയന്ത്രിക്കാന്‍

ഇനി മിത്ര നിമവിരകള്‍

പി ആര്‍ ദീപ്തിUpdated: Thursday Jul 28, 2016

അമേരിക്കയില്‍ കൂത്താടിയെയും തടിതുരപ്പന്‍ പുഴുക്കളെയും നിയന്ത്രിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന മിത്ര നിമവിരകള്‍ (എന്റമോ പാതോജനിക് നെമറ്റോഡ– ഇപിഎന്‍) ഇനി കേരളത്തിലും. 250ല്‍പ്പരം ഷഡ്പദങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള ഇവ സസ്യങ്ങള്‍ക്കോ മറ്റ് ജീവജാലങ്ങള്‍ക്കോ  ദോഷകരമല്ലാത്തതിനാല്‍ കര്‍ഷകരുടെ ഉറ്റമിത്രമാകുകയാണ്. വേരുതീനിപ്പുഴു, മാണ വണ്ട്, തടതുരപ്പന്‍ പുഴുക്കള്‍, പുല്‍ച്ചാടികള്‍ എന്നിവയെ നശിപ്പിക്കാന്‍ ഫലപ്രദമായ മാര്‍ഗമാണിത്്.  തെങ്ങ്, കമുക്, ഏലം, കശുമാവ്, വാഴ, കരിമ്പ് എന്നിവയ്ക്ക് ഏറെ ഗുണംചെയ്യുന്ന ഇവയുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം  കൊല്ലം കൊട്ടാരക്കര കൃഷിവിജ്ഞാന കേന്ദ്രത്തില്‍ പുരോഗമിക്കുന്നു. 

സ്റ്റെയിനര്‍ നെമാറ്റിഡേ, ഹെറ്ററോറാബ്ഡൈറ്റിഡേ എന്നീ കുടുംബങ്ങളിലുള്‍പ്പെട്ട മിത്രനിമവിരയുടെ ജീവിതചക്രം മുട്ടദശയും നാല്‘ജുവനൈല്‍’ ദശകളും ഉള്‍പ്പെടുന്നതാണ്. സാധാരണഗതിയില്‍ ഒരു കീടത്തിനുള്ളില്‍ ഇവ മൂന്നുമുതല്‍ ഏഴുദിവസംകൊണ്ട് വളര്‍ച്ചപൂര്‍ത്തിയാക്കും. സ്വതന്ത്രസഞ്ചാരശേഷിയുള്ള മൂന്നാം ജുവനൈല്‍ ദശയായ ഇന്‍ഫക്ടീവ് ജുവനൈല്‍’ (ഐജെ) ആണ് ആക്രമണകാരികള്‍.  ഷഡ്പദത്തിന്റെ ശരീരത്തിലെ വിവിധ ദ്വാരങ്ങളിലൂടെയും തൊലിയിലെ ലോലഭാഗങ്ങളില്‍ മുറിവുണ്ടാക്കിയുമാണ് നിമവിരകള്‍ ഷഡ്പദത്തിനുള്ളില്‍ പ്രവേശിക്കുന്നത്. മിത്രനിമവിരകളുടെയുള്ളില്‍ സഹജീവനം നടത്തുന്ന  ബാക്ടീരിയകള്‍ (സ്റ്റെയിനര്‍ നിമകളില്‍ ഇത് സീനോ റാബഡ്സും ഹെക്ടറോറാബ്ഡൈറ്റിസില്‍ ഇത് ഫോട്ടോ റാബ്ഡസും) കീടത്തിനുള്ളില്‍ കടന്നുകഴിഞ്ഞാല്‍ നിമവിര ഇവയെ ഛര്‍ദിക്കും. ഇതേത്തുടര്‍ന്ന് കീടത്തിനുള്ളില്‍ ബാക്ടീരിയ പെട്ടെന്ന് വളര്‍ന്നുനിറയുകയും കീടത്തിന്റെ ശരീരത്തിന്റെ ഉള്‍വശം ദ്രവീകരിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സ്റ്റെയിനര്‍ നിമയില്‍ നിമവിര ആണും പെണ്ണുമായി മാറുകയോ ഹെക്ടറോറാബ്ഡൈറ്റിസുകളില്‍ സ്വയം പ്രജനനശേഷിയുള്ള ആണ്‍–പെണ്‍ അവയവങ്ങള്‍ ഒന്നിച്ചുള്ള രൂപങ്ങളായോ മാറി വളരെ വേഗം വംശവര്‍ധനനടത്തും.

ബാക്ടീരിയകള്‍ കീടത്തിന്റെ പ്രതിരോധശേഷിയെ തകര്‍ക്കാനുതകുന്ന പ്രോട്ടീനുകള്‍ ഉണ്ടാക്കുകവഴി നിമവിരകള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കും. കൂടാതെ അവയുണ്ടാക്കുന്ന ആന്റി മൈക്രോബിയല്‍ പദാര്‍ഥങ്ങള്‍ നശിച്ചകീടത്തെ മറ്റു സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനങ്ങളില്‍നിന്നു സംരക്ഷിക്കുകയും ചെയ്യും. ഇതിനാല്‍  മിത്രനിമവിരമൂലം ചത്ത കീടത്തിന്റെ ശരീരത്തിന് ദുര്‍ഗന്ധവും ഉണ്ടാകില്ല. കീടത്തെ 24 മുതല്‍ 48 മണിക്കൂറിനകം മിത്രനിമവിര കൊല്ലും. ഹെക്ടറോറാബ്ഡൈറ്റിസുകള്‍ കൊന്ന കീടത്തിന്റെ അവശിഷ്ടം ഇഷ്ടികചുമപ്പുനിറത്തിലും സ്റ്റെയിനര്‍ നിമകള്‍മൂലം ചത്ത കീടത്തിന് മഞ്ഞയോ തവിട്ടോ നിറവും ആകും. ഈ നിറം ശരീരത്തില്‍ വളരുന്ന ബാക്ടീരയയുടെ പ്രത്യേകതകൊണ്ട് ഉണ്ടാകുന്നതാണ്.

ഇവയില്‍നിന്ന് 5–7 ദിവസംകൊണ്ട് സ്റ്റെയിനര്‍ നിമയുടെയും 7–10 ദിവസംകൊണ്ട് ഹെക്ടറോറാബ്ഡൈറ്റിസിന്റെയും ആയിരക്കണക്കിന് ഇന്‍ഫെക്ടീവ് ജുവനൈലുകള്‍ പുറത്തുവന്ന് പുതിയ ഇരകളെ തേടും. ഇവയ്ക്കു മണ്ണില്‍ ഒന്നരവര്‍ഷംവരെ ഇതേ അവസ്ഥയില്‍ ഐജെകളായി സ്ഥിതിചെയ്യാനാകും.

മിത്രനിമാവിരയില്‍ അങ്ങിയ കീടശരീരം (കഡാവര്‍) ആണ് കീടനിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. ഒരു കഡാവറില്‍ 75,000 മുതല്‍ 1,00,000 ഐജെകളുണ്ടാകും. ഇവയെ ആവശ്യമനുസരിച്ചുള്ള എണ്ണം ചെടിയുടെ വേരുപടലത്തിനടുത്തോ കീടാക്രമണസാധ്യതയുള്ളിടത്തോ വച്ചാല്‍ കഡാവറില്‍നിന്നു മിത്രനിമാവിര മണ്ണിലെ ഈര്‍പ്പത്തിന്റെ സാന്നിധ്യത്തില്‍ കീടങ്ങളെ തേടിപ്പിടിച്ച് നശിപ്പിക്കും. നിമാവിരകള്‍ക്ക് സഞ്ചരിക്കാന്‍ ജലാംശം ആവശ്യമുള്ളതിനാല്‍ ആവശ്യത്തിനു നനവ് നല്‍കണം. കഡാവറില്‍നിന്നു പുറത്തുവരുന്ന നിമവിരകളെ ശേഖരിച്ച് വെള്ളത്തില്‍ കലക്കി തളിക്കാനും സാധിക്കും.

ഏലത്തിലെ വേരുതീനിപ്പുഴുക്കള്‍ക്കെതിരെ ഒരു ചുവട്ടിന് ഒന്നുമുതല്‍ രണ്ടു കഡാവര്‍ എന്ന തോതില്‍ ഉപയോഗിക്കാം. കശുമാവിലെ തടതുരപ്പന്‍ പുഴുവിനെതിരെ പുഴുവിരിക്കുന്ന ദ്വാരത്തില്‍ ചവച്ചുതുപ്പിയ അവശിഷ്ടവും പശയും ഒലിക്കുന്നതിനു മുകളിലുള്ള തൊലി ഉളികൊണ്ട് ചെത്തി ഇളക്കിയെടുത്തശേഷം രണ്ട് കഡാവര്‍ ദ്വാരത്തിലിട്ട് നശിപ്പിക്കാം. തെങ്ങിലെയും കമുകിലെയും വേരുതീനിപ്പുഴുവിനെതിരെ 1000 ഐജെ/1 മി.ലി. തോതിലുള്ള 500 മി.ലി. വെള്ളം അഞ്ചു ലിറ്ററില്‍ ലയിപ്പിച്ച് തെങ്ങിന്റെ ആക്ടീവ് റൂട്ട് സോണില്‍ ഒഴിക്കണം. ചെമ്പന്‍ചെല്ലിക്കെതിരെ 10–15 വര്‍ഷം പ്രായമുള്ള തെങ്ങിന് ചെല്ലി തുരന്ന ദ്വാരത്തിലൂടെ 10 കഡാവര്‍ ഉള്ളിലേക്കിടണം. 15 വര്‍ഷത്തിനുമേല്‍ പ്രായമുള്ള തെങ്ങിന് 30–40 കഡാവര്‍ വേണ്ടിവരും. കരിമ്പിലെ വേരു തീനി പുഴുക്കള്‍ക്കെതിരെ 1000 ഐജെ/മി.ലി. തോതിലെടുത്ത് 100 മി.ലി. ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചുവട്ടിലൊഴിക്കണം. വാഴയിലെ തടതുരപ്പന്‍ പുഴുക്കള്‍ക്കെതിരെ 5, 6, 7 മാസങ്ങളില്‍ ഏറ്റവും പുറമെയുള്ള രണ്ട് ഇലക്കവിളുകളൊഴികെ മറ്റ് കവിളുകളില്‍ ഓരോ കഡാവര്‍വീതം ഇട്ടുകൊടുക്കണം. പുഴു തുരന്ന ദ്വാരം ഉണ്ടെങ്കില്‍ 1000 ഐജെ/മി.ലി. തോതിലുള്ള 20 മി.ലി വെള്ളംസിറിഞ്ച് ഉപയോഗിച്ച് ദ്വാരത്തിനുള്ളില്‍ കുത്തിവയ്ക്കാം. മാണവണ്ടിനെതിരെ നാല് കഡാവര്‍ നടുമ്പോഴും, നട്ട് 2, 5 മാസം കഴിഞ്ഞും തടത്തില്‍ പ്രയോഗിക്കാം. ഇപിഎന്‍ അടങ്ങിയ മെഴുകു പുഴുവിന്റെ കഡാവര്‍ ഒന്നിന് 1.5 രൂപയ്ക്ക് കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്നു ലഭിക്കും. 

കൊട്ടാരക്കര കൃഷിവിജ്ഞാന്‍ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ പി ഐ പൂര്‍ണിമ യാദവ്,  സി ആര്‍ മനു, നോബിള്‍ എബ്രഹാം, കണ്ണറ ബാനാന റിസര്‍ച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞന്‍  ഗവാസ് രാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ നൂതനരീതി ആവിഷ്കരിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top