06 February Monday

മാര്‍ക്കറ്റ് പച്ചക്കറി ഉപയോഗിക്കും മുമ്പെ വിഷാംശം കുറയ്ക്കാന്‍

മലപ്പട്ടം പ്രഭാകരന്‍Updated: Thursday Apr 28, 2016

ജൈവപച്ചക്കറി ഉല്‍പാദനത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ടെങ്കിലും ഇപ്പോഴും വലിയൊരു ഭാഗം മാര്‍ക്കറ്റിനെ ആശ്രയിച്ചാണ് വാങ്ങി ഉപയോഗിക്കുന്നത്. സമ്പൂര്‍ണ്ണ ജൈവ പച്ചക്കറി കൃഷിയാണ് രോഗപ്രതിരോധത്തിന് ഏറ്റവും നല്ല മാര്‍ഗം എന്ന തിരിച്ചറിവ് കേരളത്തിനുണ്ടായിട്ടുണ്ട്. എന്നാലും ഇതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നതേയുള്ളൂ. അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന പച്ചക്കറികളിലെല്ലാം നല്ല ശതമാനം വിഷലിപ്തമാണെന്നതാണ് നമ്മെ അലട്ടുന്ന പ്രശ്നം. ഇത്തരം പച്ചക്കറികളിലെ വിഷാംശം, ഉപയോഗിക്കുംമുമ്പേ നല്ലൊരു അളവോളം കുറക്കാന്‍ ചില നടപടിക്രമങ്ങളിലൂടെ സാധിക്കും.

ഇലക്കറികളായ ചീര, മല്ലിയില, കറിവേപ്പില എന്നിവയിലാണ് കൂടുതല്‍ വിഷം കാണുന്നത്. ഇവ ടാപ്പ് വെള്ളത്തില്‍ പലതവണ കഴുകുക. ഓരോ ഇലയും വേര്‍തിരിച്ച് സൂക്ഷ്മതയോടെ കഴുകുക. ഇത് വാളന്‍പുളിവെള്ളത്തില്‍ 15 മിനുട്ടുസമയം മുക്കിവെക്കുക– കുരുകളഞ്ഞ വാളന്‍പുളി 60 ഗ്രാം (ചെറുനാരങ്ങ വലിപ്പം) 3 ലിറ്റര്‍വെള്ളത്തില്‍ കലര്‍ത്തി അരിച്ചെടുത്തശേഷം ഇലമുക്കിവെക്കുക. പിന്നീട് ഈര്‍പ്പം തുടച്ചുകളഞ്ഞ്, ഇഴ അകലമുള്ള തുണിയിലോ പ്ളാസ്റ്റിക് പാത്രത്തിലോ വെച്ച് അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയോ, അപ്പോള്‍ തന്നെ ഉപയോഗിക്കുകയോ ചെയ്യാം.

മത്തന്‍, ഇളവന്‍, വെള്ളരി, പാവയ്ക്ക, പടവലം, കോവല്‍, പീച്ചില്‍ എന്നിവയെ കൈകാര്യം ചെയ്യേണ്ട വിധം ഇനിപറയുന്നു.
പാവയ്ക്കയില്‍ മുള്ള് എഴുന്നുനില്‍ക്കുന്നതിനാല്‍ ഇവക്കിടയില്‍ കീടനാശിനി പറ്റിപ്പിടിച്ചിരിക്കും. ഇത് കളയാന്‍ തുണി അലക്കുമ്പോള്‍ ഉപയോഗിക്കുന്ന മൃദുവായ ബ്രഷുകൊണ്ട് ക്ഷതംപറ്റാതെ ഉരസി ടാപ്പ് വെള്ളത്തില്‍ കഴുകുക (ടാപ്പില്‍ കഴുകാന്‍ പറയുന്നതിന്റെ ഉദ്ദേശം വിഷം ഒഴുകിപുറത്തേക്ക് പോകാനാണ്). പിന്നീട് 40 മി. ലിറ്റര്‍ വിനാഗിരി 2 ലിറ്റര്‍ ശുദ്ധവെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 15 മിനുട്ട് മുക്കിവെക്കുക. തുടര്‍ന്ന് ശുദ്ധവെള്ളത്തില്‍ കഴുകി വെള്ളം വാര്‍ന്നുപോകുംവിധം ദ്വാരമുള്ള പ്ളാസ്റ്റിക്ക് പാത്രത്തില്‍ ഒരു രാത്രിവെച്ചശേഷം ഇഴയകന്ന തുണിയില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

മറ്റിനങ്ങള്‍ (വെള്ളരി, മത്തന്‍, ഇളവന്‍, പടവലം, പീച്ചില്‍) നേരത്തെ പറഞ്ഞപോലെ ബ്രഷ് ഉപയോഗിച്ച് മൃദുവായി ഉരസികൊണ്ട് ടാപ്പ് വെള്ളത്തില്‍ കഴുകുക. വിനാഗിരി ലായനിയില്‍ (40 മി. ലി. 2 ലിറ്റര്‍ വെള്ളത്തില്‍) 15 മിനുട്ട് മുക്കുക. പിന്നീട് കഴുകി വെള്ളം വാര്‍ന്നുപോകുന്ന കുട്ടയില്‍ കുത്തനെ വെക്കുക. ഒരു രാത്രിവെച്ചശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
തക്കാളി, പച്ചമുളക്,

കാപ്സിക്കം, വഴുതിന:
പച്ചമുളകിലും, കാപ്സിക്കത്തിലും കൂടുതല്‍ അളവില്‍ കീടനാശിനി കാണാറുണ്ട്. ഇവ ഓരോന്നും പ്രത്യേകം എടുത്ത് ടാപ്പ് വെള്ളത്തില്‍ കൈകൊണ്ട് ഉരസികഴുകുക. അതിനുശേഷം 40 ഗ്രാം വാളംപുളി 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 15 മിനുട്ട് മുക്കിവെച്ചശേഷം വെള്ളം വാര്‍ന്നുപോകുന്ന ദ്വാരമുള്ള കണ്ടയിനറില്‍ ഒരു രാത്രിവെച്ചശേഷം മുളക് ഞെട്ട് കളഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
കാബേജ്, ക്വാളിഫ്ളവര്‍:
കാബേജിന്റെ രണ്ടുമൂന്നുപുറം ഇലകള്‍ മാറ്റികളയുക. നേരിയ ബ്രഷ് ഉപയോഗിച്ച് ടാപ്പ് വെള്ളത്തില്‍ കഴുകുക. ഈര്‍പ്പം മാറിയശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ക്വാളിഫ്ളവര്‍– പൂവിന്റെ ഓരോ ഇതളും അടര്‍ത്തിയെടുത്ത് 40 മി.ലി. വിനാഗിരി 2 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 15 മിനുട്ട് മുക്കിവെക്കുക. ഇതു പല ആവര്‍ത്തി ശുദ്ധവെള്ളത്തില്‍ കഴുകി ഉപയോഗിക്കാം. മുറിച്ചവ 24 മണിക്കൂറില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.
കാരറ്റ്,  ബീറ്റ്റൂട്ട്:
പൊതുവെ വിഷാംശം കുറവാണ്. എങ്കിലും പുറംതൊലി ചുരണ്ടിമാറ്റി ശുദ്ധവെള്ളത്തില്‍ പല ആവര്‍ത്തി കഴുകി സുഷിരമുള്ള പാത്രത്തില്‍ ഒരു രാത്രിവെച്ചശേഷം തുണി സഞ്ചിയിലോ, പാത്രത്തിലോ സൂക്ഷിക്കാം.


വിവരങ്ങള്‍ക്ക് അവലംബം: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top