20 April Saturday

അകിടുവീക്കത്തിനെതിരെ കൂടുതല്‍ ശ്രദ്ധ

ഡോ. സാബിന്‍ ജോര്‍ജ്ജ്Updated: Monday Mar 28, 2016

കേരളത്തിലെ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്  അകിടുവീക്കത്തെ ചെറുക്കുക എന്നത്. പശുവിന്റെ പാലുല്പാദനം കുറയ്ക്കുകയും ചിലപ്പോള്‍ അകിടിനെ തന്നെ  നശിപ്പിക്കുകയും ചെയ്യുന്ന ഈ രോഗം  ഗുണമേന്മയുള്ള പാലുല്പാദനത്തിനും  തടസ്സമാണ്.  പുറമെ മതിയായ ലക്ഷണങ്ങള്‍  കാണിക്കാത്ത സബ്ക്ളിനിക്കല്‍  വിഭാഗത്തില്‍പ്പെട്ട അകിടുവീക്കം  നാമറിയാതെ തന്നെ പശുവിന്റെ ഉല്പാദനവും,പാലിന്റെ ഗുണമേന്മയും നഷ്ടപ്പെടുത്തുന്നു.  പശു പരിപാലനത്തിലെയും ശുചിത്വത്തിലേയും  കുറവുകളാണ്  അകിടുവീക്കത്തിന്  കാരണമാകുന്നത്.  അതിനാല്‍ ഈ രോഗം  പ്രതിരോധിയ്ക്കാന്‍  കര്‍ഷകര്‍ കൂടുതല്‍ ശ്രദ്ധിക്കണം. 

ക്ഷയം മൂലമുണ്ടാകുന്ന  അകിടുവീക്കമൊഴിച്ച്  ബാക്കിയെല്ലാത്തരം അകിടുവീക്കവും മുലക്കാമ്പുകള്‍ വഴി സൂക്ഷ്മാണുക്കള്‍  പ്രവേശിച്ച് ഉണ്ടാകുന്നവയാണ്.  ക്ഷയരോഗത്തില്‍  മാത്രം ഇത് രക്തം വഴി  അകിടിലെത്താം.   അതിനാല്‍ രോഗാണുക്കള്‍  മുലക്കാമ്പില്‍  പ്രവേശിക്കാതെ  സൂക്ഷിച്ചാല്‍ അകിടുവീക്കം തടയാം.  എന്നാല്‍ ഇത് അത്ര എളുപ്പമല്ല.   പശുവിന്റെ അകിടും മുലക്കാമ്പുകളും  എപ്പോഴും  പരിസരവുമായി സമ്പര്‍ക്കത്തിലാണെന്നതുതന്നെ കാരണം.  അതിനാല്‍ സമ്പൂര്‍ണ്ണ  ശുചിത്വത്തിലൂടെ മാത്രമെ ഇത്  പൂര്‍ണ്ണമായും തടയാനാവൂ.

ബാക്ടീരിയയാണ് പ്രധാനമായും അകിടുവീക്കമുണ്ടാക്കുന്നത്.  ഇവയില്‍ തന്നെ പലരീതിയില്‍ അകിടിനെ   ബാധിക്കുന്നവയുണ്ട്. ഒരു വിഭാഗം കൂടുതലായും  കറവയുടെ സമയത്തായിരിക്കും അകിടില്‍ പ്രവേശിക്കുക.   രോഗം ബാധിച്ച പശുക്കളുടെ   അകിടില്‍ നിന്ന് കറവക്കാരന്റെ  കൈകള്‍, കറവയന്ത്രം എന്നിവ വഴി  ഇവ മറ്റുള്ളവയിലേക്ക് പകരുന്നു.   രണ്ടാമത്തെ വിഭാഗമാകട്ടെ  വൃത്തിഹീനമായ പരിസരത്തില്‍ നിന്നും അകിടിലെത്തുന്നവയാണ്. ഇവ  ഏതു സമയത്തും  അകിടില്‍ പ്രവേശിക്കാം. പശുത്തൊഴുത്ത്  ചാണകം, തീറ്റ, വെള്ളം, മണ്ണ് തുടങ്ങിയവ വൃത്തിഹീനമായാല്‍ അകിടുവീക്കമുണ്ടാകാം.   മേല്‍പ്പറഞ്ഞവയില്‍  നിന്ന് ഒരു കാര്യം മനസിലാക്കുക.  ഈ രോഗം തടയാന്‍ കറവ സമയത്തു  മാത്രമല്ല, കറവകള്‍ക്കിടയിലുള്ള  സമയത്തും ശ്രദ്ധ  അത്യാവശ്യമാണ്.

ലക്ഷണങ്ങളൊന്നും കൂടാതെ പ്രത്യക്ഷപ്പെടുന്നതാണ് സബ് ക്ളിനിക്കല്‍ രൂപം എന്നാല്‍ പാലുല്പാദനം കുറയാന്‍ സാധ്യതയുണ്ട്.  പാല്‍ മൃഗാശുപത്രിയിലെത്തിച്ച് പരിശോധിപ്പിച്ചാല്‍ ഇത് അകിടുവീക്കം മൂലമാണോ എന്നറിയാം.  തീവ്രരൂപത്തില്‍  പ്രത്യക്ഷപ്പെടുന്നവയില്‍ അകിടിലും, മുലക്കാമ്പിലും  നീര്‍വീക്കം, വേദന, നല്ല ചൂട്, തീറ്റയോട് മടുപ്പ്, പനി, പാലില്‍ നിറവ്യത്യാസം എന്നിവ കാണാം.   പാല്‍ തൈരുപോലെയോ മഞ്ഞ നിറത്തില്‍ വെള്ളം പോലെയോ ആകാം.  മേല്‍പ്പറഞ്ഞ തീവ്ര ലക്ഷണങ്ങള്‍  കാണിക്കാതെ  മിതലക്ഷണങ്ങളുള്ള തരവുമുണ്ട്.  പാല്‍ ഉത്പാദനം കുറയുകയും, പാലില്‍ കട്ടകള്‍ പ്രത്യക്ഷപ്പെട്ട് നിറവ്യത്യാസം   വരുകയും ചെയ്യും. 

തൊഴുത്തും പരിസരവും വൃത്തിയുള്ളതാക്കാന്‍  പ്രസവ സമയത്ത്  തന്നെ ശ്രദ്ധിക്കണം.  പ്രസവസ്ഥലം വൃത്തിയായി സൂക്ഷിക്കണം.  ചാണകം, മൂത്രം, തീറ്റയുടെ അവശിഷ്ടങ്ങള്‍ എന്നിവ നീക്കം ചെയ്യുക.  തറ ഈര്‍പ്പമില്ലാതെ സൂക്ഷിച്ചാല്‍ രോഗാണുക്കളുടെ വളര്‍ച്ച ഒരു പരിധിവരെ തടയാം.   തറപൊട്ടിയാല്‍ വിടവുകള്‍ക്കിടയില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടും അതിനാല്‍  അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്യുക. ക.

കറവക്കാരന്റെ കൈകള്‍ നന്നായി കഴുകി വൃത്തിയുള്ള  തുണി ഉപയോഗിച്ച് തുടയ്ക്കണം.   കറവ സമയത്ത്, തുമ്മുന്നതും, മൂക്ക് ചീറ്റുന്നതും  പാലിന്റെ ഗുണമേന്മയെ ബാധിക്കും.   പശുവിനെ ദിവസേന കുളിപ്പിയ്ക്കുന്നത്  നല്ലതാണ്. ആദ്യത്തെ  രണ്ട് പിഴിച്ചിലിലുള്ള  പാല്‍ ഉപേക്ഷിക്കുക. ഇത് കറന്ന് മുലക്കാമ്പുകള്‍  നനയ്ക്കുന്ന പതിവ് പൂര്‍ണ്ണമായും ഉപേക്ഷിക്കണം. കറവയ്ക്ക് മുമ്പായി അകിട് പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ കഴുകുക.   ഒരു കപ്പ് വെള്ളത്തില്‍  ഒരു നുള്ള് പൊട്ടാസ്യം  പെര്‍മാംഗനേറ്റ് എന്ന വിധത്തില്‍ ചേര്‍ത്ത് ലായനിയുണ്ടാക്കൂക. കഴുകിയ ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക.   ഈ വിധത്തില്‍ അകിട് ഒരുക്കുന്നത്  പാല്‍ ചുരത്താന്‍ സഹായിക്കുന്ന ഓക്സിടോക്സിന്‍  ഹോര്‍മോണ്‍ പുറപ്പെടുവിക്കാന്‍  സഹായിക്കുന്നു.  

മുലക്കാമ്പുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അണുനാശിനിയില്‍ മുക്കിവെച്ച്  രോഗാണുക്കള്‍ പ്രവേശിക്കുന്നത് തടയുന്ന രീതിയാണ്  ടീറ്റ് ഡീപ്പിംഗ് എന്നറിയപ്പെടുന്നത്.   ഒരു മിനിട്ടുവരെ ഡിപ്പ് ചെയ്യാം.
കറവയ്ക്കുശേഷം  അര മണിക്കൂര്‍വരെ മുലക്കണ്ണ് തുറന്നു കിടക്കുമെന്നതിനാല്‍  കറവ കഴിഞ്ഞാലുടന്‍  പശു കിടക്കുന്നത് രോഗാണുബാധയ്ക്കിടയാകും.  അതുകൊണ്ട് ഈ സമയത്ത് തീറ്റയോ, പുല്ലോ നല്‍കുന്നത് നല്ലതാണ്.

കറവക്കാലത്ത് കണ്ടുവരുന്ന സബ് ക്ളിനിക്കല്‍ അകിടുവീക്കം ഒഴിവാക്കുന്നതിനും  അടുത്ത പ്രസവത്തിനുശേഷമുള്ള അകിടുവീക്കം   തടയാനും സഹായിക്കുന്ന ചികിത്സാ രീതിയാണ് വറ്റുകാല ചികിത്സ.  ഇതിനായി കറവ വറ്റുന്ന സമയത്ത്, വറ്റുകാലം തുടങ്ങുമ്പോള്‍ നാലു മുലക്കാമ്പുകളിലും ഡോക്ടറുടെനിര്‍ദേശപ്രകാരം ആന്റിബയോട്ടിക്കുകള്‍  നല്‍കുക. കറവ വറ്റിക്കുന്ന രീതിയും  പ്രധാനമാണ്.  തീറ്റയുടെ അളവ്, കറവയുടെ തവണ എന്നിവ കുറച്ച് ഒന്നു രണ്ട് ആഴ്ചകൊണ്ട്   കറവ വറ്റിക്കുക.  രണ്ടുമാസം വറ്റുകാലം അത്യന്താപേക്ഷിതമാണ്. വിറ്റാമിനുകളും, ധാതുലവണങ്ങളും നല്‍കുന്നത്  അകിടിന്റെ രോഗപ്രതിരോധശേഷി  വര്‍ദ്ധിപ്പിക്കുകയും വറ്റുകാലത്തിന്റെ  ആദ്യ ആഴ്ച, പ്രസവത്തിന്  മുമ്പുള്ള ആഴ്ച ഈ സമയത്ത് അകിടുവീക്കസാധ്യത കൂടുതലായുള്ളതിനാല്‍ ശ്രദ്ധ നല്‍കണം.

മേല്‍ വിവരിച്ച പ്രതിരോധ നടപടികള്‍ വഴി  അകിടുവീക്കം വരുന്നത് കുറയ്ക്കും.  എന്നാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ചികിത്സ അത്യന്താപേക്ഷിതമാണ്.  ഇതിനായി ഡോക്ടറുടെ സേവനം അനിവാര്യമാണ്. (മണ്ണൂത്തി വെറ്ററിനറി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top