26 April Friday

നടീല്‍ അകലത്തിന്റെ ശാസ്ത്രീയത

മലപ്പട്ടം പ്രഭാകരന്‍Updated: Thursday Jan 28, 2016

വേനല്‍ക്കാല ജൈവപച്ചക്കറി കൃഷിയിറക്കുന്ന സമയമാണിത്. ശാസ്ത്രീയമായ മുറയില്‍ത്തന്നെ വേണം കൃഷിചെയ്യാന്‍. ഇതില്‍ ഒരു പ്രധാനപ്പെട്ട ഭാഗമാണ് നടുമ്പോഴുള്ള അകല ക്രമീകരണം. ഇത് പ്രത്യേകം പറയാന്‍കാരണം നാം തുടര്‍ന്നുവരുന്ന പാരമ്പര്യശീലം ഇപ്പോഴും അനുവര്‍ത്തിക്കുന്നതിനാലാണ്. കൂടുതല്‍ ചുവടുണ്ടായാല്‍ കൂടുതല്‍ കായ ലഭിക്കുമെന്ന ഒരു പൊതുതത്വമാണ് മനസ്സില്‍ തങ്ങിനില്‍ക്കുന്നത്. അടുത്തടുത്ത് ചുവടുകള്‍ വന്നാല്‍ വിളവ് കൂടുന്നതിനു പകരം കുറയുകയാണ് ചെയ്യുക എന്ന തിരിച്ചറിവുണ്ടാകണം. കാരണം അവയ്ക്കുവേണ്ട വളം, വെള്ളം, സൂര്യപ്രകാശം എന്നിവയ്ക്കെല്ലാം ആവശ്യക്കാര്‍ കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്നു എന്നതാണ് ഇവിടെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ അടുത്താല്‍ ഇവയ്ക്ക് ലഭ്യത കുറയുകയും പരസ്പര മാത്സര്യം ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് ഓരോ ഇനത്തിനും അവയുടെ വളര്‍ച്ചയുടെ വ്യാപ്തി, ആവശ്യമായ മൂലകലഭ്യത എന്നിവയെല്ലാം കണക്കിലെടുത്ത് ഇത്രയിത്ര അകലത്തില്‍ നടണമെന്ന് ശാസ്ത്രീയ പഠനത്തിലൂടെ തിട്ടപ്പെടുത്തിയിട്ടുണ്ട്. അത് ചുവടെ പറയുന്നു.

വെള്ളരിവര്‍ഗങ്ങള്‍

വെള്ളരി: രണ്ടു വരികള്‍തമ്മില്‍ രണ്ട് മീറ്റര്‍. രണ്ട് കുഴികള്‍ തമ്മില്‍ 1.5 മീറ്റര്‍. ഇങ്ങിനെവരുമ്പോള്‍ ഒരു സെന്റില്‍ 12 കുഴി എടുക്കാം. സെന്റിന് മൂന്നു ഗ്രാം വിത്ത് മതിയാകും. ഒരു കുഴിയില്‍ മൂന്നു വിത്ത് മാത്രം നടുക. അഞ്ചെണ്ണം നടുന്നവരുണ്ട്. നാലിലപ്രായത്തില്‍ ആരോഗ്യമുള്ള മൂന്നെണ്ണം നിലനിര്‍ത്തി രണ്ടെണ്ണം പിഴുതുമാറ്റാം.
കുമ്പളം, മത്തന്‍: 4.5 മീ. വരികളും, രണ്ടു മീറ്റര്‍ കുഴികള്‍ തമ്മിലുമാവാം. ഒരു സെന്റില്‍ അഞ്ച് കുഴി. 15 ചുവടുകള്‍ ഉണ്ടാവാം. നാലു ഗ്രാം വിത്ത് വേണം.

പാവല്‍: രണ്ടു മീറ്റര്‍ ഃ രണ്ടു മീറ്റര്‍ അകലംപാലിക്കുക. 10 കുഴി. 30 വിത്ത് (12–16 ഗ്രാം).
പടവലം: അകലം രണ്ട് ഃ രണ്ട് മീറ്റര്‍. 10 കുഴി. 30 വിത്ത്. 16 ഗ്രാം വിത്ത് മതിയാകും.
സാലഡ് വെള്ളരി: രണ്ട് മീ. ഃ 1.5 മീ. അകലം. 13 കുഴി. 39 വിത്ത് (2 ഗ്രാം വിത്ത്).
ചുരക്ക: മൂന്ന് ഃ മൂന്ന് മീറ്റര്‍ അകലം. സെന്റിന് 10 കുഴി. 30 വിത്ത് (14 ഗ്രാം).
പീച്ചിങ്ങ: രണ്ട് ഃ രണ്ട് മീറ്റര്‍ അകലം. 10 കുഴി. 30 വിത്ത് (6–8 ഗ്രാം).
വെണ്ട: അകലം 60 ഃ 30 സെ. മീറ്റര്‍ അകലം. 30–35 ഗ്രാം വിത്ത്. 225 ചുവട് ഒരു സെന്റില്‍ കൃഷിചെയ്യാം.

വഴുതിന വര്‍ഗങ്ങള്‍

വഴുതിന (കത്തിരി): അകലം 75 ഃ 60 സെ. മീറ്റര്‍. വിത്ത് രണ്ടു ഗ്രാം. ഒരു സെന്റില്‍ 89 ചെടി.
തക്കാളി: അകലം 60 ഃ 60 സെ. മീ. രണ്ട് ഗ്രാം വിത്ത്. ഒരു സെന്റില്‍ 111 ചെടി.
ചീര: അകലം 20 ഃ 20 സെന്റീമീറ്റര്‍. ഏഴു ഗ്രാം വിത്ത്. ഒരു സെന്റില്‍ 1000 ചുവട്.
പയര്‍: അകലം 45 ഃ 45 സെ. മീറ്റര്‍. വിത്ത് 60 ഗ്രാം. ഒരു സെന്റില്‍ 90 ചുവട്.
ഈ രീതിയില്‍ വേണം കൃഷിയിറക്കാന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top