28 March Thursday

കരിമ്പിന്റെ ബൃഹദാരണക്യം

സതീഷ്ഗോപിUpdated: Tuesday Jun 27, 2017

മുറ്റത്തിനരുകില്‍ അരമുള്ള ഇലകളാല്‍ കാറ്റിനെ മുറിവേല്‍പ്പിച്ചും, പാടങ്ങളില്‍ പച്ചയലയിളക്കിയും മുറ്റിത്തഴച്ച കരിമ്പുകളുടെ സാന്നിധ്യം ഇന്ന് സിനിമാപ്പാട്ടില്‍ മാത്രം. ചെറുപ്പത്തില്‍ കരിമ്പുതുണ്ടുകള്‍ കടിച്ചീമ്പിയതും ഓര്‍മയിലെ നഷ്ടമാധുര്യമായി. നീളന്‍തണ്ടുള്ളതും പുല്ലുപോലെ വളരുന്നതും അടക്കം 3370 അംഗങ്ങളാണ് കരിമ്പുകുടുംബത്തിലെന്നത് എത്ര പേര്‍ക്ക് അറിയാം. കണ്ണൂര്‍ ജില്ലയിലെ തളാപ്പില്‍ ലോകത്തിലെ മുഴുവന്‍ കരിമ്പ് ഇനങ്ങളെയും സംരക്ഷിക്കുന്ന ഒരു ഗവേഷണകേന്ദ്രമുണ്ട്. കരിമ്പിന്റെ ജനിതകബാങ്ക്. കരിമ്പുചെടിയെ നട്ടുനനച്ചില്ലെങ്കിലും മലയാളിക്ക് അഭിമാനിക്കാം. ലോകോത്തരമായ ഈ ഗവേഷണകേന്ദ്രത്തിന്റെ പേരില്‍.

വേരുപിടിത്തം

1961 ലാണ് തളാപ്പില്‍ കരിമ്പ് ഗവേഷണകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. തളിപ്പറമ്പിലെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമായിരുന്നു ഇത്.  വെസ്റ്റ് കോസ്റ്റ് റീജ്യണല്‍ സെന്റര്‍ ഓഫ് ഷുഗര്‍ കെയ്ന്‍ ബ്രീഡിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നായിരുന്നു അന്ന് സ്ഥാപനത്തിന്റെ പേര്. തളാപ്പില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് കരിമ്പ് ഗവേഷണ കേന്ദ്രം എന്നാക്കി മാറ്റിയത്.  ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ കീഴില്‍ കോയമ്പത്തൂരിലെ ഷുഗര്‍കെയ്ന്‍ ബ്രീഡിങ് ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് സെന്ററിന്റെ ഉപകേന്ദ്രമാണ് തളാപ്പിലെ കരിമ്പ് ഗവേഷണ കേന്ദ്രം.



ഇതിന്റെ മറ്റ് രണ്ട് ഉപകേന്ദ്രങ്ങളിലൊന്ന് പാലക്കാട് ജില്ലയിലെ അഗളിയിലും വേറൊന്ന് ഹരിയാനയിലെ കര്‍ണാലിലുമാണ്. 1926ലാണ് കോയമ്പത്തൂരില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. തുടക്കത്തില്‍ 2500 ഇനം കരിമ്പിനങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കോയമ്പത്തൂരിലെ ആസ്ഥാനത്ത് നിന്നാണ് ഇവ കൊണ്ടുവന്നത്. പിന്നീട് പലഘട്ടത്തിലായാണ് 3370 കരിമ്പിനങ്ങള്‍ ശേഖരിച്ച് ലോകത്തിലെ ഏറ്റവും വലിയ കരിമ്പ് ജനിതക ബാങ്കായി മാറിയത്. അമേരിക്കയിലെ ഫ്ളോറിഡയിലെ മിയാമിയിലാണ് മറ്റൊരു വലിയ കരിമ്പ് ജനിതക ശേഖരമുള്ളത്. എന്നാല്‍ ഇത് തളാപ്പിലെ അത്രയും ബൃഹത്തല്ല. മറ്റ് രാജ്യങ്ങളിലെ ഗവേഷണ കേന്ദ്രങ്ങളിലില്ലാത്ത 1806 ഇനങ്ങള്‍ തളാപ്പിലുണ്ട്. പുല്ലും മുളയും ഉള്‍പ്പെടുന്ന സസ്യവര്‍ഗത്തിലാണ് അംഗത്വം.

മൊത്തമുള്ള 20 ഏക്കറില്‍ 15 ഏക്കറിലാണ് കരിമ്പിനങ്ങള്‍ കൃഷി ചെയ്ത് സംരക്ഷിക്കുന്നത്. കാലാവസ്ഥയ്ക്ക് ഇണങ്ങാത്ത ചിലത് ലബോറട്ടറിയില്‍ സംരക്ഷിക്കുന്നു. രോഗപ്രതിരോധ ശേഷിയും ഉല്പാദന ശേഷിയും പഞ്ചസാര അളവും കൂടിയ സങ്കരയിനം കരിമ്പ് ചെടിക്കുള്ള ഗവേഷണത്തിനായാണ് ഇവിടെ കരിമ്പിന്‍തണ്ട് ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്തെ മുഴുവന്‍ കരിമ്പിനങ്ങളും സംരക്ഷിക്കുകയും പുതിയ സങ്കരയിനം കരിമ്പ് ചെടി ഉണ്ടാക്കാനാവശ്യമായ കരിമ്പ് തണ്ടുകള്‍ നല്‍കലുമാണ് കേന്ദ്രത്തിന്റെ മുഖ്യപ്രവര്‍ത്തനം.

കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ തളാപ്പ് തിരഞ്ഞെടുത്തത് രണ്ട് പ്രത്യേകത കൊണ്ടാണ്.മണ്ണായിരുന്നു ഏറ്റവും അനുയോജ്യം. അടുത്തെങ്ങും കരിമ്പ് കൃഷിയില്ലാത്തതിനാല്‍ കരിമ്പിന് രോഗപ്പടര്‍ച്ചയ്ക്ക് വലിയ സാധ്യതയില്ലെന്നതാണ് മറ്റൊന്ന്. റെഡ് ഹോട്ട്, ഷുഗര്‍ കെയ്ന്‍ മൊസെയ്ക് എന്നിവയാണ് കരിമ്പിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. എന്നാല്‍ ഈ രോഗങ്ങളില്‍ നിന്നെല്ലാം  സുരക്ഷിതമാണ് ഇവിടം. പുറത്ത് നിന്ന് കൊണ്ടു വരുന്ന കരിമ്പിനങ്ങള്‍ രോഗമുക്തമാണോയെന്ന് കോയമ്പത്തൂരില്‍ പരിശോധന നടത്തും. അടുത്ത ഒരു വര്‍ഷം നീരീക്ഷിക്കുകയും ചെയ്യും. എന്നിട്ടേ ഇവിടെ കൊണ്ടു വന്ന് നടാറുളളു. അതിനാല്‍ കാത്യമായ രോഗബാധയില്ല.|

പരിപാലനം ശ്രമകരം

മറ്റ് കൃഷികേന്ദ്രങ്ങളില്‍ പിന്തുടരുന്ന ലാഘവബുദ്ധിയോടെയുള്ള പരിപാലനരീതിയല്ല തളാപ്പിലെ എന്നതാണ് ഏറെ ശ്രദ്ധേയം. തൊഴിലാളി മുതല്‍ ശാസ്ത്രജ്ഞര്‍ വരെ ആര്‍ക്കെങ്കിലും ചെറിയ ഒരു പാളിച്ചയോ പാകപ്പിഴയോ സംഭവിച്ചാല്‍ ഇല്ലാതാകുന്നത് ലോകത്തിലെ അമൂല്യമായ ഒരിനമാകും നഷ്ടപ്പെടുന്നത്. ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ മാത്രമാണ് സങ്കരയിനം കരിമ്പ് ഉണ്ടാക്കാനാവൂ. അഗളിയിലും കോയമ്പത്തൂരിലും ഈ കാലാവസ്ഥയായതിനാല്‍ സങ്കരയിനം ഉണ്ടാക്കുന്നത് അവിടെയാണ്. കണ്ണൂരില്‍ നിന്ന് സങ്കരയിനം കരിമ്പ് തണ്ട് കൊണ്ടുപോകും. സങ്കരയിനത്തിന്റെ വിത്ത് ഉണ്ടാക്കി അത് മുളപ്പിച്ചുണ്ടാകുന്ന കരിമ്പ് ചെടിയുടെ തണ്ടാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഗവേഷണകേന്ദ്രത്തില്‍ ഒരു വര്‍ഷം കൃഷി ചെയ്ത സ്ഥലം തരിശിട്ട് മറ്റൊരു ‘ഭാഗത്താണ് പിന്നീട് കൃഷി. ആദ്യം സണ്‍ഹമ്പ് എന്ന ചെടി നടും. പച്ചില വളമായി ഉപയോഗിക്കുന്ന ഈ ചെടി 45 ദിവസം കഴിയുമ്പോള്‍  മണ്ണിനോടൊപ്പം ഉഴുത് മറിച്ച് നിക്ഷേപിക്കും. മൂന്ന് ശാസ്ത്രജ്ഞര്‍, മൂന്ന് ടെക്നിക്കല്‍ അസിസ്റ്റന്റ്, ഒരു അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥനും ആണ് സ്ഥിരം ജീവനക്കാര്‍. കരിമ്പ് കൃഷി പരിപാലനത്തിനും മറ്റുമായി വേറെയും ജീവനക്കാരുണ്ട്. ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് കണ്ണൂര്‍ തളാപ്പിലെ താഴ്ന്ന ഭൂമിയിലാണ്. മഴക്കാലത്തെ കനത്ത വെള്ളക്കെട്ടാണ് പ്രധാന ഭീഷണി. അത്യദ്ധ്വാനം ചെയ്താണ് കരിമ്പിനങ്ങളെ സംരക്ഷിക്കുന്നത്.

തമിഴ്നാടും കര്‍ണാടകവുമാണ് കരിമ്പ് കൃഷിയില്‍ കൂടുതല്‍ തല്‍പ്പരരെന്ന് ഡോ. കെ ചന്ദ്രന്‍ പറഞ്ഞു. കടലാസ് നിര്‍മ്മാണത്തിനാവശ്യമായ ഗവേഷണത്തിനാണ് ഇത്. കൂടുതല്‍ നാരുണ്ടെന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത. പുനലൂരും ചിറ്റൂരുമുള്ള ഷുഗര്‍മില്ലുകള്‍ക്ക് താഴുവീണതോടെ കേരളത്തില്‍ കരിമ്പിന്റെ വ്യാവസായികപ്രധാന്യം അവസാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top