26 April Friday

ചൂടേറുന്നു ; കറവമാടുകളെ സംരക്ഷിക്കാം

ഡോ. എം ഗംഗാധരൻ നായർUpdated: Sunday Feb 27, 2022


വേനൽച്ചൂട് കടുക്കുകയാണ്‌. ഇത്‌ മനുഷ്യരെ  മാത്രമല്ല  മൃഗങ്ങളെയും സാരമായി ബാധിക്കും. അന്തരീക്ഷ ചൂട്‌ കൂടുന്നതിനനുസരിച്ച് ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയർപ്പും കൂടും. വേനൽക്കാലത്ത്  തീറ്റയുടെ അളവിൽ കുറവ്  വരുമ്പോൾ  പാലുൽപ്പാദനത്തെയും  സാരമായി ബാധിക്കുന്നതോടൊപ്പം  പാലിലെ ഘടകങ്ങളായ കൊഴുപ്പ്, സോളിഡ്സ് -നോട്ട്‌- ഫാറ്റ് (എസ്എൻഎഫ് ) ലാക്റ്റോസ് എന്നിവയിലും കുറവു വരുന്നു.

ചൂട്‌ കൂടുമ്പോൾ ശരീര താപനില  ഉയരുകയും  കോശങ്ങളിലെ  ജലം  ഉപയോഗപ്പെടുത്തി  ശരീരം  ജീവൻ  നിലനിർത്തുകയും ചെയ്യുമ്പോൾ  നിർജലീകരണം ( ഡീ ഹൈഡ്രേഷൻ) സംഭവിക്കും. അത്‌  രോഗാവസ്ഥയിലേക്ക്  എത്തും.

ലക്ഷണങ്ങൾ
വരണ്ട  തൊലി, കുഴിഞ്ഞ  കണ്ണുകൾ, മൂക്ക്, മോണ, കൺപോള,  എന്നിവ വരളുക, ചുണ്ടുകൾ  നക്കുക, മറ്റുള്ളവയെ  ചവിട്ടുകയും  കുത്തുകയും ചെയ്യുക, തീറ്റ  കുറയുക, ഭാരക്കുറവ്, ശരീരം  ശോഷിക്കുക, മൂത്രത്തിന്റെ അളവ്  കുറയുക, ചലനമറ്റ്  കിടക്കുക എന്നിവയാണ്  പ്രകടമായ  ലക്ഷണങ്ങൾ.

നിർജലീകരണ ശതമാനം
ശരീരത്തിൽ  നിന്ന് നഷ്‌ടപ്പെട്ട ജലം  ഉടൻ തന്നെ  നിശ്ചിത  അളവിൽ   തിരികെ  നൽകുക  എന്നതാണ്  പ്രാഥമിക  ചികിത്സ. ഇതിന്  നിർജലീകരണ  ശതമാനം  അറിയണം. രണ്ടു ശതമാനം  സാധാരണവും  14 ശതമാനവും  മുകളിലും  മാരകവുമാണ്.  എട്ടുശതമാനം  മുതൽ  സിരകളിൽക്കൂടി  ഇലക്ട്രോളിറ്റ്  ലായനികൾ  നിർബന്ധമായും  കുത്തിവയ്‌ക്കണം. ശരീരത്തിലെ  തൊലി ( പ്രത്യേകിച്ച് കഴുത്തിലേത് )  രണ്ട് വിരലുകൊണ്ട്   നുള്ളി വലിച്ച്  സാവധാനത്തിൽ  വിടണം.  തൊലിയുടെ  ചുരുൾ  നിവരുന്ന  സമയം  സെക്കൻഡിൽ രേഖപ്പെടുത്തണം.

ചുരുൾ  നിവരാൻ  എട്ട്‌ സെക്കന്റ്‌  എടുത്താൽ 10–-14 ശതമാനം  നിർജലീകരണം.
6 സെക്കന്റ്‌    8-–-10 ശതമാനം.
4 സെക്കന്റ്‌    6–--8  ശതമാനം.
2 സെക്കന്റ്‌    4-–-6 ശതമാനം നിർജലീകരണം.

ശരീര ഭാരത്തെ ഈ  ശതമാനം  കൊണ്ട് ഗുണിച്ച്  100 കൊണ്ട്  ഹരിച്ചാൽ  എത്ര  ലിറ്റർ വെള്ളം ഉടൻ  നൽകേണ്ടതെന്നറിയാം. ഉദാഹരണത്തിന്, 100 കിലോഗ്രാം  ഭാരമുള്ള  ഒരു മൃഗത്തിന്  എട്ട്‌ശതമാനം നിർജലീകരണം  ഉണ്ടെങ്കിൽ  അതിന്  ഉടൻ  എട്ട്‌ ലിറ്റർ വെള്ളം നൽകണം. ( 100x8 =800. 800/100=8 ലിറ്റർ.)

ജീവൻ  നിലനിർത്താനുള്ള  വെള്ളവും  ഇത്‌ കൂടാതെ  നൽകണം.  മൊത്തം 12 ലിറ്റർ വെള്ളം ഒരു ദിവസം  കൊടുക്കണം. 4-5 തവണകളായി  ഇത്‌ നൽകാം.  കുടിപ്പിക്കാൻ പ്രയാസമാണെങ്കിൽ  ഒരു വെറ്ററിനറി  ഡോക്ടറുടെ  സഹായത്തോടെ  "സ്‌റ്റൊമക് ട്യൂബ്’ വഴി  നേരിട്ട് ആമാശയത്തിലേക്ക്  വെള്ളം എത്തിക്കാം.

പ്രതിരോധ മാർഗങ്ങൾ
വേനൽക്കാല ഭക്ഷണത്തിൽ മാംസ്യത്തിന്റെയും ഊർജദായകമായ കൊഴുപ്പിന്റെയും അളവു കൂട്ടുകയും നാരിന്റെ അംശം കുറയ്‌ക്കുകയും ചെയ്യണം. ഇതിനായി പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം. ഖരാഹാരം നൽകുന്നത് രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. പച്ചപ്പുല്ല് ലഭ്യമല്ലെങ്കിൽ പച്ച ഇലകൾ, ഈർക്കിൽ കളഞ്ഞ പച്ച ഓല തുടങ്ങിയവയും നൽകാം. അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങൾക്ക് ബൈപാസ് പ്രോട്ടീനുകളും ബൈപാസ് ഫാറ്റുകളും നൽകാം. 100 ഗ്രാം ധാതുലവണങ്ങളും 50 ഗ്രാം ഉപ്പും 25 ഗ്രാം അപ്പക്കാരവും വൈറ്റമിൻ  എ, ഡി, ഇ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.

പോഷകാഹാരക്കുറവ് പശുക്കൾക്ക് വേനൽക്കാല വന്ധ്യതയ്‌ക്ക് കാരണമാകുന്നു. കൃത്രിമ ബീജാധാനത്തിന്റെ സമയത്തെ ശരീരോഷ്മാവ് ഗർഭധാരണത്തിന് വളരെ നിർണായകമാണ്. ബീജാധാനത്തിന് ഒന്ന് രണ്ടാഴ്ചകളിലും, ഗർഭകാലത്തിന്റെ അവസാനത്തെ രണ്ടുമൂന്നു മാസങ്ങളിലും അത്യുഷ്ണം മൂലമുള്ള  സമ്മർദം  കുറക്കുന്നതിന് ശ്രദ്ധിക്കണം.

പേൻ, ചെള്ള്, ഈച്ച എന്നിവ പെരുകുന്നതിനാൽ ഇവ പരത്തുന്ന ബബീസിയോസിസ്, അനാപ്ലാസ്മോസിസ്, തൈലേറിയാസിസ് എന്നിവയും ബാക്ടീരിയ മൂലമുണ്ടാകുന്ന അകിടുവീക്കവും കൂടുതലായി കാണപ്പെടും. വേണ്ടത്ര ശ്രദ്ധയും പരിചരണവും മാത്രമാണ് ഇതൊഴിവാക്കാനുള്ള വഴി. പ്രതിരോധ കുത്തിവയ്‌പ്പുകൾ ചൂടുകുറവുള്ള രാവിലെയോ വൈകിട്ടോ നൽകണം.

തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ചാക്ക്, വൈക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത്  ചൂടുകുറയ്ക്കാൻ സഹായിക്കും. തൊഴുത്തിനു ചുറ്റും തണൽ മരങ്ങൾ വച്ചു പിടിപ്പിക്കണം. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുന്നതും നല്ലതാണ്‌.

പകൽ സമയത്ത് അന്തരീക്ഷ താപനില കൂടുതലുള്ളതിനാൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ അവയെ വെയിലത്ത് കെട്ടിയിടരുത്. ശുദ്ധജലം ധാരാളം കൊടുക്കണം. വേനൽക്കാലത്ത് പശുക്കൾക്ക് ആവശ്യമായ വെള്ളത്തിന്റെ അളവിൽ ഒന്നു മുതൽ രണ്ട് മടങ്ങു വരെ വർധന വരുന്നതായി കണക്കാക്കിയിട്ടുണ്ട്‌.

എരുമകൾക്ക് കട്ടിയേറിയ പുറംതൊലി, കറുപ്പു നിറം, വിയർപ്പു ഗ്രന്ഥികളുടെ കുറവ് എന്നീ പ്രത്യേകതകളുള്ളതിനാൽ ചൂടുമൂലമുള്ള സ്ട്രെസ്സ് കുറയ്ക്കുന്നതിന് വെള്ളത്തിൽ കുറേനേരം കിടക്കുന്നതോ, വെള്ളം  ദേഹത്തൊഴിക്കുന്നതോ നല്ലതാണ്‌. നിർജലീകരണം  തടയുന്നതിനുള്ള  ലവണ  മിശ്രിതവും  ലായനികളും   മരുന്ന് ഷോപ്പുകളിൽ ലഭ്യമാണ്. ഇവ  തീറ്റയിലോ  വെള്ളത്തിലോ കലർത്തി  നൽകാം.

(മൃഗസംരക്ഷണവകുപ്പ്‌ മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top